വാൻ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി; വീടിന്‍റെ സിറ്റൗട്ടിലിരുന്ന അയൽവാസിക്ക് ദാരുണാന്ത്യം
കാറിനും ഭിത്തിക്കും ഇടയില്‍പ്പെട്ടാണ് അയല്‍വാസിയായ ഉബെദുള്ള മരിച്ചത്.
പത്തനംതിട്ട: പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ വീട്ടിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. കുലശേഖരപതി സ്വദേശി ഉബൈദുള്ള (52)യാണ് മരിച്ചത്. ഉബൈദുള്ളയുടെ സുഹൃത്ത് അയൂബ് ഖാന്റെ വീട്ടിൽ ഇരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാന്‍ ഗേറ്റ് തകര്‍ത്ത് വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇടിച്ചു. കാറിനും ഭിത്തിക്കും ഇടയില്‍പ്പെട്ടാണ് അയല്‍വാസിയായ ഉബെദുള്ള മരിച്ചത്.
ഉച്ചയോടെയാണ് അപകടം ഉണ്ടായത്. വീടിന്‍റെ മതില്‍ കൂടി തകര്‍ത്താണ് വീടിന് മുന്നിലേക്ക് ഇടിച്ചു കയറിയത്. ഈ സമയത്ത് വീട്ടില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. രണ്ട് പേര്‍ പെട്ടെന്ന് ഓടിമാറി. എന്നാല്‍ ഉബൈദുള്ളയ്ക്ക് പെട്ടെന്ന് ഓടിമാറാന്‍ സാധിച്ചില്ല. വീട്ടുമുറ്റത്ത് കിടന്ന കാറിലാണ് ആദ്യം വാന്‍ ഇടിച്ചത്. തുടര്‍ന്ന് കാര്‍ മുന്നോട്ട് നീങ്ങി ഭിത്തിയുമായി ചേര്‍ന്ന് ഇടിക്കുകയായിരുന്നു.
ഉബൈദുള്ള ഭിത്തിക്കും കാറിനും ഇടയില്‍ പെട്ടുപോയി. ഗുരുതര പരിക്കേറ്റ ഉബൈദുള്ളയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വീട്ടിലേക്ക് ഇടിച്ചു കയറുന്നതിന് മുന്‍പ് റോഡിലെ ഒരു ബൈക്കിലും വാന്‍ ഇടിച്ചിരുന്നു. തുടര്‍ന്നാണ് അയൂബ് ഖാന്‍റെ വീട്ടിലേക്ക് പാഞ്ഞെത്തിയത്. അയല്‍വാസികളായ മൂന്ന് പേര്‍ വിശേഷം പറഞ്ഞ് വീടിന്‍റെ സിറ്റൌട്ടിലിരിക്കുന്ന സമയത്തായിരുന്നു അപ്രതീക്ഷിതമായ അപകടം.