Asianet News MalayalamAsianet News Malayalam

ജിജിമോനെ ഇടിച്ചുവീഴ്ത്തിയയാളെ പിടികൂടി, വാഹനമോടിച്ചത് മദ്യപിച്ചെന്ന് പൊലീസ് 

ഇയാള്‍ നഗരത്തിലെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതിനെ തുടര്‍ന്ന് ഇക്കാര്യം പൊലീസ് വിശദമായി അന്വേഷിച്ചു.

Drunk man arrested for Man dies in accident
Author
First Published Jan 25, 2023, 5:04 PM IST

കല്‍പ്പറ്റ: നഗരത്തില്‍ കഴിഞ്ഞദിവസം കാല്‍നടയാത്രികന്‍ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ അപകടമുണ്ടാക്കിയയാളെ കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് സ്‌കൂട്ടര്‍ ഓടിട്ട പാലക്കാട് സ്വദേശി അജീഷിനെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച അര്‍ധരാത്രിയിൽ കല്‍പ്പറ്റ ബൈപ്പാസ് റോഡിലെ ജനമൈത്രി ജംങ്ഷന് സമീപമായിരുന്നു അപകടം. കല്‍പ്പറ്റ ഓണിവയല്‍ പുഷ്പിത വീട്ടില്‍ ജിജിമോന്‍ (പാപ്പന്‍-43) ആണ് അപകടത്തില്‍ മരിച്ചത്. ജിജിമോനെ ഇടിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മറിയുകയും അജീഷിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇയാള്‍ നഗരത്തിലെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതിനെ തുടര്‍ന്ന് ഇക്കാര്യം പൊലീസ് വിശദമായി അന്വേഷിച്ചു. അജീഷ് മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ലൈസന്‍സ് റദ്ദുചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. സുന്ദരന്റെയും പരേതയായ പുഷ്പയുടെയും മകനാണ് മരിച്ച ജിജിമോന്‍. മീനയാണ് ഭാര്യ. മക്കള്‍: ജിതിന്‍ കൃഷ്ണ, ദേവിക.

നഗരത്തില്‍ പലയിടത്തും തെരുവ് വിളക്കുകള്‍ ഇല്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് ആരോപണം. ബൈപ്പാസ് റോഡില്‍ തെരുവുവിളക്കുകള്‍ ഇല്ലാത്തത് കൂടി അപകടകാരണമായിട്ടുണ്ടാകാം എന്നാണ് നിഗമനം. ദേശീയപാത കടന്നുപോകുന്ന നഗരമധ്യത്തില്‍ നിലാവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിറയെ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബൈപ്പാസില്‍ ആവശ്യത്തിന് ലൈറ്റ് ഇല്ലെന്നാണ് ആരോപണം. ബൈപ്പാസിന് അരികില്‍ പലയിടത്തായി കാട് വളര്‍ന്നു നില്‍ക്കുന്നത് കാരണം സന്ധ്യമയങ്ങിയാല്‍ ഇതുവഴി പോകാന്‍ ജനങ്ങള്‍ക്ക് പേടിയാണ്. മുമ്പ് പുലിയടക്കമുള്ള വന്യമൃഗങ്ങളെയും ബൈപാസ് പരിസരത്തെ കാടുകളില്‍ കണ്ടെത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios