വയനാട് അമ്പലവയലിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി നിർത്താതെപോയ ഡ്രൈവറെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി
കൽപ്പറ്റ: വയനാട് അമ്പലവയലിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി നിർത്താതെപോയ ഡ്രൈവറെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി. ചുള്ളിയോട് സ്വദേശി നവീൻ കുമാറിനെതിരെയാണ് കൽപ്പറ്റ പൊലീസ് കേസെടുത്തുത്.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. അമ്പലവയൽ ചുള്ളിയോട് റോഡിലെ ആനപ്പാറ വളവിൽവച്ച് അമിത വേഗതയിൽ സഞ്ചരിച്ച ആൾട്ടോ കാർ രണ്ട് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു. പിന്നീട് വാഹനം നിർത്താതെ കടന്നുകളഞ്ഞു. വാഹനാപകടത്തിൽ അമ്പലവയൽ സ്വദേശി പി പി റഫീക്കിന് പരിക്കേറ്റു.
തുടർന്ന് പ്രദേശവാസികൾ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. നാട്ടുകാരും ഹൈവേ പോലീസും ചേർന്ന് കൽപ്പറ്റ കൈനാട്ടി ജംഗ്ഷനിൽ വെച്ചാണ് പ്രതി നവീൻ കുമാറിനെ പിടികൂടിയത്. മെഡിക്കൽ പരിശോധനയിൽ വാഹനം ഓടിച്ച നവീൻ കുമാർ ഉയർന്ന അളവിൽ മദ്യപിച്ചതായി കണ്ടെത്തി. വാഹനം കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.
അതേസമയം, തൊടുപുഴ മുതലക്കോടത്ത് ബസില്‍ നിന്നും സ്വര്‍ണമാല പൊട്ടിച്ച് ഓടാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിനികളായ അമ്മയും മകളും പിടിയില്‍. ഇവർ സ്ഥിരം കുറ്റവാളികളെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇരുവരെയും റിമാൻഡ് ചെയ്തു. വണ്ണപ്പുറത്തുനിന്നും വരുകയായിരുന്ന ബസില്‍ മുതലകോടത്തിന്‍ സമീപം വെച്ചാണ് മാല പൊട്ടിച്ചത്.
മാല നഷ്ടപ്പെട്ടു എന്നറിഞ്ഞതോടെ മുതലക്കോടം സ്വദേശിയായ ലൂസി ബഹളം വെച്ചു. വാഹനത്തിലുണ്ടായിരുന്നവര്‍ പ്രതികളെ തടഞ്ഞുവെച്ചെങ്കിലും വണ്ടി നിര്‍ത്തിയപ്പോള്‍ ഓടി രക്ഷപെട്ടു. ഒടുവില്‍ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇരുവരും സ്ഥിരം കുറ്റവാളികളെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതികളുടെ കയ്യില്‍ നിന്നും മാല കണ്ടെടുത്തിട്ടുണ്ട്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍റു ചെയ്തു.
