രാത്രികളില്‍ ഒറ്റയ്ക്ക് ഇറങ്ങിനടക്കാന്‍ കഴിയാത്ത ഒരു ദേശത്ത്, ഓണ്‍ലൈന്‍ ഇടത്തിലെ സ്ത്രീയുടെ അനുഭവങ്ങള്‍ എന്തൊക്കെയാണ്? നിങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ പച്ച ലൈറ്റ് എന്ന് എഴുതാന്‍ മറക്കരുത്

മുഖ പുസ്തകത്തിലെ പച്ച ലൈറ്റുമായി ഞാന്‍ ചങ്ങാത്തം കൂടിയിട്ട് ഒരു വര്‍ഷമായി. അറിവിന്റെ വാതായനങ്ങള്‍ തുറന്നു തന്ന ലോകം. ഒത്തിരി നല്ല സൗഹൃദങ്ങളും , വെളിച്ചത്തിലേക്ക് വഴി നടത്തിയ പ്രശസ്തരായ പലരുടെ കൂട്ടും നേടി തന്ന ഇടം. ഓര്‍ക്കാന്‍ നല്ലത് മാത്രം സമ്മാനിച്ച  അനുഭവമായിരുന്നു കഴിഞ്ഞ ആഴ്ച വരെ മുഖപുസ്തകത്തിലെ പച്ച ലൈറ്റുകള്‍ .

കാര്യങ്ങളുടെ ഗതി മാറിയത് പെട്ടെന്നായിരുന്നു. ഒരാഴ്ച കൊണ്ട് ആയിരത്തിലധികം റിക്വസ്റ്റുകള്‍ വരികയും ചിലരെയൊക്കെ ആക്‌സപ്റ്റ് ചെയ്യുകയും ചെയ്തു. പൊതുവേ, ആണുങ്ങളുടെ റിക്വസ്റ്റുകളാണ് കൂടുതലും വരാറ് എന്നുള്ളത് കൊണ്ട് തന്നെ ഏതെങ്കിലും പെണ്ണുങ്ങളുടെ റിക്വസ്റ്റ്് കാണുമ്പോ ചാടിക്കയറി അക്‌സപ്റ്റ് ചെയ്യാറാണ് പതിവ്. അങ്ങിനെ സ്വീകരിച്ച ഒരു സ്ത്രീ സൗഹൃദത്തില്‍ നിന്നാണ് ആദ്യത്തെ അനുഭവം. 

റിക്വസ്റ്റ് സ്വീകരിച്ച ഉടനെ ഇന്‍ബോക്‌സില്‍ വന്ന് ഞാനൊരു ബോയ് ആണെന്നും, സെക്‌സ് ചാറ്റിന് താല്‍പര്യമുണ്ടോയെന്നും ചോദിച്ചു. ഞാന്‍ ചുവന്നു കലി തുള്ളുന്ന ഇമോജി ഇട്ടപ്പോള്‍ 'സോറി, ബൈ ' എന്ന് പറഞ്ഞ് അവന്‍ സ്ഥലം കാലിയാക്കി.

അടുത്ത ദിവസം മൊബൈല്‍ ഗാലറിയില്‍ ഫോട്ടോസ് നോക്കിയിരിക്കുമ്പോള്‍ കുറച്ചു ഫോട്ടോസ് വന്നു. ലൈവായത് കൊണ്ട് ഉടന്‍ തന്നെ ഇന്‍ബോക്‌സ് തുറന്ന് കലി തുള്ളുന്ന ഇമോജി ഇട്ടു. ഇത്തവണ അത് ഏറ്റില്ല. ഫോട്ടോസ് അയക്കുന്ന തിരക്കില്‍ അവന്‍ അത് കണ്ടത് കൂടെയില്ല. ശക്തമായി പ്രതികരിച്ചപ്പോള്‍ 'ആള് മാറി പോയതാണ്, ഈ പേരില്‍ വേറെ ഒരു സുഹൃത്തുണ്ട് അവര്‍ക്ക് അയച്ചതാണ്' എന്നവന്‍. കൂടെ ഒരു ലോഡ് സോറിയും. അപ്പോള്‍ തന്നെ അവനെ ബ്ലോക്കി. ഇതു പോലെയുള്ള ആള്‍മാറാട്ട കേസ് നമ്മളെത്രെ കണ്ടിരിക്കുന്നു!

തലേ ദിവസത്തെ അനുഭവം കൊണ്ട് അടുത്ത ദിവസവും ഗാലറി പരിശോധിച്ചപ്പോള്‍ വീണ്ടും അതുപോലെയുള്ള ഫോട്ടോസുകള്‍. ഇത്തവണ ലൈവല്ലാത്തത് കൊണ്ട് ആളെ കിട്ടിയില്ല. നൂറു കണക്കിനു വരുന്ന മെസേജുകളില്‍ നിന്ന് ആളെ കണ്ടു പിടിക്കാന്‍ ഒത്തിരി സമയം നഷ്ടപ്പെടുത്താന്‍ കഴിയാത്തത് കൊണ്ട് ബ്ലോക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ല. 

മാന്യതയുടെ മുഖം മൂടിയണിഞ്ഞ ക്ഷുദ്രജീവികളാണ് അപകടകാരികള്‍.

സ്ത്രീകളും മോശക്കാരല്ല. തന്റെ അര്‍ദ്ധ നഗ്‌ന ഫോട്ടോ അയച്ചു തന്ന സ്ത്രീയേയും ബ്ലോക്ക് ചെയ്യേണ്ട അവസ്ഥ വന്നു. ഒട്ടും പരിചയമില്ലാത്തവരായിരുന്നിട്ട് കൂടി ഇത്തരത്തില്‍ ഫോട്ടോസ് അയക്കാനുള്ള ഇവരുടെ തൊലിക്കട്ടി അപാരം തന്നെ. എല്ലാം കണ്ട് മിണ്ടാതെയിരിക്കും സ്ത്രീകള്‍ എന്ന് ഇത്തരക്കാര്‍ കരുതുന്നുണ്ടെങ്കില്‍ ആ ധാരണ മാറ്റി വെക്കുന്നതാ നല്ലത്. സമൂഹ മധ്യത്തില്‍  ഇവരുടെ മുഖം മൂടികള്‍ വലിച്ചു കീറാന്‍ പ്രാപ്തിയുള്ള ശക്തിയായി സ്ത്രീകള്‍ മാറിയിട്ടുണ്ടെന്ന് ഇവര്‍ തിരിച്ചറിയണം .

പ്രൊഫൈലില്‍ കൂടി താനാരാണെന്ന് വിളിച്ചു പറയുന്നവര്‍ വലിയ ഉപകാരമാണ് ചെയ്യുന്നത്. അപ്പോ തന്നെ റിക്വസ്റ്റ് ലിസ്റ്റില്‍ നിന്ന് അവരെ ഒഴിവാക്കാന്‍ ആ വെളിപ്പെടുത്തല്‍ സഹായിക്കും. മാന്യതയുടെ മുഖം മൂടിയണിഞ്ഞ ക്ഷുദ്രജീവികളാണ് അപകടകാരികള്‍. പെണ്ണിന്റെ പേര് കാണുമ്പോഴേക്കും ശരീരം മാത്രം മനസില്‍ തെളിയുന്ന ഞരമ്പു രോഗികള്‍.

ഫേസ്ബുക്കില്‍ വരുന്ന ലേഖനങ്ങളും പോസ്റ്റുകളും വായിക്കാന്‍ കഴിയാത്ത അവസ്ഥ വരുന്നു എന്നതാണ് മറ്റൊരനുഭവം . മെസേജുകളുടെ ബാഹുല്യം സഹിക്കാം, അത് ഇന്‍ബോക്‌സ് തുറക്കാതിരുന്നാല്‍ തീരും. പക്ഷേ വരുന്ന കോളുകളാണ് ശല്യം. ഏതെങ്കിലും ലേഖനത്തിന്റെ ഒരു വരി വായിച്ചതേയുണ്ടാവൂ, അപ്പോ വരും കോള്‍. അത് ഡിസ്‌കണക്ട് ചെയ്ത് വീണ്ടും വായിക്കാന്‍ തുടങ്ങുമ്പോള്‍ പിന്നെയും കോള്‍. നാലും അഞ്ചും പ്രാവശ്യം ഡിസ്‌കണക്ട്് ചെയ്താലും വീണ്ടും വിളിക്കും. അത് നിര്‍ത്തിയാല്‍ പിന്നെ വേറെ നമ്പറില്‍ നിന്ന്. അവസാനം ഒരുവരി പോലുംവായിച്ചുപൂര്‍ത്തിയാക്കാനാവാതെ മുഖ പുസ്തകം അടച്ചു വെച്ചു പോകേണ്ട അവസ്ഥവരുന്നു. തുടര്‍ച്ചയായി ഡിസ്‌കണക്ട് ചെയ്യുമ്പോള്‍ സംസാരിക്കാന്‍ താല്‍പര്യമില്ലാന്ന് മനസിലാക്കാനുള്ള സാമാന്യ ബുദ്ധി ഇവര്‍ എവിടെ പണയം വെച്ചുവോ ആവോ? കോള്‍ അറ്റന്റ് ചെയ്ത് ചീത്ത വിളിച്ചാലൊന്നും ആരും മര്യാദക്കാരാവാന്‍ പോവുന്നില്ല എന്ന് ശരിക്കും അറിയാവുന്നത് കൊണ്ട് കോള്‍ അറ്റന്റ് ചെയ്യാറില്ല. പകരം ബ്ലോക്ക് ലിസ്റ്റിന്റെ നീളം കൂടി വരുന്നു. 

ഒരു രക്ഷയുമില്ല, സമയക്കുറവു കാരണം മെസഞ്ചര്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തു. സൗഹൃദത്തിന്റെ മാന്യത കാത്തു സൂക്ഷിക്കുന്ന ഭൂരിഭാഗം വരുന്ന നല്ലവരായ സുഹൃത്തുക്കള്‍ ക്ഷമിക്കുക.താല്‍ക്കാലികമായി ഈ പച്ച ലൈറ്റിനോട് വിട പറയുന്നു.

പച്ചലൈറ്റ്: ഇതുവരെ

സ്വാതി ശശിധരന്‍: ബ്ലോക്ക് ചെയ്യാം, പക്ഷേ, ഈ  സീക്രട്ട് മെസഞ്ചറിനെ എന്തുചെയ്യും?

രഞ്ജിനി സുനിത സുകുമാരന്‍: ആണുങ്ങള്‍ മാത്രമല്ല ശല്യക്കാര്‍, 'ഓണ്‍ലൈന്‍ പിടക്കോഴിക'ളുമുണ്ട്

ജില്‍ന ജന്നത്ത് കെ.വി: ഓരോ പച്ച വെളിച്ചത്തിനും  ഓരോ കഥയുണ്ട്

ഫസ്‌ന റാഷിദ്: ഒടുവില്‍, വേദനയോടെ അവനെ ഞാന്‍ ബ്ലോക്ക് ചെയ്തു!

സൂര്യ സതീഷ്: ഈ പച്ചവെളിച്ചം എനിക്ക് അനുഗ്രഹമാണ്

സൂസന്‍ വര്‍ഗീസ് : പച്ചലൈറ്റിനെ എനിക്കിപ്പോള്‍ ഭയമില്ല!

ജസ്‌ന ഹാരിസ്: രാത്രിയിലെ ഒറ്റ സ്റ്റാറ്റസ് മതിയായിരുന്നു, അയാള്‍ക്ക് തനിനിറം കാണിക്കാന്‍!

അഖില എം: 'ബ്ലോക്ക്' ആണെന്‍ സമരായുധം!​

അമ്മു സന്തോഷ്:  ഇന്‍ബോക്‌സില്‍ ഒരു രാത്രി!

പവിത്ര ജെ ദ്രൗപതി: മെസഞ്ചറില്‍ വരുന്നവരെല്ലാം ചീത്തയല്ല!

വിനീത അനില്‍: ആ അര്‍ദ്ധനഗ്‌ന ചിത്രങ്ങള്‍ അയച്ചത് ഒരു സ്ത്രീ ആയിരുന്നു!