മൊബൈൽ ഫോണുകളും പേഴ്സുകളും മോഷ്ടിച്ചിരുന്ന രണ്ടുപേർ അറസ്റ്റിലായി. വർദ്ധിച്ചുവരുന്ന മോഷണ പരാതികളെ തുടർന്ന് പ്രത്യേക അന്വേഷണസംഘം നടത്തിയ നിരീക്ഷണത്തിലാണ് കൊട്ടാരക്കര, കോട്ടയം സ്വദേശികളായ പ്രതികൾ പിടിയിലായത്.

തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി ബസ്റ്റാൻഡിലും പരിസരങ്ങളിലും മൊബൈൽ ഫോണുകളും പേഴ്സുകളും മോഷ്ടിച്ചിരുന്ന പ്രധാനികൾ പിടിയിലായി. ഇന്ന് വൈകുന്നേരം അഞ്ചര മണിയോടുകൂടിയാണ് സംഭവം. തമ്പാനൂർ കെഎസ്ആർടിസി നെയ്യാറ്റിൻകര-കളിയിക്കാവിള ബസ്റ്റാൻഡിൽ ബസ്സിൽ കയറാൻ ശ്രമിച്ച യാത്രക്കാർക്കിടയിൽ തിരക്ക് സൃഷ്ടിച്ച് സ്മാർട്ട് ഫോണുകളും പേഴ്സുകളും മോഷണം നടത്തുന്നതിനിടയിലാണ് പ്രതികൾ അറസ്റ്റിലായത്.

കൊട്ടാരക്കര സ്വദേശിയായ മധുരാജ് (66), കോട്ടയം നട്ടാശ്ശേരി സ്വദേശി ശിവ പ്രകാശ് (51) എന്നിവരെയാണ് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ബിനു കുമാറിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കെഎസ്ആർടിസി ബസ്റ്റാൻഡിലും പരിസരങ്ങളിലും വർദ്ധിച്ചുവരുന്ന മോഷണങ്ങളെക്കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ദിവസങ്ങളായി ഈ പ്രദേശം പ്രത്യേക അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. തമ്പാനൂർ ഇൻസ്പെക്ടർ ജിജു കുമാർ, സബ് ഇൻസ്പെക്ടർമാരായ ബിനു മോഹൻ, സന്തോഷ് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഷിഹാബ്, മെഹന്ദി ഹസ്സൻ എന്നിവരായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.