ജീവിതത്തെ മാറ്റിമറിക്കുന്ന ഹോസ്റ്റല്‍ കാലം നിങ്ങള്‍ എങ്ങനെ അനുഭവിച്ചു. മറക്കാനാവാത്ത ഓര്‍മ്മകള്‍ ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ ഇടനാഴി എന്ന് എഴുതാന്‍ മറക്കരുത്. 

അതൊരു ഞായറാഴ്ചയായിരുന്നു. ഇപ്പോഴും കൃത്യമായി ഓര്‍ക്കുന്നതിന് രണ്ടുണ്ട് കാരണം. ഒന്നാമത്തെ കാരണം ഞായറാഴ്ചകളില്‍ സാധാരണ വീട്ടില്‍ തന്നെയായിരിക്കും. പക്ഷേ അന്ന് അങ്ങനെ ആയിരുന്നില്ല. രണ്ടാമത്തെ കാരണം അന്നാണ് ജീവിതത്തിലാദ്യമായി ഒരു പൊലീസ് കേസ് പേരിലായത്.ആ ഓര്‍മ്മയാണ് എംജി സര്‍വ്വകലാശാലാ ഹോസ്റ്റലായ പാടലീപുത്രയെപ്പറ്റി ഓര്‍ക്കുമ്പോള്‍ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത്.

കോട്ടയത്തെ എംജി സര്‍വ്വകലാശാല ക്യാംപസില്‍ മാധ്യമപ്രവര്‍ത്തക വിദ്യാര്‍ത്ഥിയായിരിക്കുന്ന സമയത്താണ് പാടലീപുത്രയില്‍ ഞാന്‍ അന്തേവാസിയാകുന്നത്. ഒരു പക്ഷേ സ്വാശ്രയ വിദ്യാര്‍ത്ഥികളില്‍ ആദ്യം ഹോസ്റ്റല്‍ അന്തേവാസിയാകുന്ന ആളും ഞാനാകും. പുസ്തകങ്ങളും , മാസികകളും ചുവരില്‍ നിറയെ ഞാനൊട്ടിച്ച വിവിധ പോസ്റ്ററുകളും ഉള്ള ആ മുറിയാണ് എനിക്ക് ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ മുറി. 

പാടലിപുത്രയിലെ ഒമ്പതാം നമ്പര്‍ ഘടാഘടിയന്‍ മുറിയില്‍ താമസിക്കുന്നതിനിടയിലെ ഒരു ഞായറാഴ്ച. സാധാരണ ഞായറാഴ്ച ഞാന്‍ വീട്ടില്‍ നിന്ന് ഹോസ്റ്റലിലേക്ക് എത്താറില്ല.പക്ഷേ അന്ന് ഉച്ചയോടെ ഹോസ്റ്റലിലെത്തി. കോട്ടയത്ത് നിന്ന് ഹോട്ടല്‍ ഭക്ഷണം കഴിച്ചെത്തിയ ഞാന്‍ യാത്രാ ക്ഷീണം കൂടിയായപ്പോള്‍ ഇത്തിരി ഉറങ്ങിയേക്കാമെന്ന ചിന്തയിലായി. കിടന്ന് അധികം കഴിഞ്ഞില്ല. കതകില്‍ ശക്തമായി ആരോ മുട്ടുന്നു.നാശമെന്ന് മനസില്‍ വിചാരിച്ച് കതക് തുറന്നു. എംബിഎ ബാച്ചിലെ തടിയന്‍ ഷൈനാണ് .

'എന്തോന്നാടാ...ഉറങ്ങാനും സമ്മതിക്കില്ലേ' -ഞാന്‍ ചോദിച്ചു

'ചേട്ടാ, വേഗം വാ, താഴെ പമ്പ് ഹൗസിനടുത്ത് പുറത്തൂന്നുള്ള രണ്ട് പേര്‍ ബൈക്കില്‍ നില്‍ക്കുന്നു.ഇനി അവിടുന്ന് അവന്മാര് വല്ലതും അടിച്ചു മാറ്റും, അത് ഹോസ്റ്റലേഴ്‌സിന്റെ തലയിലാകും'-ഷൈന്‍ പറഞ്ഞു.

(രണ്ട് ദിവസം മുന്‍പ് ഹോസ്റ്റലേഴ്‌സിന്റെ മീറ്റിങ്ങില്‍ പുറത്ത് നിന്നുള്ള ആരെ ഹോസ്റ്റല്‍ കോംപൗണ്ടില്‍ കണ്ടാലും ചോദിക്കണമെന്ന് തീരുമാനിച്ചിരുന്നു.അതിന്റെ ആവേശത്തില്‍ വന്നിരിക്കുകയാണ്.അതിന് രണ്ട് ദിവസം മുമ്പ് പമ്പ് ഹൗസില്‍ നിന്ന് എന്തൊക്കെയോ മോഷണം പോയിരുന്നു.)

