ഐപിഎല്‍ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കായിക ലീഗുകളില്‍ ഒന്നായി ആര്‍സിബി വളര്‍ന്നുവരുന്നതിനിടെയാണ് ഈ നീക്കം
ഐപിഎല്‍ കിരീടം ചൂടി നില്‍ക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിനെ വില്‍ക്കാന്‍ അതിന്റെ ഉടമകളായ ബ്രിട്ടീഷ് മദ്യക്കമ്പനിയായ ഡിയാജിയോ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. 200 കോടി ഡോളറാണ് (ഏകദേശം 16,600 കോടി രൂപ) ഡിയാജിയോ ഈ ടീമിന് വിലയിടുന്നത്. ഐപിഎല്‍ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കായിക ലീഗുകളില്‍ ഒന്നായി വളര്‍ന്നുവരുന്നതിനിടെയാണ് ഈ നീക്കം. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ യുണൈറ്റഡ് സ്പിരിറ്റ്‌സ് ഓഹരി വിലയിൽ വന്‍ മുന്നേറ്റം രേഖപ്പെടുത്തി. ഇന്ന് രാവിലെ ഓഹരി വില 2% ഉയര്‍ന്ന് അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. യുണൈറ്റഡ് സ്പിരിറ്റ്‌സ് ഓഹരികള്‍ 1,626 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ വില 1,237 രൂപയും കൂടിയ വില 1,700 രൂപയുമാണ്. കമ്പനിയുടെ വിപണി മൂല്യം 1.18 ലക്ഷം കോടി രൂപയാണ്.
ഡിയാജിയോയുടെ ഏറ്റവും വലിയ വിപണിയായ അമേരിക്കയില്‍ മദ്യ വില്‍പ്പന കുറഞ്ഞത് കമ്പനിക്ക് തിരിച്ചടിയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആര്‍സിബിയെ വില്‍ക്കുന്നത് കമ്പനിക്ക് പുതിയ നിക്ഷേപങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ആസ്തികള്‍ പുനഃക്രമീകരിക്കാന്‍ സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
മല്യയില്‍ നിന്ന് ഡിയാജിയോയിലേക്ക്, ഇനി അടുത്ത കൈകളിലേക്കോ?
വിവാദ വ്യവസായി വിജയ് മല്യയുടെ പക്കലായിരുന്നു ആദ്യ കാലത്ത് ഐപിഎല്ലിലെ സ്ഥാപക ടീമുകളിലൊന്നായ ആര്‍സിബി. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് തകര്‍ന്നടിഞ്ഞതിന് പിന്നാലെ മല്യയുടെ മദ്യ ബിസിനസ് ഡിയാജിയോ ഏറ്റെടുത്തു. അങ്ങനെയാണ് ആര്‍സിബിയുടെ ഉടമസ്ഥാവകാശവും ഡിയാജിയോയുടെ ഇന്ത്യന്‍ യൂണിറ്റായ യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ കൈകളിലെത്തുന്നത്. അടുത്തിടെ നടന്ന ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിച്ച് ആര്‍സിബി ആദ്യമായി കിരീടം നേടിയിരുന്നു.
ലോകകപ്പ് പോലെ വളരുന്ന ഐപിഎൽ
ഐപിഎല്‍ ഇന്ന് വെറുമൊരു ക്രിക്കറ്റ് ലീഗ് മാത്രമല്ല, ഒരു ആഗോള വിനോദ വ്യവസായമായി മാറിയിരിക്കുന്നു. ഫുട്‌ബോള്‍ ലീഗിനും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനും ഒപ്പം വാണിജ്യപരമായ പ്രാധാന്യം നേടുന്ന ഒന്നായി ഇത് വളര്‍ന്നു. മൂന്ന് മണിക്കൂര്‍ മാത്രം നീളുന്ന മത്സരങ്ങള്‍ ഇന്ത്യയിലും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ആകര്‍ഷിക്കുന്നുണ്ട്.
ഡീയാജിയോയും യുണൈറ്റഡ് സ്പിരിറ്റ്‌സും
വിസ്‌കി, വോഡ്ക, ജിന്‍, റം, ബിയര്‍ തുടങ്ങിയ വിവിധതരം മദ്യങ്ങള്‍ ഡീയാജിയോ ഉത്പാദിപ്പിക്കുന്നു. ലോകമെമ്പാടും പ്രശസ്തമായ ഒട്ടനവധി ബ്രാന്‍ഡുകള്‍ ഇവര്‍ക്കുണ്ട്. ജോണി വാക്കര്‍, ബ്ലാക്ക് ഡോഗ്, ബ്ലാക്ക് & വൈറ്റ്, വാറ്റ് 69, സ്മിര്‍നോഫ്, കെറ്റല്‍ വണ്‍, ടാങ്ക്വറേ, ക്യാപ്റ്റന്‍ മോര്‍ഗന്‍, ഗിന്നസ് എന്നിവ ഇവരുടെ പ്രധാന ഉത്പന്നങ്ങളില്‍ ചിലതാണ്. ഇവ കൂടാതെ, പ്രാദേശികമായി നിരവധി മദ്യ ബ്രാന്‍ഡുകളും ഇവരുടെ ഉടമസ്ഥതയിലുണ്ട്. റോയല്‍ ചലഞ്ച്, മക്‌ഡൊവല്‍സ് നമ്പര്‍ 1, ആന്റിക്വിറ്റി, ബ്ലാക്ക് ഡോഗ്, വാറ്റ് 69 തുടങ്ങിയ നിരവധി വിസ്‌കി ബ്രാന്‍ഡുകളും, സ്മിര്‍നോഫ് പോലുള്ള വോഡ്ക ബ്രാന്‍ഡുകളും, വിവിധതരം റമ്മുകളും മറ്റ് മദ്യങ്ങളും യുണൈറ്റഡ് സ്പിരിറ്റ്‌സ് ഇന്ത്യയില്‍ വിപണനം ചെയ്യുന്നു.