മുന്‍വരിയില്‍ പല്ലുകളില്‍ രണ്ടെണ്ണം കൊഴിഞ്ഞിട്ടും ഇരയായി കൂട്ടില്‍ കെട്ടിയിരുന്ന ആടിന്‍റെ എല്ല് പോലും ബാക്കിവെക്കാതെ അകത്താക്കിയത് വനം ഉദ്യോഗസ്ഥരെ പോലും ആശ്ചര്യപ്പെടുത്തി.


കല്‍പ്പറ്റ: 20 ആടുകളെയും രണ്ട് പശുക്കളെയും മൂന്ന് മാസം കൊണ്ട് അകത്താക്കിയതിനൊടുവില്‍ അമ്പലവയല്‍ പൊന്‍മുടിക്കോട്ടയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലകപ്പെട്ട കടുവയ്ക്ക് ശൗര്യമൊട്ടും ചോര്‍ന്നിട്ടില്ല. മുന്‍വരിയില്‍ പല്ലുകളില്‍ രണ്ടെണ്ണം കൊഴിഞ്ഞിട്ടും ഇരയായി കൂട്ടില്‍ കെട്ടിയിരുന്ന ആടിന്‍റെ എല്ല് പോലും ബാക്കിവെക്കാതെ അകത്താക്കിയത് വനം ഉദ്യോഗസ്ഥരെ പോലും ആശ്ചര്യപ്പെടുത്തി. രാവിലെ കൂട് പരിശോധിക്കാനെത്തിയപ്പോള്‍ ആടിനെയും അകത്താക്കി വിശ്രമത്തിലായിരുന്നു കടുവ. 

നൂറുകണക്കിന് കുടുംബങ്ങളെ ദിവസങ്ങളോളം ഭീതിയുടെ നിഴലിലാക്കിയ കടുവ കൂട്ടിലകപ്പെട്ട വാര്‍ത്ത അറിഞ്ഞതോടെ പ്രദേശത്തേക്ക് ജനപ്രവാഹമായിരുന്നു. വാഹനത്തിലും കാല്‍നടയായും കൂട്ടത്തോടെ ആളുകള്‍ പ്രദേശത്തേക്ക് എത്തുന്നതിനിടെയായിരുന്നു മറ്റൊരു വിവരം പുറത്തുവന്നത്. കുടുങ്ങിയ കടുവയെ കൂടാതെ മറ്റൊരെണ്ണം കൂടി പരിസരത്ത് ഉണ്ടെന്നായിരുന്നു അത്. ഇതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരും വാച്ചര്‍മാരും ജാഗരൂകരായി. ഉടന്‍ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. 

മാധ്യമ പ്രവര്‍ത്തകരെയും കൂടിന് സമീപത്തേക്ക് കടത്തിവിട്ടില്ല. ഒപ്പം തിരച്ചിലും വ്യാപിപ്പിച്ചു. എന്നാല്‍ മറ്റൊരു കടുവ കൂടി ഉണ്ടെന്നുള്ള ഒരു സൂചനയും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചില്ല. തുടര്‍ന്ന് കുടുങ്ങിയ പെണ്‍കടുവയെ പരമാവധി ജനങ്ങളെ കാണിച്ച ശേഷം കൂട് ടാര്‍പായ കൊണ്ട് മൂടി. രണ്ടര മണിക്കൂര്‍ സമയമെടുത്ത് മറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. പിന്നീട് ട്രാക്ടറില്‍ കയറ്റി സുല്‍ത്താന്‍ബത്തേരിയിലേക്ക് കൊണ്ട് പോയി.

