ദേശീയപാത സർവീസ് റോഡിനോടു ചേർന്ന് സ്ഥാപിക്കുന്ന പുതിയ കുഴലിനു മുകളിലാണ് ടാങ്കറിലെത്തിച്ച മാലിന്യം തള്ളിയത്. ഈ കുഴലുവഴി നിലവിൽ കുടിവെള്ള വിതരണം തുടങ്ങിയിട്ടില്ലെങ്കിലും, മാലിന്യം നീക്കാതെ കുഴൽ മാലിന്യത്തിൽ മുങ്ങിക്കിടക്കുകയാണ്.
ചേർത്തല: ദേശീയപാതയോരത്ത് കുടിവെള്ളക്കുഴലിൽ ശൗചാലയ മാലിന്യം തള്ളിയത് ജനങ്ങളിൽ പ്രതിഷേധത്തിനിടയാക്കി. പട്ടണക്കാട് സി എം എസ്സിന് സമീപം ദേശീയപാത സർവീസ് റോഡിനോടു ചേർന്ന് സ്ഥാപിക്കുന്ന പുതിയ കുഴലിനു മുകളിലാണ് ടാങ്കറിലെത്തിച്ച മാലിന്യം തള്ളിയത്. ഈ കുഴലുവഴി നിലവിൽ കുടിവെള്ള വിതരണം തുടങ്ങിയിട്ടില്ലെങ്കിലും, മാലിന്യം നീക്കാതെ കുഴൽ മാലിന്യത്തിൽ മുങ്ങിക്കിടക്കുകയാണ്.
പുതിയ കുഴലുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് ഇത്തരത്തിൽ കുഴലിനു മുകളിൽ മാലിന്യം തള്ളിയത്. വ്യാഴാഴ്ച കുഴൽ മാറ്റാനായി കരാറുകാർ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. ജല അതോറിറ്റി പട്ടണക്കാട് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ, രാവിലെ സംഭവം അറിഞ്ഞിട്ടും മാലിന്യം നീക്കാനോ പൈപ്പുമാറ്റാനോ നടപടിയുണ്ടായിട്ടില്ല. കുടിവെള്ള വിതരണം നടത്തേണ്ട കുഴലിനു മുകളിൽ മാലിന്യം തള്ളിയത് ഗൗരവമായ കുറ്റമായിട്ടും പോലീസ് കാര്യമായി ഇടപെടുന്നില്ലെന്ന് വിമർശനമുണ്ട്. തിരുവിഴയിൽ ഇത്തരത്തിൽ പരാതിയുയർന്നിട്ടും ഒരാളെ പോലും പിടികൂടാൻ സാധിച്ചിരുന്നില്ല. ജനങ്ങൾക്ക് വെല്ലുവിളിയാകുന്ന സംഘങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് വിവിധ കേന്ദ്രങ്ങളിൽനിന്ന് ആവശ്യമുയർന്നിട്ടുണ്ട്.


