Asianet News MalayalamAsianet News Malayalam

സംഗീതം പോലൊരു ടീച്ചര്‍!

my teacher anil kizhakkaduth
Author
Thiruvananthapuram, First Published Nov 24, 2017, 4:37 PM IST

ചില അധ്യാപകരുണ്ട്. ആഴത്തില്‍ നമ്മെ സ്വാധീനിച്ചവര്‍. ജീവിതത്തെ മാറ്റിയെഴുതിയവര്‍. അത്തരം ഒരു അധ്യാപകന്‍, അധ്യാപിക നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അവരെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ 'പാഠം രണ്ട്' എന്ന് എഴുതാന്‍ മറക്കരുത്

my teacher anil kizhakkaduth
കീബോഡുകളിലൂടെ സൗഹൃദം പുതുക്കിയൊരു  ത്രിസന്ധ്യയില്‍, കൂട്ടത്തിലാരോ ഓര്‍മ്മകളുടെ വാതില്‍ പതിയെ തുറന്നപ്പോള്‍ അവിടെ  മഴ പെയ്യുന്നുണ്ടായിരുന്നു. ബാല്യകൗമാരങ്ങള്‍ നനഞ്ഞു തീര്‍ത്തൊരു സംഗീത മഴ.
 
'പാല്‍ക്കടലിലോളങ്ങളെ
തള്ളിനീക്കി നീ വരുമ്പോള്‍
സമ്മാനമായി ഞാന്‍ നിനക്കൊരു 
വെള്ളാമ്പല്‍ പൂവുതരാം .....'
 
എത്ര  മനോഹരമായ വരികള്‍. മനോഹരമായ സംഗീതം. തേന്‍ പോലെ മധുരമായ ശബ്ദം. ഓര്‍മ്മകള്‍ ഇരുപത്തിയഞ്ചു വര്ഷങ്ങള്‍ക്ക് പിന്നിലേക്ക് ഓടി. അവിടെ കാലുറക്കാത്ത ബാല്യത്തിലെ നിഷ്‌കളങ്കമായ കുറെ മുഖങ്ങള്‍. ഒരു കുഞ്ഞു സ്‌കൂളിന്റെ വളരെ ചെറിയ മുറ്റത്തെ വലിയ മൂവാണ്ടന്‍ മാവിന്റെ ചുവട്ടില്‍ കണ്ണും കാതും കുര്‍പ്പിച്ച് അവര്‍ ഇരുന്നത് ആ സ്വരം കേള്‍ക്കാനായിരുന്നു; കേട്ട് പഠിക്കാനായിരുന്നു.
 
അതെ, ഞങ്ങളുടെ സ്വന്തം സുശീല ടീച്ചര്‍.
 
ആദ്യമായി സംഗീതത്തെ കുറിച്ച് പറഞ്ഞു തന്ന,  മണ്‍കുടത്തിലും ഡെസ്‌കിലും തട്ടി, താളം പിടിക്കാന്‍ പഠിപ്പിച്ച ടീച്ചര്‍. സൂര്യസ്പര്‍ശമേറ്റു വെട്ടിത്തിളങ്ങിയ പള്ളിക്കലാറിന്റെ ഓളങ്ങളെ തഴുകിവന്നൊരു വൃശ്ചികക്കാറ്റിന്റെ തണുപ്പില്‍, സപ്തസ്വരങ്ങളുടെ ഏറ്റക്കുറച്ചിലുകളെ തേന്‍സ്വരങ്ങളാക്കി ഞങ്ങളുടെ ഹൃദയത്തില്‍ നിറച്ചു, ടീച്ചര്‍. 
 
ശുദ്ധസംഗീതത്തിന്റെ പാല്‍ക്കടലില്‍ ഞങ്ങളെ നീന്താന്‍ വിട്ടിട്ട്, ഒരമ്മയുടെ ഹൃദശുദ്ധിപോലെ, സ്‌നേഹംപോലെ ,ലാളനപോലെ അവര്‍ കരയില്‍ ആകാംക്ഷയോടെ നോക്കിയിരുന്നു, ഓളങ്ങളെല്ലാം തള്ളിനീക്കി ആദ്യമെത്തുന്നയാള്‍ക്കു വെള്ളാമ്പല്‍പ്പൂവ് സമ്മാനമായി തരാന്‍.
 
ഒരു വാക്കുകൊണ്ട് പോലും ഞങ്ങളെ നോവിക്കാതിരുന്ന ടീച്ചര്‍, സംഗീതത്തെപ്പോലെ കുട്ടികളേയും എത്രമാത്രം സ്‌നേഹിച്ചിരുന്നുവെന്ന് മനസ്സിലാക്കാന്‍ , ഈ ത്രിസന്ധ്യവരെ  വേണ്ടിവന്നത്, ശിഷ്യര്‍   ഗുരുവിനോട് ചെയ്യുന്ന അനീതിയാണെന്ന തോന്നലില്‍നിന്നും ടീച്ചറെ കാണണം, ആ സ്വരം ഒന്നുകൂടെ കേള്‍ക്കണം എന്ന ആഗ്രഹം ഞങ്ങള്‍ക്കെല്ലാമുണ്ടായി .
 
സ്‌കൂളില്‍നിന്നും മറ്റുസുഹൃത്തുക്കളില്‍നിന്നുമൊക്കെ വിവരങ്ങള്‍ ശേഖരിച്ച്  ടീച്ചറുടെ വീട് തേടിപ്പിടിച്ച് ഞങ്ങളവിടെയെത്തി. ഞങ്ങള്‍ ആറേഴുപേര്‍ ഉണ്ടായിരുന്നു . വീടിന്റെ കോളിങ് ബെല്ലടിച്ച് കാത്തുനിന്നപ്പോള്‍ എന്റെ ഹൃദയമിടിപ്പ് കൂടുന്നതായി എനിക്കുതോന്നി. ഒന്നുകൂടെ ശ്രദ്ധിച്ചപ്പോഴാണ് മനസ്സിലായത്, ഹൃദയമിടിപ്പിന്റെ താളം ടീച്ചര്‍ പഠിപ്പിച്ച രാഗത്തിലൊഴുകുകയാണെന്ന്.
 
കുറേപ്പേരെ കണ്ടിട്ടാവണം വാതില്‍ തുറന്ന ടീച്ചര്‍ ആദ്യമൊന്നത്ഭുതപ്പെട്ടു!
 
അന്നത്തെപ്പോലെയല്ല,മുടിയെല്ലാം നരച്ച്, വയസ്സായിരിക്കുന്നു.

'ടീച്ചര്‍, ഞങ്ങള്‍ മൈനാഗപ്പള്ളി ചിത്തിരവിലാസം സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്. ടീച്ചറായിരുന്നു ഞങ്ങളെ.....'-സുഹൃത്ത് ബിമല്‍ പറഞ്ഞു .
 
'ഓ...വരൂ മക്കളേ', അവര്‍ പറഞ്ഞു. പണ്ടും ഞങ്ങളെ വിളിച്ചിരുന്നത് മക്കളേ എന്നാണ്.
 
ചായകുടിക്കുന്നതിനിടയില്‍ ടീച്ചര്‍ ഞങ്ങളെ ഓരോരുത്തരെയായി പരിചയപ്പെട്ടു.
 
അഞ്ചുവര്‍ഷമായി റിയര്‍ ചെയ്തിട്ട്. നിങ്ങള്‍ക്കുശേഷവും എത്രയോ കുട്ടികള്‍ വന്നുപോയി സ്‌കൂളില്‍-ഓര്‍മ്മകളില്‍ അല്‍പം നിശ്ശബ്ദമായ ശേഷം വീണ്ടും അവര്‍ പറഞ്ഞുതുടങ്ങി.
 
'എന്റെ  രണ്ടുമക്കളും വിദേശത്താണ്. ഭര്‍ത്താവും ഞാനും പിന്നെ സഹായിക്കാന്‍ ഒരു പെണ്‍ കുട്ടിയുമുണ്ടിവിടെ. കുറച്ചൊക്കെ അസുഖങ്ങളും അലച്ചിലുമൊക്കെയായി അങ്ങനെ കഴിഞ്ഞുപോകുന്നു. ആദ്യമായാണ് കുട്ടികളെന്നെത്തേടി വരുന്നത്. വലിയ സന്തോഷമായിട്ടോ. എല്ലാവരും നല്ല നിലയിലായെന്ന് കരുതുന്നു-നിഷ്‌കളങ്കമായ ചിരിയോടെ ടീച്ചര്‍ പറഞ്ഞു. 

ടീച്ചര്‍ക്ക് കൊടുക്കാനായി കരുതിയിരുന്ന പഴയ സ്‌കൂള്‍ ഫോട്ടോയില്‍ നിന്നും ഞങ്ങളെ തിരിച്ചറിഞ്ഞ നിമിഷം ആ കണ്ണുകളില്‍ കണ്ട വാത്സല്യമാണ് ഞാന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും മനോഹരമായ കാഴ്ച. ഞങ്ങള്‍ റ്റീച്ചറെ ഒന്ന് കാണാന്‍ വേണ്ടി മാത്രമാണ് വന്നതെന്ന് അറിയിച്ചപ്പോള്‍ നിറഞ്ഞൊഴുകിയ കണ്ണുകളില്‍ സ്‌നേഹത്തിന്റെ സംഗീതം കണ്ടു.
 
