ആലപ്പുഴയിൽ അഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. അമ്പലപ്പുഴ തകഴി സ്വദേശി ഗോകുൽ ശങ്കർ ആണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ആലപ്പുഴ സൗത്ത് പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടിയിലായത്.
ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ അഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. അമ്പലപ്പുഴ തകഴി സ്വദേശി ഗോകുൽ ശങ്കർ (23) ആണ് പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ആലപ്പുഴ സൗത്ത് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. കേരളത്തിന് പുറത്തുനിന്ന് മയക്കുമരുന്ന് ശേഖരിച്ച് നാട്ടിൽ കൊണ്ടുവരുന്ന വഴിയാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്.
'ഓപ്പറേഷൻ തൂഫാൻ' പദ്ധതി ആരംഭിച്ചതിന് ശേഷം ജില്ലയിലെ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ ശക്തമായ പരിശോധനകളാണ് നടന്നുവരുന്നത്. നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ബി പങ്കജാക്ഷൻ, നാർക്കോട്ടിക് സെൽ ഇൻസ്പെക്ടർ ഓഫ് പൊലീസ് സി അമൽ എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ആലപ്പുഴ ഡിവൈഎസ്‌പി വിശാൽ ജോൺസന്റെ നേതൃത്വത്തിലുള്ള ഐഎസ്എച്ച്ഒ ഷൈജു, എസ്ഐ അനന്ത കൃഷ്‌ണൻ, എഎസ്ഐമാരായ സുധി, പ്രവീൺ പണിക്കർ, സിപിഒ ഡാരൻ നെൽസൺ എന്നിവരടങ്ങിയ സംഘവുമാണ് പ്രതിയെ പിടികൂടിയത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്‌ണു പ്രദീപ് ഐപിഎസ് ഓരോ പൊലീസ് സ്റ്റേഷനിലും പ്രത്യേകം തൂഫാൻ ടീം രൂപീകരിച്ച് ലഹരിക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ജില്ലയിൽ എല്ലായിടത്തും പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്നും എല്ലാ ലഹരി വിൽപനക്കാർക്കും അവരുടെ സംഘങ്ങൾക്കുമെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.


