ബാംഗ്ലൂരിൽ നടന്ന വാഹനാപകടത്തിൽ ഹരിപ്പാട് കുമാരപുരം സ്വദേശിയായ മംഗളൻ (29) എന്ന യുവാവ് മരിച്ചു. ഒരാഴ്ച മുൻപ് മാത്രം ജോലി തേടി ബാംഗ്ലൂരിലെത്തിയ മംഗളൻ, സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്.
ഹരിപ്പാട്: ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കുമാരപുരം തയ്യിൽ പടീറ്റതിൽ മംഗളൻ സി (29) ആണ് മരിച്ചത്. ബാംഗ്ലൂരിലെ ഹോസ്കേര ഹള്ളിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം സംഭവിച്ചത്. ഭക്ഷണം കഴിച്ചശേഷം സുഹൃത്തിനൊപ്പം ബൈക്കിൽ താമസസ്ഥലത്തേക്ക് മടങ്ങുമ്പോൾ വാഹനത്തിന്റെ നിയന്ത്രണം തെറ്റി മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കൂടെയുണ്ടായിരുന്ന കുമാരപുരം കൊപ്പാറ കിഴക്കതിൽ വിഷ്ണുവിന് (29) പരിക്കേറ്റു. ഇദ്ദേഹം നിലവിൽ ചികിത്സയിലുമാണ്. താമല്ലാക്കൽ ഫ്രണ്ട്സ് വെജിറ്റബിൾ കടയിലെ ജീവനക്കാരനായിരുന്ന മംഗളൻ ഒരാഴ്ച മുൻപാണ് ബാംഗ്ലൂരിലേക്ക് പോയത്. പുതിയൊരു ജീവിതം സ്വപ്നം കണ്ട് നാടുവിട്ട യുവാവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. പോസ്റ്റുമോർട്ടത്തിനുശേഷം നാട്ടിലെത്തിക്കുന്ന മൃതദേഹം നാളെ സംസ്കരിക്കും. പരേതനായ ചന്ദ്രനാണ് പിതാവ്. മാതാവ്: അനിത. സഹോദരി: കൽപ്പന.


