കണ്ണൂരിൽ സർക്കാർ സ്കൂൾ ചുറ്റുമതിലിൽ സിപിഎം അനുകൂല ചിത്രങ്ങൾ, മുഖ്യമന്ത്രിയെത്തുന്നതിന് മുന്നോടിയെന്ന് ആരോപണം
കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപം, പുന്നപ്ര വയലാർ സമര സ്മാരക സ്തൂപം. ചുവപ്പ് പശ്ചാത്തലത്തിൽ പിണറായി വിജയൻ അടക്കം സര്‍ക്കാര്‍ സ്കൂളിന്റെ ചുവരിൽ.

കണ്ണൂര്‍ : കണ്ണൂരിൽ സർക്കാർ സ്കൂളിന്‍റെ ചുറ്റുമതിലിൽ സിപിഎം അനുകൂല ചിത്രങ്ങൾ വരച്ചതിൽ കെഎസ്‍യു പ്രതിഷേധം. പുന്നപ്ര വയലാർ സ്മാരകം, പിണറായി വിജയന്റെ ചിത്രം ഉൾപ്പെടെ വരച്ച് പൊതുമുതൽ സിപിഎം പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്നാണ് ആക്ഷേപം. വിവാദമായതോടെ ചിത്രങ്ങൾ മായ്ച്ചു.
കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപം, പുന്നപ്ര വയലാർ സമര സ്മാരക സ്തൂപം. ചുവപ്പ് പശ്ചാത്തലത്തിൽ പിണറായി വിജയൻ അടക്കം സര്‍ക്കാര്‍ സ്കൂളിന്റെ ചുവരിൽ. ചാല ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ ചുറ്റുമതിലിലെ ചിത്രങ്ങൾക്കെതിരെയാണ് കെ എസ് യു പ്രതിഷേധിച്ചത്.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ സ്കൂളിൽ നവീകരിച്ച ആംഫി തിയറ്ററിന്‍റെ ഉദ്ഘാടനം ചൊവ്വാഴ്ചയാണ്. അതിന്‍റെ ഭാഗമായാണ് മതിലിൽ ചിത്രങ്ങൾ വരച്ചതെന്ന് കെഎസ്‍യു ആരോപിച്ചു. എന്നാൽ ചിത്രങ്ങൾ വരച്ചത് സ്കൂളല്ലെന്ന് പ്രിൻസിപ്പൽ വിശദീകരിക്കുന്നു. ധർമടം മണ്ഡലം സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായി കരാറെടുത്തവരാണ് ചിത്രങ്ങൾക്ക് പിന്നിലെന്നാണ് സ്കൂൾ അധികൃതരുടെ അറിവ്. വിവാദമായതോടെ കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപത്തിന്‍റെ ചിത്രം ഫ്ലക്സ് വച്ച് മറച്ചിട്ടുണ്ട്. അരിവാൾ ചുറ്റിക നക്ഷത്രം വെള്ള പെയിന്‍റടിച്ച് മായ്ച്ചു. സംഭവത്തിൽ കെഎസ്‍യു വിദ്യാഭ്യാസ ഉപഡയറക്ടർക്ക് പരാതിയും നൽകി.