രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളിലെ കരുതല്‍ സ്വര്‍ണ്ണത്തേക്കാള്‍ കൂടുതലാണ്. പണയമായി സ്വീകരിച്ച സ്വര്‍ണ്ണാഭരണങ്ങളിലൂടെയാണ് കേരളത്തിലെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ഈ വന്‍ ശേഖരം ഉണ്ടാക്കിയത്.
കേരളത്തിലെ ജനങ്ങളുടെ സ്വര്‍ണ്ണത്തോടുള്ള കമ്പം എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്ന ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്. കേരളം ആസ്ഥാനമായുള്ള പ്രധാന ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പക്കലുള്ള സ്വര്‍ണ്ണത്തിന്റെ അളവ് പോര്‍ച്ചുഗലിന് തൊട്ടുപിന്നില്‍, ലോകരാജ്യങ്ങളുടെ റാങ്കിങ്ങില്‍ 16-ാം സ്ഥാനത്താണ്! ബ്രിട്ടന്‍, സ്‌പെയിന്‍, ഓസ്ട്രിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളുടെ ഔദ്യോഗിക സ്വര്‍ണ്ണ കരുതല്‍ ശേഖരത്തേക്കാള്‍ വലുതാണ് ഇപ്പോള്‍ കേരളത്തിലെ ഈ സ്ഥാപനങ്ങളുടെ കൈവശമുള്ളത്.
കണക്കുകൾ
യൂറോപ്യന്‍ ശക്തികളെ കടത്തിവെട്ടി മുത്തൂറ്റ് ഫിനാന്‍സ് (208 ടണ്‍), മണപ്പുറം ഫിനാന്‍സ് (56.4 ടണ്‍), മുത്തൂറ്റ് ഫിന്‍കോര്‍പ് (43.69 ടണ്‍), കെഎസ്എഫ്ഇ (67.22 ടണ്‍), ഇന്‍ഡല്‍ മണി (ഏകദേശം 6 ടണ്‍) എന്നീ പ്രമുഖ സ്ഥാപനങ്ങളുടെ കൈവശമുള്ള സ്വര്‍ണ്ണം ഒരുമിച്ച് ചേര്‍ത്താല്‍ ഏകദേശം 381 ടണ്‍ വരും. ഇന്നത്തെ വിലയായ പവന് 90,800 രൂപ എന്ന കണക്ക് വച്ച് നോക്കുമ്പോള്‍ ഈ സ്വര്‍ണ്ണ ശേഖരത്തിന്റെ മൂല്യം 4.32 ലക്ഷം കോടി രൂപയിലധികം വരും. ഈ അളവ്, യുകെ (310 ടണ്‍), സ്‌പെയിന്‍ (282 ടണ്‍) എന്നീ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളിലെ കരുതല്‍ സ്വര്‍ണ്ണത്തേക്കാള്‍ കൂടുതലാണ്. പണയമായി സ്വീകരിച്ച സ്വര്‍ണ്ണാഭരണങ്ങളിലൂടെയാണ് കേരളത്തിലെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ഈ വന്‍ ശേഖരം ഉണ്ടാക്കിയത്.
പണപ്പെരുപ്പത്തില്‍ സ്വര്‍ണ്ണത്തിന് ഡിമാന്‍ഡ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 11,350 രൂപ (ഒരു പവന് 90,800 രൂപ) എന്ന വിലയിലാണ് ഇപ്പോള്‍ സ്വര്‍ണ വ്യാപാരം നടക്കുന്നത്. റിസര്‍വ് ബാങ്ക് ഈയിടെ ഈടില്ലാത്ത വായ്പകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അനുകൂല സാഹചര്യമുണ്ടാക്കി. പണത്തിനായി ബുദ്ധിമുട്ടുന്നവര്‍ക്ക്, എളുപ്പത്തിലും സുരക്ഷിതമായും പണം ലഭിക്കുന്നതിനാല്‍ സ്വര്‍ണ്ണപ്പണയത്തെ ആശ്രയിക്കുന്നത് വര്‍ധിച്ചു. സ്വര്‍ണ്ണത്തിന്റെ ലേലം ചെയ്യല്‍ നിരക്ക്2.5% ല്‍ നിന്ന് ഏകദേശം 1% ആയി കുറഞ്ഞതും ഉത്തരവാദിത്തമുള്ള വായ്പയെടുക്കലിനെയാണ് സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെ സ്വര്‍ണ്ണപ്പണയ വായ്പകളുടെ 37% മാത്രമാണ് സംഘടിത സ്ഥാപനങ്ങളിലുള്ളത്. ബാക്കി 63% പ്രാദേശിക പണമിടപാടുകാര്‍ തുടങ്ങിയ നിയന്ത്രണമില്ലാത്ത മേഖലയിലാണ്. ആഗോളതലത്തില്‍ സ്വര്‍ണ്ണത്തിന്റെ ഏറ്റവും വലിയ ഉപഭോക്താവാണ് ഇന്ത്യ. രാജ്യത്ത് ഏകദേശം 3,000 ടണ്‍ സ്വര്‍ണ്ണമാണ് പണയമായി ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതിന്റെയെല്ലാം കേന്ദ്രം ദക്ഷിണേന്ത്യയാണ്.

