ഇരുവരും പെരിക്കല്ലൂരിലെ ബസ് വെയ്റ്റിങ് ഷെഡിന് സമീപം നില്‍ക്കുകയായിരുന്നു. എന്നാല്‍ പൊലീസിനെ കണ്ട മാത്രയില്‍ രണ്ടാളും പരുങ്ങുകയും രക്ഷപ്പെടാനുള്ള ശ്രമം നടത്തുകയും ചെയ്തു

പുല്‍പള്ളി: വയനാട്ടിൽ ബസ് വെയ്റ്റിങ് ഷെഡില്‍ നില്‍ക്കുമ്പോള്‍ പൊലീസെത്തിയത് കണ്ട് പരിഭ്രമിച്ച യുവാക്കളെ പിടികൂടി പരിശോധിച്ചപ്പോള്‍ കണ്ടെടുത്തത് കഞ്ചാവ്. സുല്‍ത്താന്‍ ബത്തേരി പള്ളിക്കണ്ടി വഴക്കണ്ടി വീട്ടില്‍ മസൂദ് (38), പള്ളിക്കണ്ടി കാര്യപുറം വീട്ടില്‍ ദിപിന്‍ (25) എന്നിവരെയാണ് ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു യുവാക്കള്‍ പിടിയിലായത്. ഇരുവരും പെരിക്കല്ലൂരിലെ ബസ് വെയ്റ്റിങ് ഷെഡിന് സമീപം നില്‍ക്കുകയായിരുന്നു. എന്നാല്‍ പൊലീസിനെ കണ്ട മാത്രയില്‍ ഇരുവരും പരുങ്ങുകയും രക്ഷപ്പെടാനുള്ള ശ്രമത്തിലുമായിരുന്നു.

ഇതോടെ ഉദ്യോഗസ്ഥര്‍ രണ്ട് യുവാക്കളെയും തടഞ്ഞുവെച്ച് പരിശോധിക്കുകയും കഞ്ചാവ് കണ്ടെടുക്കുകയുമായിരുന്നു. മസൂദില്‍ നിന്ന് 80 ഗ്രാം കഞ്ചാവും ദിപിന്റെ കൈവശത്തില്‍ 85 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്. ജില്ലാ അതിര്‍ത്തികളിലും മറ്റു മേഖലകളിലും പൊലീസിന്റെ ലഹരിക്കെതിരെയുള്ള കര്‍ശന പരിശോധനകള്‍ തുടരും പുല്‍പള്ളി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ സി രാംകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

അതിനിടെ കാസ‍ർകോട് ബദിയടുക്കയിൽ രാസലഹരിയുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് സ്വദേശികളായ സാബിത്ത് (26), ഷെയ്ക്ക് അബ്ദുൾ സോഹൽ മെഹ്മൂദ് (31) എന്നിവരാണ് സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന 4.87 ഗ്രാം മെത്താംഫിറ്റാമിനുമായി പിടിയിലായത്. ബദിയടുക്ക എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജിഷ്ണു.പി.ആർ ഉം പാർട്ടിയും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത്. പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ബിജോയ്‌.ഇ.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിഷി.പി.എസ്, ലിജിൻ.ആർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ധന്യ.ടി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സാഗർ.എസ്.ജി എന്നിവർ ഉണ്ടായിരുന്നു.