Asianet News MalayalamAsianet News Malayalam

ടെറസിൽ നിന്ന് കിണറ്റിലേക്ക് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

വീടിന്‍റെ ടെറസിൽ നിന്ന് കാൽവഴുതി നൗഷാദ് കിണറ്റിലേക്ക് വീഴുകയായിരുന്നു. 

man fell from the terrace into the well and died
Author
First Published Nov 24, 2022, 11:39 AM IST

കോഴിക്കോട്: വീടിന്‍റെ ടെറസിൽ നിന്ന് കിണറ്റിലേക്ക് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. നരിക്കുനി പാറന്നൂർ പുൽപ്പറമ്പിൽ താമസിക്കുന്ന കൊല്ലരക്കൽ നൗഷാദ് (39) ആണ് മരിച്ചത്. ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് പാറന്നൂർ ജുമാമസ്ജിദിൽ നടക്കും. ഇന്നലെ വീടിന്‍റെ ടെറസിൽ നിന്ന് കാൽവഴുതി നൗഷാദ് കിണറ്റിലേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് മരണം സംഭവിച്ചത്. ഖത്തർ കെ എം സി സിയുടെ നരിക്കുനി പഞ്ചായത്ത് കമ്മറ്റി അംഗം ആയിരുന്നു. മാതാവ്: കൊല്ലരക്കൽ ഖദീജ. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. 

കോടതിയലക്ഷ്യം; മാവേലിക്കര കോടതിയിലെ 30 അഭിഭാഷകർക്കെതിരേ കേസ് 

മാവേലിക്കര: കോടതി വരാന്തയിൽ അഭിഭാഷകർ മുദ്രാവാക്യം വിളിച്ചെന്ന മുൻസിഫിന്‍റെ റിപ്പോർട്ടിനെ തുടർന്ന് മാവേലിക്കര കോടതിയിലെ 30 അഭിഭാഷകർക്കെതിരേ കോടതി അലക്ഷ്യത്തിന് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അഞ്ച് മുതിർന്ന അഭിഭാഷകർക്കെതിരേയും കണ്ടാലറിയാവുന്ന 25 അഭിഭാഷകർക്കെതിരേയുമാണ് കേസ്. നടപടിക്കെതിരെ ഇന്നലെ അഭിഭാഷകര്‍ പ്രതിഷേധദിനം ആചരിച്ചു. അഭിഭാഷകരുടെ ഫീസ് നിർണയവുമായി ബന്ധപ്പെട്ട് കേരള ബാർ കൗൺസിൽ ആഹ്വാന പ്രകാരം കഴിഞ്ഞ ഫെബ്രുവരി 17-ന് മാവേലിക്കര കോടതി വളപ്പിൽ നടന്ന പ്രതിഷേധമാണ് കേസിനിടയാക്കിയത്. ഇതേ തുടര്‍ന്ന് അഭിഭാഷകർ കോടതി വരാന്തയിൽ മുദ്രാവാക്യം വിളിച്ചെന്ന് ചൂണ്ടിക്കാട്ടി മുൻസിഫ് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കേസെടുത്ത് നോട്ടീസയച്ചത്. 

Follow Us:
Download App:
  • android
  • ios