ഇംഗ്ലണ്ടിൽ പഠിക്കാൻ പോയ മകളെക്കുറിച്ച് രണ്ട് വർഷമായി വിവരമില്ലെന്ന മാതാപിതാക്കളുടെ ഹർജിയിൽ ഹൈക്കോടതിയുടെ ഇടപെടൽ. യുവതിയുടെ നിലവിലെ സ്ഥിതി അന്വേഷിച്ച് വിവരം അറിയിക്കാൻ ഇന്ത്യൻ ഹൈക്കമ്മീഷനോട് കോടതിയുടെ നിർദേശം.

കൊച്ചി: ഇംഗ്ലണ്ടിൽ പഠനത്തിനായി പോയ മകളെക്കുറിച്ച് രണ്ടുവർഷത്തിലേറെയായി വിവരമില്ലെന്ന മാതാപിതാക്കളുടെ ഹർജിയിൽ ഹൈക്കോടതിയുടെ ഇടപെടൽ. യുവതിയുടെ നിലവിലെ സ്ഥിതി അന്വേഷിച്ച് വിവരം അറിയിക്കാൻ ഇന്ത്യൻ ഹൈക്കമ്മീഷനോട് കോടതി നിർദേശിച്ചു. കോഴിക്കോട് സ്വദേശികളായ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

മകൾ ഇംഗ്ലണ്ടിൽ മറ്റൊരാളോടൊപ്പം കഴിയുകയാണെന്നും അവൾ സുരക്ഷിതയാണോ, എവിടെയാണ് താമസിക്കുന്നത്, സ്വന്തം ഇഷ്ടപ്രകാരമാണോ അവിടെ കഴിയുന്നത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വേണമെന്നും ആവശ്യപ്പെട്ടാണ് മാതാപിതാക്കൾ കോടതിയെ സമീപിച്ചത്.

2024 ജനുവരി എട്ടിനാണ് യുവതി എംബിഎ പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയത്. ഹർഷ്ദീപ് സിങ് എന്നയാൾ മകളെ നിയമവിരുദ്ധമായി തടഞ്ഞു വെച്ചിരിക്കുകയാണെന്നാണ് ഹർജിക്കാരുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് മാതാപിതാക്കൾ ഇന്ത്യൻ ഹൈക്കമ്മീഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ, യുവതിയും ഹർഷ്ദീപ് സിങ്ങും സന്തോഷത്തോടെ ഒരുമിച്ച് താമസിക്കുകയാണെന്ന മറുപടിയാണ് ഇയാൾ നൽകിയതെന്ന് ഹർജിയിൽ പറയുന്നു.