Asianet News MalayalamAsianet News Malayalam

'രക്ഷപ്പെടാൻ ട്രെയിൻ മാറി കയറി, ഫോൺ ഓഫാക്കി, പുഴയിൽ ചാടി', ഒടുവിൽ 12 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിൽ

കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ നിരോധിത മയക്കുമരുന്നായ കഞ്ചാവ് എത്തിച്ചു നൽകുന്ന റാക്കറ്റിൽ പെട്ട രണ്ട് പേർ പിടിയിൽ

Two persons arrested with 12 kg cannabis in Kozhikode city
Author
First Published Dec 4, 2022, 7:44 PM IST

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ നിരോധിത മയക്കുമരുന്നായ കഞ്ചാവ് എത്തിച്ചു നൽകുന്ന റാക്കറ്റിൽ പെട്ട രണ്ട് പേർ പിടിയിൽ. ചക്കുംകടവ് സ്വദേശി ചെന്നലേരി പറമ്പ് വീട്ടിൽ സലീം എന്ന വെംബ്ലി സലീം (42), മീഞ്ചന്ത ചെമ്മലശ്ശേരി വയൽ നൗഫൽ (44) എന്നിവരാണ് പന്ത്രണ്ട് കിലോഗ്രാം കഞ്ചാവുമായി കണ്ണംപറമ്പ് വെച്ച് പിടിയിലായത്. 

കോഴിക്കോട്  നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ( ഡൻസാഫ് ) ചെമ്മങ്ങാട് സബ് ഇൻസ്പെക്ട്ടർ അനിൽ പി.പി യുടെ നേതൃത്വത്തിലുള്ള ചെമ്മങ്ങാട്  പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. 

പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയിൽ പത്ത് ലക്ഷത്തോളം രൂപ വിലവരും. കോഴിക്കോട് ജില്ലാ പൊലീസ് മേധാവി എ. അക്ബർ ഐ പി എസ് ന്റെ  നിർദ്ദേശപ്രകാരം നടത്തിയ പ്രത്യേക ലഹരി വിരുദ്ധ പരിശോധനയിലാണ് ഇവർ പൊലീസിന്റെ വലയിലാവുന്നത്.  കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ശ്രീനിവാസ് ഐ പി എസ് ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൻസാഫ് സ്കോഡ് വളരെ കാലമായി ഇവരെ നിരീക്ഷിച്ച് വരുകയായിരുന്നു. 

അതിനിടക്ക് ഇയാൾ ആന്ധ്രയിൽ  നിന്നും വൻതോതിൽ കഞ്ചാവ് കോഴിക്കോടേക്ക് എത്തിക്കുന്നതായി വിവരം ലഭിച്ചു. തുട‍ര്‍ന്ന് ഇയാളെ നീരീക്ഷിച്ചുവരികയായിരുന്നു. എന്നാൽ പോലീസിനെ കബളിപ്പിക്കാൻ ഫോണുമായി ട്രെയിനുകൾ മാറി കയറിയും ഫോണ് ഓഫ് ആക്കിയും അന്വേഷണം വഴിതെറ്റിക്കാൻ  ഇയാൾ ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവിൽ  കണ്ണംപറമ്പ് വെച്ച് പൊലീസ് പിടിയിലാവുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന നൗഫൽ പുഴയിൽ ചാടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. 

Read more: വായ്പ തിരിച്ചടവ് മുടങ്ങി, സമ്മർദ്ദം മൂലം യുവാവ് ജീവനൊടുക്കി

പ്രതിയായ സലീം കണ്ണമ്പള്ളി മുഖദ്ദാർ ചക്കുംകടവ് കോതി തുടങ്ങിയ തീരദേശ മേഖലകൾ കേന്ദ്രീകരിച്ച് ചില്ലറയായി കഞ്ചാവ് വിൽപന നടത്തുന്നതായി വിവരം ലഭിച്ചിരുന്നെങ്കിലും ആന്ധ്രയിൽ നിന്ന് കടത്തി കൊണ്ട് വരുന്ന കഞ്ചാവ് പൂഴിയിൽ കുഴിച്ചിട്ടോ പൊന്തക്കാടുകളിൽ ഒളിപ്പിച്ചോ സൂക്ഷിച്ചിരുന്നതും പൊലീസിനെ കാണുമ്പോൾ പുഴയിൽ ചാടി രക്ഷപെടുകയോ ഊടുവഴികളിലൂടെ കടന്ന് കളയുകയോ ചെയ്യുന്നതായിരുന്നു പതിവ്.  ഏറെ നാളത്തെ ശ്രമഫലമായാണ്  ഇത്രയധികം അളവോട് കൂടി പ്രതിയെ പിടികൂടാൻ പൊലീസിനായത്. പിടികൂടിയ കഞ്ചാവ് എവിടെ നിന്ന് എത്തിച്ചും എങ്ങിനെ എത്തിച്ചു  ആർക്കെല്ലാമാണ് വിതരണം ചെയ്യുന്നതെന്നും കൂടുതൽ ചോദ്യം ചെയ്ത് മനസിലാക്കേണ്ടതുണ്ടെന്ന് ചെമ്മങ്ങാട് ഇൻസ്പെക്ട്ടർ രാജേഷ് പി പറഞ്ഞു.

പിടിയിലായ സലീമിന് വിവിധ സ്റ്റേഷനുകളിൽ ബ്രൗൺഷുഗർ, കഞ്ചാവ് മുതലായ വിവിധ നിരോധിത ലഹരി ഉത്പ്പന്നങ്ങൾ സംസ്ഥാനം കടത്തി കൊണ്ടുവന്ന മൂന്നോളം ലഹരിമരുന്ന് നിരോധന നിയമ പ്രകാരമുള്ള കേസുകളും, എട്ടോളം മാല പിടിച്ചുപറി കേസുകളും മോഷണ കേസുകളും അടിപിടികേസുകളും ഉള്ളതായി അസ്സി. കമ്മീഷണർ പ്രകാശൻ പടന്നയിൽ പറഞ്ഞു.

ഡാൻസാഫ് അസി.  സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്, അബ്ദുറഹിമാൻ, എസ്.സി.പി.ഒ കെ അഖിലേഷ്, അനീഷ് മൂസ്സൻവീട്, സി പി ഒ മാരായ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്ത് ചെമ്മങ്ങാട് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ അനിൽ കുമാർ എസ്.സി.പി.ഒ സാജൻ എം.എസ്, സജിൽ കുമാർ, സി.പി.ഒ ജിതേഷ്, വിമൽ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios