Asianet News MalayalamAsianet News Malayalam

കെഎസ്ആർടിസി സ്റ്റാന്റിൽ ബസിടിച്ച് യാത്രക്കാരിയായ വിദ്യാർത്ഥിനി മരിച്ചു; സംഘർഷം

മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

Kattakada KSRTC bus stand accident 18 year old girl died kgn
Author
First Published Nov 13, 2023, 5:06 PM IST

തിരുവനന്തപുരം: കാട്ടാക്കടയിൽ കെ എസ് ആർ ടി സി ബസിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു. കാട്ടാക്കട കെഎസ്ആർടിസി സ്റ്റാന്റിൽ ഇന്ന് വൈകിട്ടായിരുന്നു സംഭവം. അഭന്യ (18) ആണ് മരിച്ചത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാരെ ബസ് സ്റ്റാന്റിലുണ്ടായിരുന്ന രോഷാകുലരായ യാത്രക്കാർ കൈയ്യേറ്റം ചെയ്തു. സ്ഥലത്ത് സംഘർഷമുണ്ടായി. പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഭന്യ. ഫോൺ ചെയ്യുന്നതിനായി കെഎസ്ആർടിസി സ്റ്റാന്റിൽ ഒരു ഭാഗത്ത് മാറിനിന്നു. ഈ സമയത്ത് വിഴിഞ്ഞം ഭാഗത്ത് നിന്ന് വന്ന കെഎസ്ആർടിസി ബസ് സ്റ്റാന്റിലെത്തി. ബസ് സ്റ്റാന്റിൽ നിർത്തിയ ശേഷം അപ്രതീക്ഷിതമായി മുന്നോട്ടെടുത്തു. ബസിനും വാണിജ്യ സമുച്ചയത്തിന്റെ തൂണിനും ഇടയിൽപെട്ട് അഭന്യയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഡ്രൈവർ മദ്യപിച്ചിരുന്നെന്ന് ആരോപിച്ച് യാത്രക്കാരായ നാട്ടുകാരും വിദ്യാർത്ഥികളും ബസ് സ്റ്റാന്റിൽ സംഘടിക്കുകയായിരുന്നു. ഇതിനിടെ ഡ്രൈവർ കെഎസ്ആർടിസി സൂപ്രണ്ടിന്റെ ഓഫീസ് മുറിയിലേക്ക് ഓടിക്കയറി. ഇയാളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടായിരുന്നു വാക്കുതർക്കം ഉടലെടുത്തത്. പിന്നീട് പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios