ഒന്നര പവന്‍ തുക്കമുള്ള സ്വര്‍ണ്ണമാലയും 52000 രൂപയടങ്ങിയ ബാഗുമാണ് യുവാക്കൾ തിരികെ നൽകിയത്

തൃശൂര്‍: വ്യത്യസ്ഥമായ രണ്ട് സംഭവങ്ങളില്‍ വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണ്ണവും പണവും ഉടമകള്‍ക്ക് തിരികെ നല്കിയ മേലൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍. ഒരാള്‍ക്ക് സ്വര്‍ണ്ണമാലയും മറ്റൊരാള്‍ക്ക് പണമടങ്ങിയ ബാഗുമാണ് റോഡില്‍ നിന്നും ലഭിച്ചത്. മേലൂര്‍ കാലടി സ്വദേശി പെരുങ്കുളങ്ങര വീട്ടില്‍ ശ്രീകുമാറിനാണ് പുഷ്പഗിരി റോഡില്‍ നിന്നും ഒന്നര പവന്‍ തുക്കമുള്ള സ്വര്‍ണ്ണമാല ലഭിച്ചത്. കോഴിക്കടയിലേക്ക് പോകുന്ന വഴിയാണ് റോഡരികില്‍ നിന്നും മാല ലഭിച്ചത്. ഡ്രൈവറായ ശ്രീകുമാര്‍ മാല വാര്‍ഡ് മെമ്പറെ ഏല്‍പ്പിച്ചു. തുടര്‍ന്ന് വാ‍ർഡ് മെമ്പർ സാമൂഹ മാധ്യമങ്ങളില്‍ മാല കള‌ഞ്ഞുകിട്ടിയതായി സന്ദേശമിട്ടു.

മേലൂര്‍ സെന്റ്.ജോസഫ് പള്ളിയിലെ ആരാധനയ്ക്കിടയിലും മാല കളഞ്ഞുകിട്ടിയ വിവരം അറിപ്പായി നല്കി. പള്ളിയില്‍ കേട്ട വിവരമനുസരിച്ച് മാലയുടെ ഉടമയായ തെക്കന്‍ വീട്ടില്‍ ജെസ്ന മെമ്പറെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് മെമ്പറുടെ സാന്നിധ്യത്തില്‍ ശ്രീകുമാര്‍ മാല ഉടമയക്ക് കൈമാറി. മേലൂര്‍ പൂലാനി പുത്തന്‍വീട്ടില്‍ അജലാണ് വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ 52000രൂപയടങ്ങിയ ബാഗ് ഉടമക്ക് നല്കിയത്. പനമ്പിള്ളി കോളജ് പരിസരത്ത് നിന്നാണ് അജലിന് ബാഗ് ലഭിച്ചത്. ചാലക്കടി മാര്‍ക്കറ്റിലെ മാടവന സ്റ്റോഴ്സിലെ ജീവനക്കാരുടെ കയ്യില്‍ നിന്നാണ് ബാഗ് നഷ്ടപ്പെട്ടത്.

കളക്ഷന്‍ ജീവനക്കരായ ഇവര്‍ പനമ്പിള്ളി കോളജിന് സമീപത്തെ കടയില്‍ നിന്നും കളക്ഷന്‍ കഴിഞ്ഞ് വരുന്ന വഴി വാഹനത്തില്‍ നിന്നാണ് ബാഗ് നഷ്ടപ്പെട്ടത്. ഇത് സംബന്ധിച്ച് ഉടമ ചാലക്കുടി പൊലീസില്‍ പരാതി നല്കിയിരുന്നു. ബാഗ് ലഭിച്ച അജല്‍ പൂലാനിയിലെ വാര്‍ഡ് മെമ്പറെ ബാഗ് ഏല്‍പ്പിച്ചു. തുടര്‍ന്ന് ഇരുവരും ചാലക്കുടി പൊലീസ് സ്റ്റേഷനിലെത്തി ബാഗ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് പരാതിക്കാരെ വിളിച്ചുവരുത്തി ബാഗ് കൈമാറുകയും ചെയ്യുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം