പത്തനംതിട്ടയിൽ പ്രളയ ദുരിതാശ്വാസത്തിൽ പങ്കെടുത്ത വാഹനത്തിന് പിഴ ഇട്ടെന്ന പേരിൽ ആയിരുന്നു നടപടി. അനധികൃത ലൈറ്റുകൾക്ക് പിഴ ഈടാക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
കൊച്ചി:എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ സംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ഓഫ് റോഡ് വാഹനത്തിൽ അനധികൃതമായി ഘടിപ്പിച്ച ലൈറ്റുകൾക്ക് പിഴ ചുമത്തിയ ഉദ്യോഗസ്ഥരെ ഗതാഗത വകുപ്പ് സസ്പെൻഡ് ചെയ്യുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തിരുന്നു. പത്തനംതിട്ടയിൽ പ്രളയ ദുരിതാശ്വാസത്തിൽ പങ്കെടുത്ത വാഹനത്തിന് പിഴ ഇട്ടെന്ന പേരിൽ ആയിരുന്നു നടപടി. അനധികൃത ലൈറ്റുകൾക്ക് പിഴ ഈടാക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത കാര്യം വിശദീകരിക്കാനാണ് നിർദ്ദേശം. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത ഉൾപ്പെടുത്തിയാണ് സ്വമേധയാ എടുത്ത കേസിൽ കോടതി ഉത്തരവ്. കേസ് മറ്റന്നാൾ പരിഗണിക്കും. അനധികൃത ലൈറ്റുകൾ ഉൾപ്പെടെയുള്ള മോഡിഫിക്കേഷൻ കളിൽ കേന്ദ്രസർക്കാരിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.
സംസ്ഥാന വ്യാപക പ്രതിഷേധം ശക്തമായതോടെയാണ് അടൂർ എംവിഡി സ്ക്വാഡ് ഉദ്യോഗസ്ഥരായ ലൈജു, ഷമീർ എന്നിവരുടെ സസ്പെൻഷൻ പിൻവലിച്ചത്. നടപടി സ്ഥലമാറ്റത്തിൽ ഒതുക്കി. കഴക്കൂട്ടം, മാവേലിക്കര ആർ ടി ഓഫീസുകളിലേക്കാണ് ഇരുവരെയും മാറ്റിയത്. വകുപ്പുതല അന്വേഷണം തുടരും. ഓഗസ്റ്റ് 5-ാം തീയതി അടൂരിൽ വെച്ചാണ് പത്തനംതിട്ട മെഴുവേലി സ്വദേശിയുടെ ഓഫ് റോഡ് വാഹനത്തിന് എംവിഡി ഉദ്യോഗസ്ഥർ പിഴ ചുമത്തിയത്. അനധികൃത ലൈറ്റുകൾ സ്ഥാപിച്ചുവെന്ന് കാട്ടിയായിരുന്നു നടപടി. എന്നാൽ ആറന്മുളയിൽ പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് പോയതാണെന്നും അങ്ങനെ വാഹനത്തിന് കേടുപാട് പറ്റിയെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥർ പിഴ ചുമത്തിയെന്നാണ് വാഹന ഉടമയുടെ പരാതി.
ആറന്മുള എംഎൽഎ ഉൾപ്പെടെ ശക്തമായി ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു അനൗചിത്യ നടപടിയെന്ന കാരണത്തിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ ഗതാഗത വകുപ്പ് യുടേൺ അടിച്ചു. കൊല്ലം ആർടിഒയുടെ റിപ്പോർട്ടിനെ തുടർന്ന് കൊട്ടാരക്കര ടിപ്പർ അപകടത്തിൽ സുദിൻ ഗോപി, ശരത് എസ് കുമാർ എന്നീ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ആ നടപടിയും സ്ഥലമാറ്റമായി ഇളവ് ചെയ്തു.


