മോഷ്ടിക്കാൻ വരാത്തതിലുള്ള വിരോധം കാരണം രാജേഷ് വെട്ടുകത്തി ഉപയോഗിച്ച് മണികണ്ഠനെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് വിശദമാക്കുന്നത്
തിരുവനന്തപുരം: മോഷ്ടിക്കാൻ വരാത്തതിലുള്ള വിരോധത്താൽ തെരുവിൽ ഏറ്റുമുട്ടി റൗഡിലിസ്റ്റിൽ ഉൾപ്പെട്ട യുവാക്കൾ. പഴവങ്ങാടിയിൽ വച്ച വെട്ടുകത്തിയുമായി ആക്രമണം നടത്തിയ ക്രിമിനൽ കേസ് പ്രതികൾ പിടിയിൽ. ഫോർട്ട് പൊലീസാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിൽ പ്രതികളായ ബാലരാമപുരം സ്വദേശി മണികണ്ഠൻ (36), വട്ടിയൂർക്കാവ് സ്വദേശി രാജേഷ് (46) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ 6.15ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മണികണ്ഠൻ തന്റെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നു എന്ന് ആരോപിച്ചാണ് രാജേഷിനെ ആക്രമിച്ചത്. എന്നാൽ തന്നോടൊപ്പം മോഷ്ടിക്കാൻ വരാത്തതിലുള്ള വിരോധം കാരണം രാജേഷ് വെട്ടുകത്തി ഉപയോഗിച്ച് മണികണ്ഠനെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് വിശദമാക്കുന്നത്. മണികണ്ഠൻ ഫോർട്ട് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലും രാജേഷ് വട്ടിയൂർക്കാവ് സ്റ്റേഷനിലെ റൗഡിലിസ്റ്റിലും ഉൾപ്പെട്ടവരും ഇരുവരും നിരവധി ക്രിമിനൽ കേസുകളിലും പ്രതികളാണെന്നും പൊലീസ് വ്യക്തമാക്കി. മണികണ്ഠന്റെ പരാതിയിൽ രാജേഷിനെയും, രാജേഷിന്റെ പരാതിയിൽ മണികണ്ഠനെയുമാണ് ഫോർട്ട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



