കൊച്ചിയിൽ അപകടകരമായി ബസ് ഓടിച്ച് ഡ്രൈവർക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കാക്കനാട് – ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവർക്കെതിരെ ആണ് നടപടിയെടുത്തത്. 

കൊച്ചി: ഒടിഞ്ഞ സൈഡ് മിററിന്റെ കഷ്ണം കൈയിൽ പിടിച്ച് അപകടകരമായി സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. കാക്കനാട് – ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറാണ് വിചിത്രമായ രീതിയിൽ വാഹനം ഓടിച്ചത്. ബസിന്റെ വലത് വശത്തെ സൈഡ് മിറർ തകർന്നതിനെ തുടർന്ന്, അതിന്റെ ഭാഗം കൈയിൽ പിടിച്ച് ജനലിലൂടെ പുറത്തേക്ക് നീട്ടി പിന്നിലെ വാഹനങ്ങൾ നിരീക്ഷിച്ച് കൊണ്ടായിരുന്നു യാത്ര.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ആഴ്ച പാലാരിവട്ടത്ത് മെട്രോ നിർമാണം നടക്കുന്ന ഭാഗത്ത് റോഡിലെ ഇരുമ്പ് ബാരിക്കേഡിൽ തട്ടിയാണ് ബസിന്റെ സൈഡ് മിറർ തകർന്നത്. തുടർന്ന് മിറർ മാറ്റുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യാതെ ഡ്രൈവർ അതേ നിലയിൽ സർവീസ് തുടരുകയായിരുന്നു.

ബസിന് പിന്നിൽ സഞ്ചരിച്ചിരുന്ന കാർ യാത്രക്കാരാണ് ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. തുടർന്ന് വീഡിയോ എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് വാട്‌സ്ആപ്പ് വഴി കൈമാറി. ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു.

വാഹന നമ്പറും ഡ്രൈവറെയും തിരിച്ചറിഞ്ഞ മോട്ടോർ വാഹന വകുപ്പ് ഇയാളെ ഓഫീസിലേക്ക് വിളിച്ച് വരുത്തി. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് 2,000 രൂപ പിഴ ചുമത്തുകയും ഒരു ദിവസത്തെ നിർബന്ധിത ബോധവത്കരണ ക്ലാസിൽ പങ്കെടുക്കാൻ നിർദേശിക്കുകയും ചെയ്തു.