പാടലീപുത്രം ഹോസ്റ്റല്‍.

ഇത് കേട്ടതും ഷൈന്‍ അവരുടെ ബൈക്കിന്റെ താക്കോല്‍ വലിച്ചൂരി.

വേറെ പണിയൊന്നുമില്ലേ...എനിക്കുറങ്ങണം എന്നായി ഞാന്‍

ഷൈന്‍ വിടുന്ന മട്ടില്ല. 'ചേട്ടാ അവന്മാരോട് ചോദിക്കണം.ഇല്ലെങ്കില്‍ ശരിയാകില്ല.ഒടുവില്‍ നമ്മള്‍ കള്ളന്മാരാകും'.

'ആ ശരി...വാ ചോദിക്കാം, പക്ഷേ അലമ്പുണ്ടാക്കരുത്'-അതും പറഞ്ഞ് ഞാനും ഇറങ്ങി.

ഷൈനും ഞാനും കൂടി ചെക് ഡാമിന് അപ്പുറത്ത് പമ്പ് ഹൗസിലേക്കുള്ള വഴിയില്‍ നില്‍ക്കുന്ന ബൈക്കുകാരുടെ അടുത്തെത്തി.

'എന്താ നിങ്ങളിവിടെ നില്‍ക്കുന്നത്' -ചോദ്യം തടിയന്‍ ഷൈന്റെ വകയാണ്.

'ഇവിടെ നിന്നാല്‍ നിനക്കൊക്കെയെന്താ'-ബൈക്കില്‍ മുന്നിലിരിക്കുന്നവന്റെ വക മറുചോദ്യം.

'കുഴപ്പമുണ്ട്, ഇത് ഹോസ്റ്റല്‍ പരിസരമാണ്.ഇവിടെ അപരിചിതരായ നിങ്ങളെ കണ്ടതുകൊണ്ട് ചോദിച്ചതാണ്. ഇവിടെ നില്‍ക്കാന്‍ പാടില്ല'-ഞാന്‍.

ഇവിടെ നിന്നാല്‍ നീയൊക്കെ എന്ത് ചെയ്യും.ഞങ്ങള്‍ ഇവിടെ തൊട്ടപ്പുറത്തുള്ളതാണ്.തല്‍ക്കാലം ഇവിടെ നിന്ന് പോകുന്നില്ലെന്ന് അവരുടെ മറുപടി.

ഇത് കേട്ടതും ഷൈന്‍ അവരുടെ ബൈക്കിന്റെ താക്കോല്‍ വലിച്ചൂരി. എന്നാ പിന്നെ നീയൊന്നും പോകണ്ടെന്ന് ഡയലോഗും.

ആരാടാ നിങ്ങളെ തല്ലിയതെന്നും ചോദിച്ചാണ് വരവ്. അവരുമൊത്തം പത്ത് പേരും ഞങ്ങള്‍ രണ്ട് പേരും.

അവന്മാര് കലിപ്പിലായി.ഫോണെടുത്ത് ഒറ്റ വിളി.

ചേട്ടായി, ദേ യൂണിവേഴ്‌സിറ്റി ചെക്ഡാമിനടുത്ത് രണ്ടവന്മാര്‍ ഞങ്ങളെ പിടിച്ച് നിര്‍ത്തിയേക്കുന്നു.വണ്ടീടെ താക്കോലും ഊരിയെടുത്തു.

അപ്പോഴും നെഞ്ചും വിരിച്ച് നില്‍ക്കുകയാണ് ഷൈന്‍.

പിന്നെയും തര്‍ക്കും തുടരുകയാണ്. ഇടയ്ക്ക് ഞാന്‍ രണ്ടുമൂന്ന് വട്ടം പറഞ്ഞു താക്കോല്‍ തിരികെ കൊടുക്കാന്‍.കൊടുത്തില്ല.

രണ്ട് മിനിട്ട് കഴിഞ്ഞില്ല. ഒരു ഓട്ടോയിലും രണ്ട് പള്‍സര്‍ ബൈക്കിലുമായി ഏഴെട്ടുപേര്‍ പാഞ്ഞെത്തി.

യൂണിവേഴ്‌സിറ്റി സെക്യൂരിറ്റി വിഭാഗത്തിലെ നേപ്പാള്‍ സ്വദേശികള്‍ തീ കത്തിക്കാനായി തെങ്ങിന്റെ മടല്‍ വെട്ടിക്കീറി ഉണങ്ങാനിട്ടിരുന്നു അവിടെ. അതും എടുത്താണ് വന്നവര്‍ വന്നവര്‍ വരുന്നത്. ആരാടാ നിങ്ങളെ തല്ലിയതെന്നും ചോദിച്ചാണ് വരവ്. അവരുമൊത്തം പത്ത് പേരും ഞങ്ങള്‍ രണ്ട് പേരും.

ഒരു പ്രശ്‌നവുമില്ല ചേട്ടാ. ഇവരോട് ഇവിടെ നില്‍ക്കരുതെന്ന് പറഞ്ഞതേയുള്ളുയെന്ന് ഞാന്‍.

ആരാടാ വണ്ടീടെ താക്കോല്‍ എടുത്തെതെന്നായി വന്നവര്‍.

ബൈക്കില്‍ വന്നവര്‍ ഷൈനെ ചൂണ്ടി ഇവനാണ് ചേട്ടായീന്ന് പറഞ്ഞതും ഷൈനെ അടിക്കാനായി മടലും വീശി വന്നവര്‍ പാഞ്ഞെത്തി.ആ സമയത്ത് ഞാന്‍ എങ്ങനെയോ തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് ചാടി.അവിടെ പതുങ്ങിയിരുന്ന് അന്ന് എംഫില്ല് ചെയ്തിരുന്ന കണ്ണൂരുകാരന്‍ അച്ചുവേട്ടനെ വിളിച്ചു. അച്ചുവേട്ടനും കൂട്ടരും യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് കളിയിലായിരുന്നു.അവരെല്ലാം കൂടി പാഞ്ഞെത്തി.പിന്നെ നാട്ടുകാരും ഹോസ്റ്റലേഴ്‌സും തമ്മില്‍ അടിപിടിയായി. ഇടിയായി. കൂട്ടത്തല്ലായി. ഇരു കൂട്ടരും രണ്ട് ഭാഗത്തായി നിലയുറപ്പിച്ചു.അടിയും തിരിച്ചടിയും അത്യാവശ്യം നന്നായി പുരോഗമിക്കുന്നതിനിടെ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് എസ് ഐയും സംഘവും പാഞ്ഞെത്തി.ഏറ്റുമാനൂര്‍ അമ്പലത്തില്‍ ഉത്സവം നടക്കുന്നതിനിടെയാണ് ഈ സംഭവം. അവിടേക്ക് പോവുകയായിരുന്ന പൊലീസ് സംഘമാണ് പാഞ്ഞെത്തിയത്. സാങ്കേതികമായും സത്യമായും നാട്ടുകാര്‍ ക്യാംപസിലേക്ക് അതിക്രമിച്ച് കയറിയതാണല്ലോ.അപ്പോ പിന്നെ കിട്ടിയ എല്ലാവരെയും വന്ന വരവില്‍ തന്നെ പൊലീസ് പിടിച്ച് ജീപ്പില്‍ കയറ്റി. ഓടാന്‍ ശ്രമിച്ചവരെ ഹോസ്റ്റലേഴ്‌സ് ഓടിച്ചിട്ട് പിടിച്ചും പൊലീസിനെ ഏല്‍പ്പിച്ചു.അവരെ പൊലീസ് കൊണ്ടുപോയി.ഞങ്ങള്‍ രണ്ട് പേരെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.പിന്നീട് ഞങ്ങള്‍ പൊലീസ് സ്‌റ്റേഷനിലെത്തി മൊഴി കൊടുത്തു.

പിന്നീടാണ് ശരിക്കുള്ള പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. രാത്രിയില്‍ ഹോസ്റ്റലിലേക്ക് കല്ലേറ് പതിവായി.

പിന്നീടാണ് ശരിക്കുള്ള പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. രാത്രിയില്‍ ഹോസ്റ്റലിലേക്ക് കല്ലേറ് പതിവായി. ഞങ്ങള്‍ക്കാര്‍ക്കും ഒറ്റയ്ക്ക് ഹോസ്റ്റലില്‍ നിന്ന് ക്യാംപസിലേക്ക് പോകാന്‍ പറ്റാതെയായി. കൂട്ടത്തോടെ മാത്രമായി യാത്ര. ഏതാണ്ട് 6 മാസത്തേക്ക് അതിരമ്പുഴ ഭാഗത്തേക്ക് പോകാതെയായി. പത്രങ്ങളില്‍ ഹോസ്റ്റലേഴ്‌സിന്റെ പേരൊക്കെ ചേര്‍ത്ത് ക്രിമിനലുകളെന്ന് എഴുതി ആഴ്ചകളോളം വാര്‍ത്തകള്‍ വന്നു. അത്തരം പത്രങ്ങള്‍ ക്യാംപസില്‍ കത്തിച്ചു.പഠിപ്പു മുടക്കി.

കേരളാ കോണ്‍ഗ്രസ് എം നേതാവ് തോമസ് ചാഴിക്കാടന്‍ വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്കെതിരെ പ്രകടനം നയിച്ച് യൂണിവേഴ്‌സിറ്റിക്ക് മുന്നിലേക്ക് വന്നു.സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഗേറ്റ് പൂട്ടി. ഞങ്ങള്‍ അകത്തും നാട്ടുകാരും എംഎല്‍എയും പുറത്തുമായി ഏറെ നേരം നിലയുറപ്പിച്ചു. ഒടുവില്‍ പൊലീസ് ഇടപെട്ട് രണ്ട് കൂട്ടരെയും സ്ഥലത്ത് നിന്ന് മാറ്റി.

..................

രണ്ട് വര്‍ഷം കഴിഞ്ഞിട്ടുണ്ടാകും. ഒരു ദിവസം ജോലികഴിഞ്ഞ് തിരികെയെത്തി ഉച്ചയുറക്കത്തിലേക്ക് വീഴുന്നതിനിടെ മൊബൈല്‍ ഫോണ്‍ ചിലച്ചു.

ഫോണ്‍ എടുത്തു.

ഗാന്ധിനഗര്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നാണ്. ഒരു കേസുണ്ടല്ലോ, അത് അടുത്ത മാസം പത്തിന് ഏറ്റുമാനൂര്‍ കോടതിയില്‍ എടുക്കും. ഹാജരാകണം.

കൈയ്യും കാലും വിറച്ചു പോയി. അന്ന് കൂട്ടത്തിലുണ്ടായിരുന്ന ഷൈന്‍ എവിടെയെന്ന് പോലും അറിയില്ല. ഇനി കണ്ടു പിടിച്ചാല്‍ തന്നെ അവന്‍ അന്ന് എത്തണമെന്നും ഇല്ല.ആകെ പുലിവാലായല്ലോ എന്ന് ആലോചിച്ച് ഉറക്കം പോയി.

ഒടുവില്‍ രണ്ട് മൂന്ന് ദിവസം കൊണ്ട് അവനെ തപ്പിപ്പിടിച്ച് വിളിച്ചു. ആഹാ കൊള്ളാമല്ലോ, പോയേക്കാമെന്ന് അവന്‍. എല്ലാര്‍ക്കും കൂടി വീണ്ടും ഹോസറ്റലില്‍ കൂടാമല്ലോ എന്ന് സന്തോഷം.

അങ്ങനെ പത്തിന് കോടതിയിലെത്തി. നമ്മുടെ ബൈക്ക് ടീമും അഞ്ചാറാളുകളും കോടതി പരിസരത്തുണ്ട്. ഞങ്ങളെ കണ്ടതും അവര്‍ അടുത്തെത്തി. പിന്നെയും എന്റെ കൈയ്യും കാലും വിറക്കാന്‍ തുടങ്ങി. ഞങ്ങള്‍ക്കായി ഹാജരാകേണ്ട വക്കീലും എത്തിയിട്ടില്ല.

'ചേട്ടായീ സഹായിക്കണം. ഞങ്ങളെ അറിയില്ലെന്ന് കോടതിയില്‍ പറയണം'

നേരെ വന്ന് എന്നോട് പറഞ്ഞു-'ചേട്ടായീ സഹായിക്കണം. ഞങ്ങളെ അറിയില്ലെന്ന് കോടതിയില്‍ പറയണം. എനിക്ക് സര്‍ക്കാര്‍ ജോലി കിട്ടിയതാണ് .ഈ കേസ് കാരണം ആ ജോലി എന്താകുമെന്ന് അറിയില്ല.സഹായിക്കണം'.

എനിക്കാകെ ചിരി വന്നു.

അപ്പോള്‍ പിന്നെയും ഷൈന്റെ ഇടപെടല്‍-'ഹേയ് അതൊന്നും പറ്റില്ല.നിങ്ങളാണെന്ന് തന്നെ ഞാന്‍ പറയും'.

ആ പയ്യന്‍ ദയനീയമായി എന്നെ നോക്കി.അതിലും ദയനീയമായി ഞാന്‍ ഷൈനെ നോക്കി.

