ആര്‍ക്കാണ് ജീവിതത്തിലൊരു തൊട്ടപ്പനില്ലാത്തത്? തലതൊട്ടപ്പനെപ്പോലൊരു സാന്നിധ്യം.  ജീവിതത്തെ മാറ്റിമറിച്ചൊരാള്‍. വഴികാട്ടി. തളരുമ്പോള്‍ ചായാനൊരു ചുമല്‍. അതാരുമാകാം. ആണോ പെണ്ണോ. പരിചിതരോ അപരിചിതരോ. സുഹൃത്തോ ബന്ധുവോ സഹപ്രവര്‍ത്തകരോ. ഉള്ളിനുള്ളിലെ ആ ഒരാളെക്കുറിച്ചുള്ള കുറിപ്പുകളാണിവ. 

പ്രത്യേകിച്ച് സംഭവ വികാസങ്ങളൊന്നുമില്ലാതെ ജീവിതം ഇങ്ങനെ മുമ്പോട്ട് പോകുന്നതിനിടയിലാണ് പഴയ ഒരു സുഹൃത്തിനെ കൊച്ചിയില്‍ വെച്ച് കാണാന്‍ ഇടയായത്. സംസാരത്തിനിടയില്‍ അവരുടെ പുതിയ പ്രോജക്ടിലേക്ക് ആളുകളെ എടുക്കുന്ന കാര്യവും സൂചിപ്പിച്ചു. കൂടെ, 'നിനക്ക് താല്‍പര്യം ഉണ്ടെങ്കില്‍ ഒരു ബയോഡാറ്റ കൂടി അയക്ക്' എന്നൊരു പറച്ചിലും. എന്തായാലും ഞാനും അയച്ചു ഒരു ബയോഡാറ്റ. പ്രതീക്ഷ ഇല്ലാതിരുന്നു എങ്കിലും എനിക്കും വന്നു ഇന്റര്‍വ്യൂവിനുളള കോള്‍ ലെറ്റര്‍. എന്തായാലും ഇന്റര്‍വ്യൂ എന്ന കടമ്പ വിജയകരമായി പിന്നിട്ട് തലസ്ഥാന നഗരിയില്‍ പത്മനാഭന്റെ മണ്ണില്‍ എനിക്കും ജോലി ലഭിച്ചു. താമസം പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ അടുത്ത്. 

അങ്ങനെ ജോലി തുടങ്ങി, പുതിയ സാഹചര്യം, പുതിയ ഭക്ഷണം, രീതികള്‍, സഹപ്രവര്‍ത്തകര്‍... പുറമെ ഗൗരവക്കാരനായിരുന്ന ഒരാളായിരുന്നു എന്റെ സാര്‍. നല്ല അസ്സലൊരു തൃശ്ശൂര്‍കാരന്‍. ആദ്യമൊക്കെ എനിക്ക് അദ്ദേഹത്തിനോട് സംസാരിക്കാന്‍ തന്നെ പേടിയായിരുന്നു. ബഹുമാനം കൊണ്ടുള്ള പേടി എന്നു പറയില്ലേ? അത്. എന്നാല്‍ പതിയെ പതിയെ അതിനൊക്കെ മാറ്റമായി...

എന്റെ സംശയങ്ങള്‍ക്ക് ക്ഷമാപൂര്‍വ്വം ഉത്തരം പറഞ്ഞ് തന്നും, തെറ്റുകള്‍ തിരുത്തി എന്റെ ജോലി കുറച്ചു കൂടി നന്നായി് ചെയ്യാനും അദ്ദേഹത്തിനൊപ്പമുള്ള കുറച്ച് നാളുകള്‍ കൊണ്ട് തന്നെ എനിക്ക് സാധിച്ചു. കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ ഗൗരവം കൂടി, എഴുത്തില്‍ മാറ്റങ്ങളുണ്ടായി. പല കാര്യങ്ങളും ഞാന്‍ തന്നെയാണോ ചെയ്തതെന്ന അത്ഭുതമായിരുന്നു പിന്നീട് എനിക്ക്. 

വ്യക്തിപരമായ പല പ്രശ്‌നങ്ങളിലും ഒരു സഹോദരന്റെ കരുതലോടെ എന്റെയൊപ്പം നിന്നു. ഒരു ദിവസം ഓഫീസില്‍ വച്ച് പനി കൂടിയപ്പോഴും, ഒന്നും ചെയ്യാനാകാതെ നിസ്സഹായയായി പൊട്ടിക്കരഞ്ഞ സന്ദര്‍ഭങ്ങളിലും ഒരു താങ്ങായിഎന്റെ കൂടെ നിന്നു ഈ 'തൊട്ടപ്പന്‍'. ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് പ്രത്യേകിച്ച് ഒന്നും പറയാതെ തന്നെ എന്നെ മനസിലാക്കി എന്റെ കൂടെ എങ്ങനെ നില്‍ക്കുന്നു എന്ന്? അനാവശ്യമായുള്ള ഫോണ്‍ വിളികളില്ല, ചാറ്റിങ് ഇല്ല.. എന്നിട്ടും?

ഓഫീസിലിരുന്ന് 'സഞ്ജനാ...' എന്നുള്ള ഒറ്റവിളിയില്‍ നിന്ന് അറിയാം അത് എന്തിനു വേണ്ടി വിളിച്ചതാണെന്ന്. അതുപോലെ തന്നെ തിരിച്ചും. താമസിച്ചിറങ്ങുന്ന ദിവസങ്ങളില്‍ കരുതലോടെ ഹോസറ്റലില്‍ കൊണ്ടുവിടാനും ഭക്ഷണം വാങ്ങി തരാനും എന്നോട് അനുവാദം പോലും ചോദിച്ചിരുന്നില്ല എന്നത് മറ്റൊരു മധുരമുള്ള ഓര്‍മ്മ. 

ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നേരിടേണ്ടി വന്ന എന്റെ വിവാഹ നാളില്‍ എന്നെ ഭദ്രമായി താങ്ങി നിര്‍ത്തിയ കൈകളായിരുന്നു ചേട്ടന്‍േറത്. എന്റെ കാര്യങ്ങളില്‍ ഇടപെട്ടു എന്നതിന്റെ പേരില്‍ സ്വന്തം കുടുംബത്തില്‍ നിന്നു പോലും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. കരഞ്ഞുറങ്ങിയ പല രാത്രികളിലും എന്നെ സമാധാനിപ്പിക്കുവാനും, പുഞ്ചിരി വിരിയിക്കുവാനും മറ്റാരേക്കാളും മുന്നില്‍ നിന്നു. എന്റെ കാര്യങ്ങളില്‍ ഇടപെട്ടിട്ട് അവസാനം ചേട്ടന്റെ ജീവിതത്തില്‍ ഒരു കുഴപ്പമുണ്ടാകരുതെന്ന് പലവട്ടം പറഞ്ഞെങ്കിലും, 'നീ വിഷമിക്കരുത്.. ബാക്കിയൊക്കെ ഞാന്‍ മാനേജ് ചെയ്‌തോളാം' എന്ന മറുപടിയിലത് ഒതുക്കും.

മേല്‍ ഉദ്യോഗസ്ഥനായിട്ടല്ല, ഒരു വഴികാട്ടിയായും, സഹോദരനായും എന്തിനേറെ ഇങ്ങനെ ഒരു കുറിപ്പ് എഴുതാന്‍ ഒരു നിമിത്തമായ് മാറിയത് പോലും 'എന്റെ ചേട്ടന്‍' കാരണമാണ്. ജീവിതത്തില്‍ നമുക്ക് പല വിഷമങ്ങളും നേരിടേണ്ടതായ് വരും. എന്നാല്‍ അപ്പോള്‍ ഇതുപോലെ ഒരാള്‍ കാണും. തൊട്ടപ്പനായ്.

ഫ്രാന്‍സിസ് നൊറോണ: ഓരോ മനുഷ്യനും ഒരു തൊട്ടപ്പനായി കാത്തിരിക്കുന്നു

അക്ബര്‍: തൊട്ടപ്പന്‍ എന്ന നിലയില്‍ നേര്യമംഗലം കാടും മലയും നദിയും

ജിഷ കെ:  പ്രപഞ്ചം എനിക്ക് വേണ്ടി കരുതിവെച്ച ഒരുവള്‍

വൈഗ ക്രിസ്റ്റി: തുരുമ്പിച്ച എന്റെ കണ്ണുകള്‍ക്കു പകരം  ഒരു ജോടി കണ്ണ് അവളെനിക്കു വച്ചു തന്നു  

രസ്‌ലിയ എം എസ്: മുറിവില്‍ തേന്‍ പുരട്ടുന്നൊരാള്‍ 

സജിത്ത് മുഹമ്മദ്: സ്നേഹം പകര്‍ച്ചവ്യാധിയാക്കിയ ഒരുവള്‍

അജീഷ് ചന്ദ്രന്‍: കാലമൊരുക്കി വച്ച തൊട്ടപ്പന്‍ മാജിക്ക്

ഫര്‍സാന അലി: അതിലും വലിയ സമ്മാനമൊന്നും  പിന്നീടെനിക്ക് ലഭിച്ചിട്ടില്ല

കവിത ജയരാജന്‍: ഇന്നും ഈ തൊട്ടപ്പന്റെ സാന്നിധ്യം എന്റെ ജീവിതത്തിലുണ്ട്...

ജഹാംഗീര്‍ ആമിന റസാഖ്: ഉമ്മാ, അനാഥത്വത്തിന്‍റെ കനത്ത വേനലിൽ ഞാൻ നിറഞ്ഞ് വിയർക്കുന്നു...

 ശ്രീജിത്ത് എസ് മേനോന്‍: എംടി യാണെന്റെ തൊട്ടപ്പന്‍!

റഫീസ് മാറഞ്ചേരി: പ്രവാസിയുടെ തൊട്ടപ്പന്‍!

ജുനൈദ് ടി പി തെന്നല: ഒരു ഒന്നൊന്നര മാമന്‍!

സുമാ രാജീവ്: പുരുഷോത്തം തോഷ്‌നിവാള്‍ എന്ന മാര്‍വാഡി

ജുനൈസ് അബ്ദുല്ല: 'ഇന്റെ ആരാ അബുക്ക?'

രസ്‌ന എം പി: ഇങ്ങനെയുമുണ്ട് അധ്യാപകര്‍!