ജനങ്ങളെയും ഉദ്യോഗസ്ഥരെയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കടുവ

മീനങ്ങാടി പഞ്ചായത്തിലെ മൈലമ്പാടിയിലും പിന്നീട് കൃഷ്ണഗിരിയിലും റാട്ടക്കുണ്ടിലുമായി ഒട്ടേറെ വളര്‍ത്ത് മൃഗങ്ങളെയാണ് കടുവ കൊന്ന് തിന്നത്. ഓരോ ദിവസവും വളര്‍ത്തുമൃഗങ്ങള്‍ കടുവയുടെ ആക്രമണത്തിന് ഇരയായതോടെ തോട്ടം ജോലികള്‍ക്കും തൊഴിലുറപ്പ് ജോലികള്‍ക്കും പോകുന്ന സാധാരണക്കാര്‍ അടക്കമുള്ളവരുടെ ഭീതിയും വര്‍ധിച്ചു കൊണ്ടിരുന്നു. മറ്റ് കടുവകളെ അപേക്ഷിച്ച് വലിയ മൃഗങ്ങളെ കീഴ്‌പ്പെടുത്താന്‍ ആരോഗ്യമില്ലാത്ത കടുവ ഭക്ഷിച്ചവയിലേറെയും ആടുകളായിരുന്നു. 

മാനും പന്നിയുമുള്‍പ്പെടെ കാട്ടുമൃഗങ്ങളെയും ഭക്ഷിച്ചതിന്‍റെ അവശിഷ്ടങ്ങളും വനംവകുപ്പിന്‍റെ തിരച്ചിലിനിടെ കണ്ടെത്തിയിരുന്നു. അതേ സമയം കടുവ കുടുങ്ങിയതോടെ ആശ്വസിക്കുന്നത് 
സുല്‍ത്താന്‍ ബത്തേരി നഗരസഭ, അമ്പലവല്‍ പഞ്ചായത്ത്, മീനങ്ങാടി പഞ്ചായത്ത് എന്നിവിടങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങളാണ്. മൈലമ്പാടി മണ്ഡകവയലില്‍ കടുവയ്ക്കായി സ്ഥാപിച്ച കൂട്ടില്‍ കടുവക്കുഞ്ഞ് കുടുങ്ങിയതിന് ശേഷം പ്രദേശത്ത് കാര്യമായ പ്രശ്നങ്ങളുണ്ടായിരുന്നില്ല. 

പക്ഷേ, ഒരുമാസത്തിനുള്ളില്‍ കടുവ കൊളഗപ്പാറ, കൃഷ്ണിഗിരി ഭാഗത്ത് പ്രത്യക്ഷപ്പെടുകയായിരുന്നു. ഇതോടെ കടുവ കൊന്ന ആടുകളുടെ ജഡവുമായി ജനം സി.സി.യിലും കൊളഗപ്പാറയിലും പ്രാധന പാതകള്‍ ഉപരോധിച്ചു. പ്രതിഷേധം കനത്തതോടെ കടുവയെ മയക്കുവെടിവെക്കാന്‍ അനുമതി ലഭിച്ചെങ്കിലും പ്രായോഗികമായില്ല. രാത്രിയും പകലുമായി വനംവകുപ്പിന്‍റെ തിരച്ചിലും കാവലും തുടരവെ മൂന്ന് ദിവസം മുമ്പാണ് പൊന്‍മുടിക്കോട്ട പ്രദേശത്ത് കടുവയെ നാട്ടുകാരില്‍ ചിലര്‍ നേരില്‍ കണ്ടത്. ഉടന്‍ ഈ ഭാഗത്ത് വനംവകുപ്പ് കൂട് സ്ഥാപിക്കുകയായിരുന്നു. പിന്നാലെ കടുവ കൂട്ടിലകപ്പെട്ടു. അതേ സമയം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളിലുള്ള നടപടിക്രമങ്ങള്‍ വനം വകുപ്പ് തുടങ്ങിയിട്ടുണ്ട്.

കൂടുതല്‍ വായനയ്ക്ക്: മീനങ്ങാടിയിൽ നാട്ടിലിറങ്ങി ഭീതി സൃഷ്ടിച്ച കടുവ ഒടുവിൽ കൂട്ടിലായി