പരാതി നൽകുമ്പോൾ പോലീസ് ഒത്തുതീർപ്പിന് ശ്രമിക്കുന്നുവെന്ന് ജിനീഷിന്റെയും രേഷ്മയുടെയും അമ്മമാർ കണ്ണീരോടെ പറയുന്നു.

മാനന്തവാടി: ഇസ്രായേലിൽ വച്ച് ദുരൂഹസാഹചര്യത്തിൽ മരിച്ച ജിനേഷിന്റെയും ഭാര്യ രേഷ്മയുടെയും മരണത്തിൽ ബ്ലേഡ് മാഫിയക്കെതിരെ കുടുംബം. ജിനേഷിനെ ബ്ലേഡ് മാഫിയ ആക്രമിച്ചു എന്നും രേഷ്മക്ക് ഭീഷണി ഉണ്ടായിരുന്നുവെന്ന് ഇരുവരുടെയും അമ്മമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജിനേഷും രേഷ്മയും പരാതി നൽകിയിട്ടും പോലീസ് നടപടി എടുക്കാൻ തയ്യാറായില്ലെന്ന് കുടുംബം ആരോപിച്ചു.

ബിസിനസ് തകർന്നപ്പോൾ ഉണ്ടായ സാമ്പത്തിക ബാധ്യത തീർക്കാനാണ് ജിനേഷ് ഇസ്രായേലിലേക്ക് പോയത്. കെയർ ഗീവർ ആയി ജോലി കിട്ടി ഒന്നരമാസത്തിനുള്ളിൽ ജിനേഷ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ജിനേഷ് പരിപാലിച്ചിരുന്ന ഇസ്രായേലി സ്വദേശിയായ സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. ഇതിൻറെ ദുരൂഹതക്ക് ഉത്തരം തേടി പരാതികൾ നൽകി കാത്തിരിക്കവെ ആണ് രേഷ്മയും ജീവിതം അവസാനിപ്പിച്ചത്. രണ്ടു മരണത്തിലും ഉത്തരം തേടുമ്പോഴാണ് കുടുംബം ബ്ലേഡ് മാഫിയയിൽ നിന്ന് നേരിട്ട് ഭീഷണിയെക്കുറിച്ച് ഇരുവരുടെയും അമ്മമാർ തുറന്നുപറയുന്നത്. ജിനേഷും രേഷ്മയും ഭീഷണികളെ കുറിച്ച് ബത്തേരി പോലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കുടുംബം കുറ്റപ്പെടുത്തി.

20 ലക്ഷം വായ്പ വാങ്ങിയ ജിനേഷ് പലപ്പോഴായി പലിശക്കാർക്ക് തിരികെ നൽകിയിരുന്നു . എന്നാൽ 40 ലക്ഷം ആവശ്യപ്പെട്ട പലിശക്കാർ ഇപ്പോൾ അവശേഷിക്കുന്ന വീട് കൈക്കലാക്കാനുള്ള ശ്രമം നടത്തുകയാണ് എന്നാണ് കുടുംബം ആരോപിക്കുന്നത്. ജിനേഷിനും രേഷ്മയ്ക്കും പത്തു വയസ്സായ ഒരു മകൾ മാത്രമാണ് ഉള്ളത്

ജിനീഷിന്റെയും രേഷ്മയുടെയും മരണത്തിന് പിന്നിൽ ബ്ലേഡ് മാഫിയ?; ആരോപണവുമായി കുടുംബം