'ഇനിയുണരാത്ത ഉറക്കത്തിനായി
എവിടെയും വന്നു കയറുന്ന അതിഥിയെ
വരവേല്‍ക്കാന്‍ മനസ്സൊരുങ്ങിയവര്‍ ....'

ഈ വരികള്‍ അനു കാലിക്കറ്റ് എന്ന എഴുത്തുകാരിയുടേതാണ്. ഓണ്‍ലൈനില്‍ സാധാരണയായി കാണുന്ന വാര്‍ദ്ധക്യത്തെയും ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള കവിതകളിലൊന്നായിരുന്നു ഇത്. എന്നാല്‍, ഈ വരികള്‍ ഇപ്പോള്‍ അനുവിന്റെ സുഹൃത്തുക്കളില്‍ വേദന നിറയ്ക്കുകയാണ്. 

വളരെ പ്രസാദാത്മകമായി ജീവിതത്തെ കണ്ടിരുന്ന അനു ജനുവരി 27ന് കാലത്ത് ഏഴേ മുക്കാലിനാണ് ഈ കവിത പോസ്റ്റ് ചെയ്തത്. കവിതയ്ക്കു താഴെയുള്ള ആദ്യ കമന്റുകള്‍ പതിവുപോലെ കവിതയെക്കുറിച്ചാണ്. ചിരിയും സന്തോഷവും ഇമോജികളുമൊക്കെ നിറഞ്ഞ ആദ്യ കമന്റുകള്‍ക്കു ശേഷം എന്നാല്‍, പെട്ടെന്ന്, കമന്റുകളുടെ സ്വഭാവം മാറുന്നു. ഇന്നലെ സന്ധ്യയ്ക്കു ശേഷം വന്ന ആ കമന്റുകളെല്ലാം എഴുത്തുകാരിക്കുള്ള ആദരാഞ്ജലികളായി മാറുന്നു. പൊടുന്നനെ ഇല്ലാതായ പ്രിയപ്പെട്ട കൂട്ടുകാരിക്കുള്ള കണ്ണീര്‍ പ്രണാമമാവുന്നു. ആ കമന്റുകളൊന്നും വായിക്കാനോ മറുകമന്റിടാനോ കഴിയാത്ത വിധം ആ എഴുത്തുകാരി മറഞ്ഞിരിക്കുന്നുവെന്ന സത്യം വിളിച്ചുപറയുന്നു. 

അനു കാലിക്കറ്റ് എന്ന പേരില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ സജീവമായി എഴുതിയിരുന്ന കോഴിക്കോട് സ്വദേശി ഐ പി സമരിയ ഇന്നലെയാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് വിടപറഞ്ഞത്. മരിക്കുമ്പോള്‍ 38 വയസ്സേ ഉണ്ടായിരുന്നുള്ളൂ അവര്‍ക്ക്. കോഴിക്കോട് നല്ലളം മോഡേണ്‍ ബസാര്‍ അല്‍ഫിത്തര്‍ സ്‌ക്കൂള്‍ അദ്ധ്യാപികയായിരുന്ന സമരിയ ഓണ്‍ലൈന്‍ ലോകത്ത് എഴുത്തിലൂടെ ശ്രദ്ധേയയായിരുന്നു. അനു കാലിക്കറ്റ് എന്ന പേരില്‍ എഴുത്തുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് ഗ്രൂപ്പുകളിലും സജീവമായിരുന്നു അവര്‍. 

പരേതനായ പള്ളിക്കണ്ടി ഐ.പി.അഹമ്മത് കോയയുടെയും ജമീലയുടെയും മകളാണ് സമരിയ. ഭര്‍ത്താവ്: എം.കെ.അബുബക്കര്‍ സിദ്ധീഖ്.മക്കള്‍: അജ്ഹദ്, അന്‍ഫസ്, മിസ്ഹബ്. ഗായകന്‍ ഐ.പി.സിദ്ധീഖിന്റെ ജേഷ്ഠ സഹോദരന്റെ മകളാണ സമരിയ. 

