തമിഴ്നാട് സ്വദേശിയായ 23 കാരൻ ഭരത് ആണ് ആട് മോഷണത്തിന് പിടിയിലായത്. നാട്ടിലേക്ക് മുങ്ങിയ ഇയാളെ തപ്പി പൊലീസ് ഇറങ്ങി. ഒടുവിൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിൽ തിരുവനന്തപുരത്ത് നിന്നാണ് പ്രതി പൊലീസിന്‍റെ പിടിയിലായത്.
പരവൂർ: കൊല്ലം പരവൂരിൽ ആട് മോഷ്ടാവ് പിടിയിൽ. തമിഴ്നാട് സ്വദേശിയും പരവൂരിൽ താമസക്കാരനുമായ ഭരത് ആണ് അറസ്റ്റിലായത്. മോഷ്ടിക്കുന്ന ആടുകളെ ആർക്കാണ് വിൽപന നടത്തിയിരുന്നതെന്ന് പൊലീസ് അന്വേഷിക്കുകയാണ്. പരവൂരിലെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് 23 കാരനായ ഭരത് ആടുകളെ മോഷ്ടിച്ചത്. പൂതക്കുളം ഇടപ്പണ, ആശാരിമുക്ക് ഭാഗങ്ങളിലെ മോഷണത്തിന് യുവാവിനെതിരെ കേസെടുത്തിരുന്നു. തമിഴ്നാട് സ്വദേശിയായ പ്രതി പരവൂർ കല്ലുംകുന്ന് സുനാമി ഫ്ലാറ്റിലാണ് താമസം. തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ വ്യാപിപ്പിച്ചിരുന്നു.
പൊലീസ് മൊബൈൽ പ്രതിയുടെ ഫോൺ മൊബൈൽ ടവർ ലൊക്കേഷൻ പിൻതുടർന്ന് നാഗർകോവിൽ , കന്യാകുമാരി എന്നിവടങ്ങളിൽ എത്തിയെങ്കിലും തലനാരിഴയ്ക്ക് യുവാവ് രക്ഷപെട്ടു. അന്വേഷണ സംഘം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനിടയിൽ വീണ്ടും ടവർ ലൊക്കേഷൻ പരിശോധിച്ചു. പ്രതി തിരുവനന്തപുരത്ത് ഉള്ളതായി കണ്ടെത്തി. തുടർന്ന് തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും ഭരതിനെ പിടികൂടുകയായിരുന്നു. മോഷ്ടിക്കുന്ന ആടുകളെ ആർക്കാണ് കൈമാറുന്നതെന്ന് കണ്ടെത്താൻ പരവൂർ പൊലീസ് അന്വേഷണം തുടങ്ങി.
വീഡിയോ സ്റ്റോറി കാണാം



