കോടതിയിലെത്തിച്ച പ്രതി ഇടയ്ക്കിടെ ബാത്‌റൂമിൽ, കൂടെപ്പോയ പൊലീസുകാര്‍ക്ക് സംശയം; എക്‌സറെ എടുത്തപ്പോൾ കണ്ടത്...
കോടതി വളപ്പിലെ ശുചിമുറിയിൽ ഇടയ്ക്കിടെ പ്രതിയുടെ സന്ദർശനം. കൂടെപ്പോയ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി.
കണ്ണൂര്‍ : കോടതിയിൽ ഹാജരാക്കാൻ എത്തിച്ച റിമാൻഡ് പ്രതി ഇടയ്ക്കിടെ ബാത്‌റൂമിൽ. സംശയം തോന്നി പൊലീസ് ഉദ്യോഗസ്ഥർ എക്‌സറെ എടുത്ത് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് രഹസ്യ ഭാഗത്ത് ഒളിപ്പിച്ച ബീഡിയും കഞ്ചാവും.
കഞ്ചാവ് കേസിൽ പിടിയിലായ മഞ്ചേരി സ്വദേശി കാരാട്ട് നൗഷാദ് കണ്ണൂർ സെൻട്രൽ ജയിലിലെ റിമാൻഡ് പ്രതിയാണ്. കഴിഞ്ഞ ദിവസം നൗഷാദിനെ കാസർഗോഡ് കോടതിയിൽ ഹാജരാക്കി. കോടതി വളപ്പിലെ ശുചിമുറിയിൽ ഇടയ്ക്കിടെ പ്രതിയുടെ സന്ദർശനം. കൂടെപ്പോയ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി.
പിന്നീട് കണ്ണൂർ സെൻട്രൽ ജയിലിൽ തിരിച്ചെത്തിച്ചപ്പോൾ പരിശോധിച്ചു. എന്തോ ഒളിപ്പിച്ചിട്ടുണ്ടെന്നു മനസിലായതോടെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എക്സ്റെ എടുത്ത് നോക്കിയപ്പോൾ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിൽ ലഹരി വസ്തുക്കൾ കണ്ടെത്തി. നാല്പത് ബീഡിയും 25 ഗ്രാം കഞ്ചാവുമായിരുന്നു രഹസ്യഭാഗത്ത് സൂക്ഷിച്ചിട്ടുണ്ടായിരുന്നത്. ജയിൽ ജോയിന്റ് സൂപ്രണ്ട് ടൗൺ പൊലീസിൽ പരാതി നൽകി. ലഹരി ഒളിപ്പിച്ച നൗഷാതിനെതിരെ കേസുമെടുത്തു.