പൊലീസിനെ ആക്രമിച്ചതടക്കം വിവിധ കേസുകളിൽ പ്രതിയായ യുവാവ് പൊലീസിന്റെ പിടിയിലായി. കോട്ടൂർ സ്വദേശി രാജീവ് ആണ് പിടിയിലായത്. നെയ്യാർ ഡാം പൊലീസിനെ ആക്രമിച്ച കേസിൽ പ്രതിയായ ഇയാളെ കാട്ടാക്കട പൊലീസാണ് പിടികൂടിയത്.
തിരുവനന്തപുരം: നെയ്യാർ ഡാം പൊലീസിനെ ആക്രമിച്ച പ്രതിയായ കോട്ടൂർ സ്വദേശി രാജീവ് (30) കഞ്ചാവ് കേസിൽ കാട്ടാക്കട പൊലീസിൻ്റെ പിടിയിലായി. കാപ്പ നിയമപ്രകാരമുള്ള കേസുകളിലും പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കോട്ടൂരിലെ വീടിന് സമീപത്ത് നിന്നാണ് കാട്ടാക്കട എസ്ഐയുടെ നേതൃത്വത്തിലെ സംഘം കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ മാസം കാട്ടാക്കട ഗുരുമന്ദിരത്തിന് സമീപത്തുനിന്ന് രണ്ടുപേരെ കഞ്ചാവുമായി പിടികൂടിയിരുന്നു. ആ കേസിലെ അന്വേഷണത്തിനിടെയാണ് പിടിയിലായ പ്രതികൾക്ക് കഞ്ചാവ് എത്തിച്ചുനൽകിയത് രാജീവാണെന്ന വിവരം ലഭിച്ചത്. ഇതിൻ്റെ തുടർ നടപടികളിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