യാത്രാമൊഴിയുമായി ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍
ആ മരണ വാര്‍ത്ത പുറത്തുവന്നതോടെ അനുവിന് യാത്രാമൊഴികളുമായി നിരവധി സുഹൃത്തുക്കള്‍ ഓണ്‍ലൈനില്‍ എഴുതി. ഹൃദയസ്പര്‍ശിയായ ആ കുറിപ്പുകളില്‍ ചിലത് ഇവിടെ വായിക്കാം: 

 

 

 

 

 

 

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ അനു ആദ്യം എഴുതുന്നത്  2017 ആഗസ്ത് 14നാണ്. 'നീ എവിടെയാണ്' എന്ന പംക്തിയില്‍ 16 വര്‍ഷം മുമ്പ് കൈവിട്ടുപോയ ആത്മ സൗഹൃദത്തെക്കുറിച്ചാണ് അനു എഴുതിയത്. 'ഈ ദുരൂഹത തീരുന്നില്ലല്ലോ, ആനി!' എന്ന തലക്കെട്ടില്‍ ആനി എന്ന കൂട്ടുകാരിയെക്കുറിച്ചായിരുന്നു അനു എഴുതിയത്. 

പ്രവാസ ജീവിതത്തിലെ പൊള്ളുന്ന ഒരനുഭവമാണ് പിന്നീട് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ എഴുതിയത്. 'ദേശാന്തരം' എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ച '
'മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!' എന്ന കുറിപ്പ് വേദനിപ്പിക്കുന്ന വായനാനുഭവമായിരുന്നു. 

വിവാഹം കുടുംബം സ്ത്രീ എന്ന ചര്‍ച്ചയില്‍ ഇടപെട്ടായിരുന്നു അടുത്ത കുറിപ്പ്. 'വീടകങ്ങളില്‍ കാറ്റും വെളിച്ചവും നിറയട്ടെ!' എന്ന കുറിപ്പ് വ്യത്യസ്തമായ കാഴ്ചപ്പാടാണ് പ്രകാശിപ്പിച്ചത്. ഓണ്‍ലൈനിലെ സ്ത്രീ അനുഭവങ്ങളെക്കുറിച്ചുള്ള 'പച്ച ലൈറ്റ' എന്ന പരമ്പരയില്‍ അനു എഴുതിയ 'സോറി ചേച്ചി, ഞാന്‍ ആണല്ല, പെണ്ണാണ്' എന്ന കുറിപ്പ് പിന്നീട് പ്രസിദ്ധീകരിച്ചു. 

'എനിക്കും ചിലത് പറയാനുണ്ട്' എന്ന പംക്തിയില്‍ എഴുതിയ 'ഈ ഗുണ്ടകളെ ചങ്ങലയ്ക്കിടേണ്ട കാലം കഴിഞ്ഞു!, എന്ന കുറിപ്പ് സദാചാര ഗുണ്ടായിസത്തിന് എതിരായ ശക്തമായ നിലപാടായിരുന്നു. ട്രാന്‍സ് ജെന്‍ഡര്‍ പോളിസി നിലവില്‍ വന്നിട്ടും കേരളം ട്രാന്‍സ് ജെന്‍ഡറുകളോട് എങ്ങനെ പെരുമാറുന്നു എന്നന്വേഷിക്കുന്ന  'മാറാതെ കേരളം, ട്രാന്‍സ് ജെന്‍ഡര്‍ പോളിസി കൈയിലിരിക്കട്ടെ' എന്ന ലേഖനം ഈ വിഷയത്തിലുള്ള ശക്തമായ ഇടപെടല്‍ ആയിരുന്നു. 

തെളിച്ചവും സത്യസന്ധതയും സൗമ്യതയും നിറഞ്ഞ എഴുത്തുകളിലൂടെ ശ്രദ്ധേയയായ അനുവിന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ യാത്രാമൊഴി നേരുന്നു. എഴുത്തില്‍  ഇനിയുമേറെ സാദ്ധ്യതകളുണ്ടായിരുന്ന പ്രതിഭയായിരുന്നു വിടവാങ്ങിയത്. അനുവിന്റെ അപ്രതീക്ഷിതമായ വിയോഗം സൃഷ്ടിച്ച ആഘാതത്തില്‍നിന്നും കരകയറാന്‍ ഉറ്റവര്‍ക്ക് കഴിയട്ടെ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.