ഇല്ലാത്ത ഫ്രാഞ്ചൈസിയുടെ പേരിൽ കൊല്ലം സ്വദേശി പലരിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ, അറസ്റ്റ്
തിരുവനന്തപുരം, കൊല്ലം ജില്ലകളിലുള്ള വിവിധ ആൾക്കാരാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്.
തിരുവനന്തപുരം : വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന റൂഫിംഗ് സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസിയും ഏജൻസിയും നൽകാമെന്ന് വാഗ്ദാനം നൽകി വിവിധ ജില്ലക്കാരിൽ നിന്ന് 18 ലക്ഷം തട്ടിയ 47കാരൻ അറസ്റ്റിൽ. ഫ്രാഞ്ചൈസിയ്ക്ക് ആവശ്യമായ സാധന സാമഗ്രഹികൾ ഇറക്കി നൽകാമെന്നുമായിരുന്നു ഇയാളുടെ വാഗ്ദാനം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലുള്ള വിവിധ ആൾക്കാരാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്.
കൊല്ലം പൂയപ്പള്ളി കൊട്ടറ മീയ്യണ്ണൂർ ലാലു ഹൗസിൽ അജി തോമസ്(47)നെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ മണമ്പൂർ സ്വദേശിയായ മുഹമ്മദ് അഷറഫ്, കൊല്ലം പുനലൂർ സ്വദേശിയായ അനീഫ് വർഗീസ്, വർക്കല വടശ്ശേരിക്കോണം സ്വദേശി തോമസ് പത്രോസ് എന്നിവരിൽ നിന്നായി ഇല്ലാത്ത ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നു.
2023 ൽ ആറ്റിങ്ങൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ ഇന്നലെ ഉച്ചയ്ക്ക് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ. ജിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ എസ്ഐ മാരായ സജിത്ത്. എസ്, ജിഷ്ണു എം.എസ്, ജിഎസ്ഐ സുനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം