പെരുമ്പാവൂർ വെങ്ങോലയിൽ വീട് കുത്തിത്തുറന്ന് വാച്ച് മോഷ്ടിച്ച കേസിൽ മൂന്ന് തമിഴ്നാട് സ്വദേശികൾക്ക് പെരുമ്പാവൂർ കോടതി ആറ് മാസം തടവും പിഴയും വിധിച്ചു. പഴയ വാച്ചായതിനാൽ ഉടമ പരാതി നൽകാതിരുന്ന കേസ്, മറ്റൊരു മോഷണക്കേസിൽ പ്രതി പിടിയിലായതോടെയാണ് പുറത്തുവന്നത്.
കൊച്ചി: പെരുമ്പാവൂർ വെങ്ങോലയിൽ വീട് കുത്തി തുറന്ന് വാച്ച് മോഷ്ടിച്ച കേസിൽ മൂന്ന് തമിഴ്നാട് സ്വദേശികൾക്ക് ആറ് മാസം വീതം തടവും പിഴയും വിധിച്ചു. കൃഷ്ണൻ (51), രാജേന്ദ്രൻ (67), സന്തോഷ് പാണ്ഡ്യൻ (39) എന്നിവരെയാണ് പെരുമ്പാവൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജി നിമിഷ അരുൺ ശിക്ഷിച്ചത്.
2017 മാർച്ച് ആറിന് പുലർച്ചെ 2.30ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പഴയ വാച്ചായതിനാൽ ഉടമ ആദ്യം പരാതി നൽകിയിരുന്നില്ല. ഒന്നാം പ്രതിയായ കൃഷ്ണനെ മറ്റൊരു കേസിൽ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് വെങ്ങോലയിലെ മോഷണ വിവരം പുറത്ത് വന്നത്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് രണ്ട് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.
പട്ടാപ്പകൽ വാഹന മോഷണം
ബൈക്ക് നിർത്തിയിട്ട് കടയ്ക്കുള്ളിലേക്ക് കയറി ഒരുമിനിറ്റ്. റോഡരികിൽ നിന്ന് ബൈക്ക് മോഷണം പോയി. കലഞ്ഞൂരിലാണ് പട്ടാപകൽ മോഷണം നടന്നത്. കലഞ്ഞൂർ മഹാദേവ ക്ഷേത്രത്തിന് അടുത്തുള്ള നിറക്കൂട്ട് ഗ്രാഫിക്സിലെ ശ്രീകുമാറിന്റെ KL 25 E 2194 ഹീറോ ഗ്ലാമർ ബൈക്കാണ് ശനിയാഴ്ച ഉച്ചക്ക് 12.30ക്ക് മോഷണം പോയത്. ഉടമസ്ഥൻ ബൈക്ക് റോഡരികിൽ നിർത്തി കടയ്ക്കുള്ളിൽ പോയപ്പോഴാണ് മോഷണം നടന്നത്. റോഡ് സൈഡിൽ നിന്നിരുന്ന യുവാവാണ് വളരെ വിദഗ്ധമായി ബൈക്ക് മോഷ്ടിച്ചത്. ഉടമ കടയ്ക്കുള്ളിൽ കയറിയതിന് പിന്നാലെ ചെക്ക് ഷർട്ടും ജീൻസും ധരിച്ച യുവാവ് ബൈക്കിന് സമീപത്ത് എത്തി. ആദ്യം പരിസരമൊന്ന് നോക്കി, പിന്നാലെ ബൈക്കിന് സൈഡിലെത്തി സീറ്റിലൊന്ന് ചാരിയിരുന്നു. ഒട്ടും വൈകാതെ ബൈക്കിലേക്ക് കയറിയിരുന്ന് ബൈക്ക് ഓടിച്ചുകൊണ്ട് പോവുകയായിരുന്നു. ഉടമസ്ഥൻ ബൈക്കിന്റെ ചാവി എടുക്കാൻ മറന്ന് പോയതാണ് സെക്കന്റുകൾക്കുള്ളിലെ മോഷണത്തിന് കാരണമായത്. മിന്നൽ വേഗത്തിലുള്ള മോഷണത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ കടയിലെ സിസിടിവിയിൽ പതിയുകയായിരുന്നു.


