റോഡിന് സമീപം നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ അലക്ഷ്യമായി തുറന്നതാണ് അപകടകാരണം. ഡോറിൽ തട്ടി സ്കൂട്ടർ നിയന്ത്രണം വിട്ടതോടെ തോമസ് റോഡിലേക്ക് വീഴുകയായിരുന്നു. ഈ സമയം അതുവഴി കടന്നുപോയ കെ എസ് ആർടിസി ബസ് തോമസിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി.

പത്തനംതിട്ട: അലക്ഷ്യമായി തുറന്ന കാറിൻ്റെ ഡോറിൽ തട്ടി റോഡിലേക്ക് വീണ സ്കൂട്ടർ യാത്രക്കാരൻ ബസ് കയറി മരിച്ചു. കോഴഞ്ചേരി പുന്നയ്ക്കാട് സ്വദേശി തോമസ് എബ്രഹാം ആണ് മരിച്ചത്. കോഴഞ്ചേരി കണ്ണാശുപത്രിക്ക് മുന്നിലായിരുന്നു അപകടം.

റോഡിന് സമീപം നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ അലക്ഷ്യമായി തുറന്നതാണ് അപകടകാരണം. ഡോറിൽ തട്ടി സ്കൂട്ടർ നിയന്ത്രണം വിട്ടതോടെ തോമസ് റോഡിലേക്ക് വീഴുകയായിരുന്നു. ഈ സമയം അതുവഴി കടന്നുപോയ കെ എസ് ആർടിസി ബസ് തോമസിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. അപകട സ്ഥലത്ത് വെച്ചു തന്നെ തോമസിന് ജീവൻ നഷ്ടമായി. ആറന്മുള പോലീസ് തുട‍ർനടപടികൾ സ്വീകരിച്ചു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. കാറിന്റെ ഡോർ അലക്ഷ്യമായി തുറക്കുന്നതാണ് അപകടത്തിന് കാരണമെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. തോമസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.