'അല്ല ചേട്ടാ , അതെങ്ങനെ പറ്റും, ഇവര് നമ്മളെ തല്ലിയതല്ലേ.അപ്പോ പിന്നെ ഇവരെ അറിയില്ലെന്ന് എങ്ങനെ പറയും'.

എനിക്കാകെ സങ്കടവും ദേഷ്യവും ഒക്കെക്കൂടി വന്നു.

ഒരു മിനിട്ടെന്ന് പറഞ്ഞ് ഞാന്‍ ഷൈനെ കൂട്ടി ഇത്തിരി മാറി നിന്നു.

'നിനക്ക് മതിയായില്ല അല്ലേ, എനിക്കെന്തായാലും ഇനി ഈ കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ല.എനിക്കിവരെ അറിയില്ലെന്നേ ഞാന്‍ പറയൂ.നീ എന്ത് വേണമെങ്കിലും പറഞ്ഞോ'. അപ്പോഴേക്കും അവരുടെ വക്കീലും ഞങ്ങളുടെ അടുത്തെത്തി.വക്കീലും ഷൈനോട് സംസാരിച്ചു. ഒടുവില്‍ ഒരു വിധത്തില്‍ ഷൈന്‍ സമ്മതിച്ചു.കോടതിയില്‍ കേസ് വിളിച്ചു. കയറി നിന്ന് ഇവരെ അറിയില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിച്ച് തിരികെ പോന്നു.

എംജി യൂണിവേഴ്‌സിറ്റി ക്യാംപസെന്നും ഹോസ്റ്റലെന്നുമൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ മനസിലേക്ക് ഓടിയെത്തുന്നത് അന്നത്തെ ആ ഞായറാഴ്ചയും മടലുമായി ഓടിയെത്തുന്ന ഏഴെട്ടു പേരുമാണ്.

ഒടുവില്‍ പഠനം കഴിഞ്ഞ് ഹോസ്റ്റല്‍ വിട്ടുപോരുമ്പോള്‍ മറ്റാര്‍ക്കും മുറി വിട്ടുകൊടുക്കാന്‍ മനസില്ലാതെ പൂട്ടി താക്കോല്‍ പുറത്തെ കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. പിന്നീടെപ്പോഴോ അന്നത്തെ പ്രണയിനി ഹോസ്റ്റല്‍ ഡേ പ്രാക്റ്റീസിനായി ആ വിശാലമായ മുറിലേക്ക് സുഹൃത്തുക്കളുമായി എത്തിയെന്നും ഭിത്തിയിലും കതകിനും പിന്നിലുമൊക്കെ അവളെപ്പറ്റി എഴുതിയിട്ടിരുന്ന വരികള്‍ കണ്ട് ആ മുറിയിലിരുന്ന് പൊട്ടിക്കരഞ്ഞെന്നും അറിഞ്ഞത് ഓര്‍മ്മയിലെ നീറിപ്പുകയുന്ന ഒരു താള്‍ മാത്രം.

'ഇടനാഴി'യില്‍ ഇതുവരെ

ഷിബു ഗോപാലകൃഷ്ണന്‍:  ഒരു പാതിരാ പ്രണയത്തിന്റെ കഥ

ആന്‍സി ജോണ്‍: ഹോസ്റ്റലിനെ വിറപ്പിച്ച ആ ഭരണി!

രാഹുല്‍ രവീന്ദ്ര: ആ കള്ളന്‍ അവനായിരുന്നു; ഹോസ്റ്റലിന്റെ വീരനായകന്‍!​

ഷീബാ വിലാസിനി: പാതിരാത്രിയിലെ കറുത്തരൂപം!

മുഫീദ മുഹമ്മദ് എഴുതുന്നു: കൈവിട്ടുപോയ ഒരു പിറന്നാള്‍ ആഘോഷം!

ഹസ്‌നത് സൈബിന്‍: വിരട്ടി ഡയലോഗുകള്‍ പറയിപ്പിച്ച ചേച്ചിമാര്‍!

അമ്മു സന്തോഷ്: വനിതാ ഹോസ്റ്റലിനകത്ത്  ഒരു 'മീശമാധവന്‍'

സബീഹ് അബ്ദുല്‍കരീം: ആത്മഹത്യയില്‍നിന്നാണ് അവനന്ന് തിരിച്ചുനടന്നത്!

മുസ്തഫലി ചെര്‍പ്പുളശേരി: ഹോസ്റ്റല്‍ മുറിയില്‍ ഒരു  നുഴഞ്ഞുകയറ്റക്കാരന്‍!

സ്മിത അജു: പ്രണയം എന്നാല്‍, എനിക്ക് അമുതയാണ്!