തിരുവനന്തപുരത്ത് ആലംകോടിന് സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ മുൻ ചക്രം ഊരിത്തെറിച്ചു. ബസിൽ നിന്ന് വേർപെട്ട ടയർ സമീപത്തുണ്ടായിരുന്ന ബൈക്കിലിടിച്ചെങ്കിലും ആളപായമില്ലാതെ വലിയ അപകടം ഒഴിവായി.
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിത്തെറിച്ചു. ബസിൽ നിന്ന് തെറിച്ച് വന്ന ടയർ ബൈക്കിലിടിച്ചെങ്കിലും ആർക്കും പരിക്കില്ല. ഇന്ന് ഉച്ചയോടെ ആലംകോടിന് സമീപം ആയിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങൽ വഴി കിളിമാനൂരേക്ക് പുറപ്പെട്ട സിറ്റി ഫാസ്റ്റ് ബസ് ആണ് കാവുനടയിൽ വച്ച് അപകടത്തിൽപ്പെട്ടത്. കാവുനട ജങ്ഷന് സമീപം എത്തിയപ്പോൾ ഓടിക്കൊണ്ടിരുന്ന ബസിന്‍റെ ഇടത് വശത്തെ മുൻ ചക്രം ഇളകിപ്പോകുകയായിരുന്നു.
മുൻ ചക്രം ഇല്ലാതായതോടെ ബസ് വശത്തേക്ക് ചരിഞ്ഞ് റോഡിൽ ഉരഞ്ഞാണ് നിന്നത്. യാത്രക്കാർ ഭയന്ന് ബഹളം വച്ചതോടെ സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി. എന്നാൽ, ആർക്കും പരിക്കുണ്ടായില്ലെന്നത് ആശ്വാസമായി. ബസിൽ നിന്നും വേർപെട്ട ചക്രം ഉരുണ്ട് ചെന്ന് സമീപത്തുണ്ടായിരുന്ന ബൈക്കിലും ചെറിയമതിലിലും തട്ടി താഴെ വീണു.
പരിസരത്ത് ആളില്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായതെന്നും കാലപ്പഴക്കം ചെന്ന ബസ് സർവീസ് നടത്തുന്നത് യാത്രക്കാർക്കും നാട്ടുകാർക്കും ഒരുപോലെ ഭീഷണിയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. അതേസമയം രാവിലെ പരിശോധന പൂർത്തിയാക്കി വിട്ട ബസ് ആണെന്നും ഒരു തകരാറും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും കെഎസ്ആർടിസി അധികൃതർ പറഞ്ഞു. ബസ് തുടർന്ന് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയിലായതോടെ യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റിവിട്ടു.


