പഞ്ചായത്ത് പ്രസിഡന്റ് വി വിനിത, വൈസ് പ്രസിഡന്റ് ദിനേശ് കുമാർ എന്നിവർക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയങ്ങൾ എൽഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെ പാസായതോടെയാണ് ഏഴുമാസത്തെ ബിജെപി ഭരണം അവസാനിച്ചത്. പ്രമേയത്തെ യുഡിഎഫിന്റെ ഏഴും സിപിഐ(എം)ന്റെ അഞ്ചും അംഗങ്ങൾ അനുകൂലിച്ചപ്പോൾ ബിജെപിയുടെ ഏഴ് അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തു.

പൂച്ചാക്കൽ(ആലപ്പുഴ): ചേർത്തല ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റ് വി വിനിത, വൈസ് പ്രസിഡന്റ് ദിനേശ് കുമാർ എന്നിവർക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയങ്ങൾ എൽഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെ പാസായതോടെയാണ് ഏഴുമാസത്തെ ബിജെപി ഭരണം അവസാനിച്ചത്. കോൺഗ്രസിലെ ജഗദീഷ് പി മാന്താനത്ത് ആണ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ യുഡിഎഫിന്റെ ഏഴും സിപിഐ(എം)ന്റെ അഞ്ചും അംഗങ്ങൾ അനുകൂലിച്ചപ്പോൾ ബിജെപിയുടെ ഏഴ് അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തു.

കോൺഗ്രസിലെ അഗസ്റ്റിൻ കൊച്ചുവെളി വൈസ് പ്രസിഡന്റിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയവും ഇതേ വോട്ടുനിലയിൽ തന്നെ പാസായി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 19 അംഗ ഭരണസമിതിയിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. യുഡിഎഫിനും ബിജെപിക്കും ഏഴ് വീതവും എൽഡിഎഫിന് അഞ്ചും സീറ്റുകളാണ് ലഭിച്ചത്. തുടർന്ന് നടന്ന നറുക്കെടുപ്പിലൂടെയായിരുന്നു ബിജെപി പ്രതിനിധികൾ അധികാരത്തിലെത്തിയത്. പുതിയ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നൈനാ ഗോപിനാഥ് പ്രസിഡന്റിന്റെയും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ വൈസ് പ്രസിഡന്റിന്റെയും ചുമതലകൾ വഹിക്കും.