ഏറ്റവും നല്ല ഗുരുദക്ഷിണ ഇങ്ങനെയൊരു കൂടിക്കാഴ്ചയാവുമെന്ന് തോന്നിപ്പോയ നിമിഷങ്ങള്‍.
 
ഒടുവില്‍ രണ്ടുവരി പാടാമോ എന്നുള്ള ഞങ്ങളുടെ ചോദ്യത്തിന്, വയ്യ മക്കളേ, വയസ്സായില്ലേ എന്ന സ്‌നേഹസമ്പന്നമായ വാക്കുകളിലൂടെ ഞങ്ങളെ യാത്രയാക്കാന്‍ പാതിവഴിവരെ വന്ന ടീച്ചര്‍ക്കുവേണ്ടി, ഞങ്ങളെല്ലാം ചേര്‍ന്നു പാടി.

'പാഠം രണ്ട്' ഇതുവരെ
താജുന തല്‍സം: നിറകണ്ണുകളോടെ ഞാന്‍ പറഞ്ഞുപോയി, 'ഉസ്താദ് മരിച്ചുപോവട്ടെ'

ഐ കെ ടി.ഇസ്മായില്‍ തൂണേരി: ഈശ്വരന്‍ മാഷ്

മുഖ്താര്‍ ഉദരംപൊയില്‍: പണ്ടുപണ്ടൊരു കുരുത്തംകെട്ട  കുട്ടി; നന്മയുള്ള മാഷ്

 ശ്രുതി രാജേഷ്:  കനകലത ടീച്ചറിനോട്  പറയാതെ പോയ കാര്യങ്ങള്‍

മഞ്ജുഷ വൈശാഖ്: 'കോപ്പിയടിച്ചത് ഞാനാണ്'

മോളി ജബീന: ജിന്നിന് എഴുതിയ കത്തുകള്‍

ജോസഫ് എബ്രഹാം: ഫയല്‍വാന്റെ മെയ്ക്കരുത്തോടെ  താഹക്കുട്ടി സാറിന്റെ നടത്തം

അഞ്ജലി അരുണ്‍: സെലിന്‍ ടീച്ചര്‍ പഠിപ്പിച്ച ജീവിതപാഠങ്ങള്‍!

ശ്രീനിവാസന്‍ തൂണേരി: എന്നെ കണ്ടതും മാഷ്  പഴ്‌സ് പുറത്തെടുത്തു!

നജീബ് മൂടാടി: ചൂരല്‍ മാത്രമായിരുന്നില്ല, വേലായുധന്‍ മാഷ്!

നസീഫ് അബ്ദുല്ല: കേട്ടതൊന്നുമായിരുന്നില്ല, മാഷ്!

സജിത്ത് സി വി പട്ടുവം: പിന്നൊരിക്കലും ടീച്ചറിനെ ഞാന്‍ കണ്ടിട്ടില്ല!

ആതിരാ മുകുന്ദ്: 'ചോറ് വെന്തോ എന്നെങ്ങനെ അറിയും?'

മുബശ്ശിർ കൈപ്രം: എന്റെ തങ്കവല്ലി ടീച്ചര്‍​

നദീര്‍ കടവത്തൂര്‍: സന്ധ്യ കഴിഞ്ഞ് സ്‌കൂളിലെത്തിയ ഞങ്ങളെ കണ്ടതും ടീച്ചര്‍ കരഞ്ഞു!

മുഹമ്മദ് കാവുന്തറ: കളവ് പഠിപ്പിച്ച ടീച്ചര്‍

 സ്വാതി ശശിധരന്‍: എന്റെ ടോട്ടോചാന്‍ കുട്ടിക്കാലം!​

റെജ്‌ന ഷനോജ്: ആ പാഠം ഇന്നും ഞാന്‍ മറന്നിട്ടില്ല!

ഷീബാ വിലാസിനി: ഈശ്വരാ, ഗ്രാമര്‍!

അജീഷ് മാത്യു കറുകയില്‍: ഞാന്‍ കാരണമാണ് എന്റെ ഗുരു ജയിലിലായത്!

ജോയ് ഡാനിയേല്‍: ക്ലാസ് റൂമിന് പുറത്ത്  ഞാന്‍ ഒരു കള്ളനെപ്പോലെ നിന്നു...
 

Follow Us:
Download App:
  • android
  • ios