ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി എത്തിയതോടെ ഡോ. രാജേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ കാട്ടാനയെ രണ്ട് റൗണ്ട് മയക്കുവെടിവെച്ച് വീഴ്ത്തുകയായിരുന്നു

സുല്‍ത്താന്‍ ബത്തേരി: തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഓവാലിയിലും പരിസരത്തും നിരവധി പേരുടെ ജീവനെടുത്ത ആനയെ മയക്കുവെടിവെച്ച് പിടികൂടി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി വനംവകുപ്പ്. ഇക്കഴിഞ്ഞ മാസം മാത്രം രണ്ടുപേരുടെ ജീവനെടുത്ത കാട്ടാനയെ ഉടന്‍ പിടികൂടാനായിരുന്നു തമിഴ്‌നാട് വനംവകുപ്പിന് ഉന്നതതലങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശം. ഒരാഴ്ചനീണ്ട നടപടികള്‍ക്ക് ശേഷമാണ് ആനയെ ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ എല്ലമലയില്‍വെച്ച് തളച്ചത്. ജനവാസ മേഖലയോട് ചേര്‍ന്ന് നിലയുറപ്പിച്ചിരുന്ന കൊമ്പനെ ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനിടെ എല്ലമലയിലെ കുറുമ്പ്രര്‍പാടിക്ക് സമീപം കണ്ടെത്തുകയായിരുന്നു. ട്രാക്ക് ചെയ്തതിന് ശേഷം മുതുമല ഫീല്‍ഡ് ഡയറക്ടര്‍ ജെ. വെങ്കിടേഷ്, വെറ്ററിനറി സര്‍ജന്‍ ഡോ. രാജേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേകം പരിശീലനം ലഭിച്ച യുവാക്കളും വനപാലകസംഘവും പ്രദേശത്തേക്ക് എത്തി. തെപ്പക്കാട് ആനസംരക്ഷണ കേന്ദ്രത്തില്‍നിന്ന് എത്തിച്ച ശ്രീനിവാസന്‍, ബൊമ്മന്‍, ഉദയന്‍ എന്നീ കുങ്കിയാനകളെയും സജ്ജരാക്കി നിര്‍ത്തിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി എത്തിയതോടെ ഡോ. രാജേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ കാട്ടാനയെ രണ്ട് റൗണ്ട് മയക്കുവെടിവെച്ചു.

കുങ്കികളും മണ്ണുമാന്തിയന്ത്രവും ഉപയോഗിച്ച് ലോറിയിലേക്ക്

മയങ്ങി നിന്ന ആനയെ സമയം കളയാതെ തന്നെ കുങ്കിയാനകളെയും മണ്ണുമാന്തി യന്ത്രവും ഉപയോഗിച്ച് റോഡിനു സമീപമെത്തിച്ച് ലോറിയിലേക്ക് കയറ്റി. വൈകുന്നേരം അഞ്ചരയോടെ കാട്ടാനയെ തെപ്പക്കാട്ടെ ആനപരിപാല കേന്ദ്രത്തില്‍ പ്രത്യേകം സജ്ജീകരിച്ച കൊട്ടിലില്‍ തളക്കുകയായിരുന്നു. നിരന്തരം മനുഷ്യജീവനുകളെടുക്കുകയും മനുഷ്യരോട് പകയോടെ പെരുമാറുകയും ചെയ്യുന്ന കാട്ടാനയെ പിടികൂടാന്‍ വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ രാകേഷ്‌കുമാര്‍ ദോഗ്ര ഒരാഴ്ചമുന്‍പ് നിര്‍ദേശം നല്‍കിയിരുന്നു. കൊലയാളി ആന കൂട്ടിലായതോടെ ഓവാലി, എല്ലമല, കുറുമ്പ്രര്‍പാടി, ന്യൂഹോപ്പ് പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്ക ഇല്ലാതായി. എങ്കിലും ഈ പ്രദേശങ്ങളില്‍ ഇപ്പോഴും മറ്റു കാട്ടാനകളുടെ ശല്യം അതിരൂക്ഷമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം