വിശുദ്ധ ദേവസഹായം പിള്ള പള്ളിയിൽ സെമിത്തേരിക്കുള്ള സ്ഥലം വാങ്ങിയെങ്കിലും ഇവിടെ സംസ്കരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി സമീപവാസി കോടതിയെ സമീപിച്ചതോടെ അനിശ്ചിതത്വമായി.

കൊല്ലം: ക്രൈസ്തവ മതാചാരപ്രകാരം മൃതദേഹങ്ങൾ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യുകയാണ് പതിവ്. എന്നാൽ സെമിത്തേരിയിൽ മൃതദേഹം ദഹിപ്പിക്കുന്ന രീതിയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് തേവലക്കര അരിനല്ലൂർ മുട്ടം വിശുദ്ധ ദേവസഹായം പിള്ള പള്ളി. ഇടവകയിൽ ഉൾപ്പെട്ടവർ മരിച്ചാൽ അരിനല്ലൂർ സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ ആയിരുന്നു സംസ്കാരം നടത്താറ്. വിശുദ്ധ ദേവസഹായം പിള്ള പള്ളിയിൽ സെമിത്തേരിക്കുള്ള സ്ഥലം വാങ്ങിയെങ്കിലും ഇവിടെ സംസ്കരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി സമീപവാസി കോടതിയെ സമീപിച്ചതോടെ അനിശ്ചിതത്വമായി.

കല്ലറയിലോ മണ്ണിലോ സംസ്കരിക്കാൻ പാടില്ല എന്നായിരുന്നു നിബന്ധന. ഇതോടെ കൊല്ലം രൂപതയുടെ അനുമതി വാങ്ങി മൃതദേഹങ്ങൾ ദഹിപ്പിക്കാൻ ഇടവക അധികാരികൾ തീരുമാനിച്ചു. ഗ്യാസ് സംവിധാനമുപയോഗിച്ചാണ് മൃതദേഹം സംസ്കരിക്കുന്നത്. തുടർന്ന് ചാരം മതാചാരപ്രകാരം സെമിത്തേരിയിൽ തന്നെ അടക്കം ചെയ്യും. പ്രകൃതിക്കോ, പ്രദേശവാസികൾക്കോ ഇതുമൂലം ബുദ്ധിമുട്ടുണ്ടാകുന്നുമില്ല. കോടതി വിധിയുടെ ലംഘനവും ഉണ്ടാകുന്നില്ല.

സ്ഥല പരിമിതി മറികടക്കാനും സാധിക്കുന്നു. രണ്ടു മൃതദേഹങ്ങൾ ഇത്തരത്തിൽ ഇവിടെ സംസ്കരിച്ചു കഴിഞ്ഞു. ഓശാന ഭവനത്തിൽ ക്ലീറ്റസിന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം ദഹിപ്പിച്ചത്. ഇടവകാംഗങ്ങളുടെ അനുമതിയോടെ ഇനി ഈ രീതി തന്നെ പിന്തുടരാനാണ് പള്ളി ഭാരവാഹികളുടെ ആലോചന.