ബംഗാള്‍ സ്വദേശിയായ സന്ദീപിനാണ് മര്‍ദനമേറ്റത്

കോഴിക്കോട്: ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ എത്തി ജോലിക്കാരനായ പശ്ചിമ ബംഗാള്‍ സ്വദേശിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. കോഴിക്കോട് കൂടരഞ്ഞിയില്‍ പ്രവര്‍ത്തിക്കുന്ന വിജയ് ഹോട്ടലിലെ തൊഴിലാളിയായിരുന്ന നേപ്പാള്‍ സ്വദേശി കമല്‍ ആണ് ആക്രമണം നടത്തിയത്. ബംഗാള്‍ സ്വദേശിയായ സന്ദീപിനാണ് മര്‍ദനമേറ്റത്.

ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം. ഹോട്ടലില്‍ എത്തിയ കമല്‍ സന്ദീപിനെ പുറത്തേക്ക് വിളിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ കടയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. നാല് ദിവസം മാത്രമാണ് കമലിനെ ഹോട്ടലില്‍ ജോലിക്ക് നിര്‍ത്തിയതെന്ന് ഉടമ പറഞ്ഞു. ഇയാള്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ബോധ്യമായതിനെ തുടര്‍ന്ന് പറഞ്ഞുവിടുകയായിരുന്നു. 

ഈ വൈരാഗ്യം മൂലമാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലയ്ക്കും മുഖത്തും പരിക്കേറ്റ സന്ദീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ആക്രമണം സംബന്ധിച്ച് തിരുവമ്പാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിൽ നേപ്പാള്‍ സ്വദേശി കമലിനെതിരെ പൊലീസ് കേസെടുത്തു. കമലിനായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.