പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചെന്ന് ആരോപിച്ച് 19കാരിക്കെതിരെ അന്യായമായി കേസെടുത്ത വിദ്യാനഗർ എസ് ഐക്കെതിരെ നടപടി. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പെൺകുട്ടിയാണ് വാഹനം ഓടിച്ചതെന്ന് വ്യക്തമായതിനെ തുടർന്ന് എസ് ഐയെ സ്ഥലംമാറ്റാൻ തീരുമാനം

കാസർകോട്: 19കാരിക്കെതിരെ അന്യായമായി കേസെടുത്ത വിദ്യാനഗർ എസ് ഐയെ സ്ഥലംമാറ്റാൻ തീരുമാനം. സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി യുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. എസ് ഐ അനൂപിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചെന്ന് പറഞ്ഞാണ് മേനങ്കോട് സ്വദേശി മാജിദക്കെതിരെ കേസെടുത്തത്. എന്നാൽ സി സി ടി വി ദൃശ്യത്തിൽ സഹോദരൻ സ്കൂട്ടർ ഓടിച്ചില്ലെന്ന് വ്യക്തമായിരുന്നു. നേരിൽ കണ്ട് ബോധ്യപ്പെടാതെ ആയിരുന്നു പൊലീസ് നടപടി.

കേസ് പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചെന്ന് ആരോപിച്ച്

കാസർകോട് ചെർക്കളയിൽ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത സഹോദരനെ പുറകിലിരുത്തി മാജിദയാണ് വാഹനം ഓടിച്ചത്. സി സി ടി വി ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമാണ്. ചെർക്കളയിൽ സ്കൂട്ടർ നിർത്തി മാജിദയും സഹോദരനും നടന്നു പോകുന്നതും ദൃശ്യത്തിലുണ്ട്. എന്നാൽ മാജിദയുടെ സഹോദരൻ ഒറ്റയ്ക്ക് തിരിച്ചുവന്ന് സ്കൂട്ടറിന് സമീപം നിന്ന സമയത്ത് ഇതുവഴി വന്ന പൊലീസ് വാഹനം ഇവിടെ നിർത്തി. പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചെന്ന് ആരോപിച്ച് വാഹനത്തിൻ്റെ ഉടമയായ മാജിദക്കെതിരെ പൊലീസ് കേസ് എടുക്കുകയായിരുന്നു.

പൊലീസിൻ്റെ എഫ് ഐ ആർ തെറ്റെന്ന് കാണിച്ച് കാസർകോട് ജില്ലാ പൊലീസ് മേധാവിക്ക് മാജിദ പരാതി നൽകിയിരുന്നു. സി സി ടി വി ദൃശ്യങ്ങളും ഹാജരാക്കിയിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി നിർദേശം നൽകി. കാസർകോട് സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി അന്വേഷിച്ച് റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കേസിൽ തുടർ നടപടികൾ ഉണ്ടാകില്ല. എഫ് ഐ ആർ റദ്ദാക്കിയിരുന്നു.