സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ച ശേഷം സമീപത്തെ ഹോട്ടലിലെ ജോലിക്കാരിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു

കല്‍പ്പറ്റ: വയനാട് താഴെ മുട്ടിലില്‍ ഡബ്ല്യുഎംഒ കോളേജിന് സമീപം നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ഗുരുതര പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രക്കാരിയായ പുല്‍പ്പള്ളി സ്വദേശിനി സൗമ്യ, റോഡരികില്‍ നില്‍ക്കുകയായിരുന്ന ഹോട്ടല്‍ ജീവനക്കാരി താഴെമുട്ടില്‍ അമ്പതാംമൈല്‍ കോളനിയിലെ രുഗ്മണിക്കുമാണ് പരിക്കേറ്റത്. ഇവരെ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശൂശ്രഷകള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. 

ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ച ശേഷം സമീപത്തെ ഹോട്ടലിലെ ജോലിക്കാരിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

രാത്രി മുതൽ യുവാവിനെ കാണാനില്ല, മൃതദേഹം കണ്ടെത്തിയത് കലുങ്കിനടിയിൽ

ഇടുക്കി: പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന വണ്ടിപ്പെരിയാർ വഞ്ചിവയൽ ആദിവാസി കോളനിയിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. ഈ കോളനിയിലെ താമസക്കാരനായ ഇലവുങ്കൽ വീട്ടിൽ പ്രഭാകരൻ (45) എന്ന ആളെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി പ്രഭാകരൻ വീട്ടിൽ എത്താത്തതിനെ തുടർന്ന്, ബന്ധുകൾ ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് വഞ്ചിവയൽ കോളനിയിലേക്ക് പോകുന്ന വഴിയിലുള്ള കലുങ്കിനടിയിൽ ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. 

തുടർന്ന് ബന്ധുക്കൾ വനപാലകരെ വിവരമറിയിച്ചു. വള്ളക്കടവ് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നിന്ന് വനപാലകരെത്തി പരിശോധന നടത്തി. ഇയാളുടെ കഴുത്തിലും മുഖത്തും പരിക്ക് കണ്ടതിനെതുടർന്ന് വന്യമൃഗത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാവാമെന്ന് കരുതിയെങ്കിലും മരിച്ചയാൾക്ക് ഫിക്സ് ഉണ്ടായിരുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു. ‌തുടർന്ന് വനപാലകർ കുമളി പോലീസിൽ വിവരമറിയിക്കുകയും പോലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിന്‌ അയക്കുകയും ചെയ്തു. പോസ്റ്റുമോർട്ടനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Read Also: കൊടുങ്ങല്ലൂർ ക്ഷേത്രോത്സവത്തിനിടെ മൊബൈൽ മോഷണം, പ്രതി പിടിയിൽ