പതിമൂന്ന് ദിവസത്തെ ദൗത്യത്തിനൊടുവിൽ പിടികൂടിയ മുട്ടിക്കൊമ്പൻ എന്ന കാട്ടാനയെ ചികിത്സയ്ക്ക് ശേഷം തിരികെ കാട്ടിലേക്ക് വിടാനുള്ള വനംവകുപ്പിന്റെ നീക്കത്തിൽ നൂൽപ്പുഴ നിവാസികൾ ആശങ്കയിലാണ്. മനുഷ്യജീവന് ഭീഷണിയായ ആനയെ തുറന്നുവിടരുതെന്ന് നാട്ടുകാരും പഞ്ചായത്തും ആവശ്യപ്പെടുമ്പോൾ, വിഷയം ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

സുല്‍ത്താന്‍ ബത്തേരി: പതിമൂന്ന് ദിവസം നീണ്ടു നിന്ന ദൗത്യത്തിന് ഒടുവില്‍ താത്തൂര്‍ ടസ്‌കര്‍ വണ്‍ എന്ന മുട്ടിക്കൊമ്പനെ വനംവകുപ്പ് കൂട്ടിലടച്ചു കഴിഞ്ഞു. മത്തങ്ങയിലെ ആനപ്പന്തിയിലെ കൊട്ടിലില്‍ അടക്കപ്പെട്ട് ദിവസങ്ങളോളം പരാക്രമം കാണിച്ച ആനയെ വീണ്ടും കാട്ടിലേക്ക് തുറന്നുവിടണമെന്ന വനം വകുപ്പിന്‍റെ നടപടിയില്‍ ആശങ്കയിലാണ് നൂല്‍പ്പുഴ പഞ്ചായത്തിലെ കാടോരങ്ങളില്‍ താമസിക്കുന്നവര്‍. ആനയെ കൂട്ടിലടച്ചെന്ന ആശ്വാസത്തില്‍ കഴിയുമ്പോഴാണ് അടുത്ത പണി വന്നിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേ സമയം വടക്കനാട്, വള്ളുവാടി മേഖലയില്‍ സ്ഥിരം ശല്യക്കാരനും, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറുകയും ചെയ്ത മുട്ടിക്കൊമ്പനെ വനത്തിലേയ്ക്ക് തിരികെ വിടാനുള്ള നീക്കത്തിനെതിരെ നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തും പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തുണ്ട്. വടക്കനാട് പച്ചാടി കദംങ്ങത്ത് രജീവ് എന്ന യുവകര്‍ഷകനെ ആന കൊലപ്പെടുത്തിയതോടെയാണ് ശല്യക്കാരനായ മുട്ടികൊമ്പനെ പിടികൂടാന്‍ വനംവകുപ്പ് അനുതമതി തേടിയത്.

നിലവില്‍ തുമ്പിക്കൈക്ക് പരിക്കുള്ള ആനയെ പന്തിയില്‍ വെച്ച് ചികില്‍സ നടത്തിവരികയാണ്. മുറിവ് ഭേദമായാല്‍ ആനയെ വനത്തിലേയ്ക്ക് തന്നെ തുറന്ന് വിടാനാണ് വനം വകുപ്പിന്റെ നീക്കം. അതിനിടെ ആനയെ വനത്തിലേയ്ക്ക് തന്നെ തുറന്നുവിടണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി വാദികളും തുറന്നുവിടരുതെന്ന അഭ്യര്‍ത്ഥനയുമായി പ്രദേശവാസികളും ഹൈക്കോടതിയെ സമീപിച്ചിരിക്കുകാണ്. ആനയെ പിടികൂടിയതിനെ തുടര്‍ന്ന് രൂപീകരിച്ച സാങ്കേതിക സമിതിയുടെ തീരുമാനം അനുസരിച്ചാണ് വനം വകുപ്പ് നടപടികള്‍ തുടരുക. കാട്ടാനയുടെ ആക്രമണംമൂലം ജീവനും ,ജീവനോപാധികളും നേരിട്ട് ബാധിക്കുന്ന 25,000ത്തിലധികം വരുന്ന ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ആനയെ കാട്ടിലേക്ക് തുറന്ന് വിടരുതെന്നാണ് ഗ്രാമ പഞ്ചായത്തിന്‍റെ ആവശ്യം.

പ്രശ്‌നക്കാരനായ ആനകളെ തടവില്‍ സൂക്ഷിക്കണമെന്ന് കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം വ്യവസ്ഥ ചെയ്യുന്നതായി പഞ്ചായത്ത് ഭരണസമിതി ചൂട്ടിക്കാട്ടുന്നു. മനുഷ്യരെ കൊന്നിട്ടുള്ള ആനകളെ തുറന്ന് വിടുന്നത് അപകടകരമാണ്. അതിനാല്‍ ഇത് ഒഴിവാക്കേണ്ടതാണ്. ആനയെ തുറന്ന് വിടുകയാണെങ്കില്‍ 300 കിലോമീറ്ററെങ്കിലും ദൂരെയായിരിക്കണം. വകുപ്പിന്‍റെ ഈ മാര്‍ഗ നിര്‍ദേശങ്ങളുടെയെല്ലാം ലംഘനമാണ് ഇപ്പോള്‍ ആനയെ വയനാട്ടില്‍ തന്നെ തുറന്ന് വിടാന്‍പോകുന്നതിലൂടെ വനംവകുപ്പ് ചെയ്യുന്നതെന്ന് പഞ്ചായത്ത് ഭരണസമിതി ആരോപിച്ചു.