സംശയം തോന്നി നാട്ടുകാർ ചോദിച്ചപ്പോൾ ബൈക്ക് എടുക്കാൻ വന്നതാണെന്ന മറുപടിയാണ് നൽകിയത്
ഹരിപ്പാട്: വീട്ടിൽ നിന്ന് മോഷ്ടിച്ച ബൈക്ക് കാവിനുളളിൽ ഉപേക്ഷിച്ച നിലയിൽ. ചിങ്ങോലി സ്വദേശിയുടെ ബൈക്കാണ് മുതുകുളം കൊല്ലകൽ ക്ഷേത്രത്തിന് വടത്തുഭാഗത്തുളള കുടുംബക്കാവിൽ നിന്ന് കിട്ടിയത്. പ്രായപൂർത്തിയാകാത്ത രണ്ടു പേരാണ് കടത്തിക്കൊണ്ടുപോയത്. കഴിഞ്ഞദിവസം രാവിലെ യുവാക്കളെ കാവിനു സമീപം സംശയാസ്പദമായി പരിസരവാസികൾ കണ്ടു.
ചോദിച്ചപ്പോൾ ബൈക്ക് എടുക്കാൻ വന്നതാണെന്ന മറുപടിയാണ് നൽകിയത്. ബൈക്കിന്‍റെ നമ്പർ പ്ലേറ്റ് എവിടെയെന്ന് തിരക്കിയപ്പോൾ വർക്ക് ഷോപ്പിൽ നിന്ന് കൊണ്ടുവന്നതാണെന്ന് പറഞ്ഞു തട്ടിക്കയറി. തുടർന്ന് മോഷ്ടാക്കൾ അവിടെ നിന്നു കടന്നു കളയുകയായിരുന്നു. പിന്നാലെ കനകക്കുന്ന്, കരീലക്കുളങ്ങര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
ഇതിനിടെ, ബൈക്ക് മോഷണം പോയതു കാണിച്ച് ഉടമ കരീലക്കുളങ്ങര പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട്, നടത്തിയ അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടു പേരാണ് കടത്തിക്കൊണ്ടു പോയതെന്ന് വ്യക്തമായി. പരാതി ഇല്ലാത്തതിനാൽ കേസെടുത്തില്ല.
