സിഗരറ്റ് ആവശ്യപ്പെട്ട് ലഭിക്കാത്ത കടകളിൽ നിന്ന് സിഗരറ്റ് മോഷ്ടിക്കുകയും പിന്നീട് അവ മറ്റ് കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്യുന്നതായും നാട്ടുകാർ

കൊച്ചി: പനങ്ങാട് പ്രദേശത്ത് കുട്ടിക്കള്ളന്മാരുടെ മോഷണ പരമ്പര വ്യാപാരികൾക്ക് തലവേദനയാകുന്നു. പകൽ സമയങ്ങളിൽ പെട്ടിക്കടകൾ മുതൽ ഇടത്തരം കച്ചവട സ്ഥാപനങ്ങൾ വരെ കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ മോഷണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. സ്കൂളിൽ പോകാതെ കറങ്ങി നടക്കുന്ന കുട്ടികൾ ആളൊഴിഞ്ഞ സമയം നോക്കി കടകളിൽ കയറി മോഷണം നടത്തുന്നതായാണ് വിവരം. സിഗരറ്റ് ആവശ്യപ്പെട്ട് ലഭിക്കാത്ത കടകളിൽ നിന്ന് സിഗരറ്റ് മോഷ്ടിക്കുകയും പിന്നീട് അവ മറ്റ് കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്യുന്നതായും നാട്ടുകാർ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ദിവസം ചേപ്പനത്തെ ഒരു പെട്ടിക്കടയിൽ നിന്ന് ഏകദേശം 3,000 രൂപ വിലവരുന്ന സിഗരറ്റുകളാണ് സംഘം കവർന്നതെന്ന് വ്യാപാരികൾ പറയുന്നു. മോഷ്ടിച്ച സിഗരറ്റുകൾ രഹസ്യമായി സൂക്ഷിച്ച് പലപ്പോഴായി ഉപയോഗിക്കുകയും മറ്റ് കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തതായാണ് നാട്ടുകാർക്ക് ലഭിച്ച വിവരം. എൻഎം ജങ്ഷനിലെ ഒരു ബേക്കറിയിൽ കയറി പണം കവർന്നതായും പരാതി ഉയർന്നിട്ടുണ്ട്. കടയിൽ സൂക്ഷിക്കുന്ന പണത്തിൽ സ്ഥിരമായി കുറവ് തോന്നിയതോടെ ഉടമ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുട്ടികളാണ് മോഷണത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്. ചേപ്പനത്തെ മത്സ്യബന്ധന ഉപകരണ നിർമാണശാലയിൽ നിന്ന് സാമഗ്രികൾ മോഷ്ടിക്കാൻ ശ്രമിച്ച സംഘത്തെ കടയുടമ തടഞ്ഞ് വെച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

സംഭവം കുട്ടികളുടെ രക്ഷിതാക്കളെ അറിയിച്ചെങ്കിലും അവർ കൈയൊഴിഞ്ഞതായാണ് നാട്ടുകാരുടെ ആരോപണം. ഇതിനിടെ നഷ്ടം സംഭവിച്ച ചില കടയുടമകൾ പനങ്ങാട് പൊലീസിൽ പരാതി നൽകിയെങ്കിലും കുട്ടികളായതിനാൽ പരാതിയിൽ കാര്യമായ നടപടിയുണ്ടായില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കുട്ടികളെ നിയന്ത്രിക്കുന്നതിൽ രക്ഷിതാക്കൾ വീഴ്ച വരുത്തുന്നതും പരാതികളിൽ വേണ്ട നടപടിയെടുക്കാത്തതുമാണ് പ്രശ്നം രൂക്ഷമാക്കുന്നതെന്ന് വ്യാപാരികൾ ആരോപിക്കുന്നു. വിഷയത്തിൽ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ട് പ്രദേശത്തെ വ്യാപാരി സംഘടന രംഗത്തെത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം