എന്തായാലും പണ്ടാരോ പറഞ്ഞപോലെ രണ്ടു പ്രളയവും നിപ്പയും ഒക്കെ വന്നിട്ടും തളരാതെ പിടിച്ചു കയറിയ നമ്മള്‍ ഇതു കൊണ്ടും വീഴില്ല എന്നു എനിക്കുമറിയാം. നിങ്ങള്‍ക്കും അറിയാം ഈ പറഞ്ഞ കൊറോണക്കും അറിയാം. ഇതല്ല, ഇതിന്റെ അപ്പുറവും ചാടി കടന്നവരാണ് നമ്മള്‍. അപ്പോള്‍ അടുത്ത തവണ മാവേലി വരുമ്പോള്‍ ഈ വര്‍ഷത്തേത് പലിശ സഹിതം ഒരു ഗംഭീര ഓണം നമ്മള്‍ അങ്ങോട്ടു തരും.മലയാളി ഡാ!

 

 

അങ്ങനെ കലണ്ടര്‍ മറിച്ചു മറിച്ചു മുന്നോട്ടു പോയി ഓണം ആയി! കഴിഞ്ഞ രണ്ടു വര്‍ഷവും മങ്ങിപ്പോയ ഓണം, ഈ വട്ടം എങ്കിലും ആഘോഷിച്ചു തീര്‍ക്കാനിരുന്ന മലയാളികളാ. അതും ഗുദാഗവ!

2019 വളരെ മാന്യമായി അവസാനിച്ചപ്പോള്‍ പുതിയ ഫാന്‍സി നമ്പര്‍ വര്‍ഷം തിമിര്‍ത്തു ആഘോഷിക്കാന്‍ കച്ചകെട്ടിയതായിരുന്നു. ഉടനെ ചൈനയില്‍ നിന്നു ലോകത്തിനു ഒരു മെസേജ് കിട്ടി. പണി വരുന്നുണ്ട് അവറാച്ചാ. പിന്നെ എല്ലാം ശടപടെ ശടപടെന്നായിരുന്നു. ലോകമേ തറവാട് എന്നു പറഞ്ഞ മാലോകരെല്ലാം തറവാടെ ലോകം എന്നു പറഞ്ഞു വീട്ടില്‍ കേറി ഇരുന്നു. ചക്കക്കുരു ഷെയ്ക്കും അടുക്കള പരീക്ഷണങ്ങളും വീടകങ്ങള്‍ കീഴടക്കി. നീണ്ട അവധിക്കാലത്ത് വീട്ടില്‍ നിന്ന് പുറത്തു ഇറങ്ങാതെ പിള്ളേര്‍സെറ്റ് വെറുതെ സാമ്പാര്‍ തിളപ്പിച്ചു തീര്‍ത്തു.

ഓരോ മാസം പിറന്നു വീഴുമ്പോളും പ്രതീക്ഷയോടെ നമ്മള്‍ ഇരുന്നു. ഈസ്റ്റര്‍ പോയാല്‍ പോട്ടെ, ഇനി വിഷു ഉണ്ട്, പെരുന്നാള്‍ ഉണ്ട്, ഓണം ഉണ്ട്. എവിടെ! കൊറോണ എന്നാ സുമ്മാവാ..! അങ്ങനെ ഒന്നില്‍ തുടങ്ങി മൂന്നു എന്ന പോലെ ഈ തവണത്തെ ഓണത്തിനും യോഗമില്ല.

സത്യത്തില്‍ ഈ ലോക്ക്ഡൗണ് ആയപ്പോഴാണ് മാവേലിയെ പറ്റി ശരിക്കും ഓര്‍ത്തത്. നാലഞ്ചു മാസം വീട്ടില്‍ തന്നെ ഇരുന്നപ്പോഴെ നമുക്ക് മടുത്തു, അപ്പൊ വര്‍ഷം മുഴുവന്‍ പാതാളത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ഒരു പവറെ!

അല്ല, ഈ വട്ടം വന്നിട്ട് എന്തു ചെയ്യും എന്നാ! പണ്ടായിരുന്നേല്‍ വീട്ടുമുറ്റത്തിന്നോ ആരാന്റെ പറമ്പില്‍ നിന്നോ ഒക്കെ പൂവെടുത്ത് പൂക്കളം തീര്‍ക്കമായിരുന്നു. ഇപ്പോള്‍ മാര്‍ക്കറ്റില്‍ നിന്നു തന്നെ വാങ്ങണം. കൊറോണ സീസണ്‍ ആയതുകൊണ്ട് അതൊട്ടു നടക്കുകയുമില്ല.

ഇപ്പൊ എന്ത് ഓണം, അതൊക്കെ പണ്ട് എന്ന ചൊല്ലും കേട്ടു. ഇന്റര്‍നെറ്റിന്റെയും മറ്റു ബില്ലുകളുമടച്ചു ബാക്കി വരുന്ന കാശുകൊണ്ടു ഓണക്കോടി വാങ്ങാം എന്നു വച്ചാലോ ഈ അടുത്തൊന്നും പുറത്തിറങ്ങാന്‍ പറ്റാത്ത നമ്മള്‍ക്കെന്തിനാ കോടി? കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് വെപ്പെങ്കിലും കാണം വിക്കാനും ഓണം ഉണ്ണാനും ഇപ്പോള്‍ മാര്‍ക്കറ്റില്‍ നല്ല ബുദ്ധിമുട്ടാണ്. വിപണി മൊത്തത്തില്‍ തകര്‍ന്നു കിടക്കുമ്പോള്‍ വീട്ടില്‍ ഒരു ചോറും കറിയും പായസവും ഉണ്ടായാല്‍ തന്നെ ഓണം ജോറായി.

അങ്ങനെ, വളരെ ഒതുക്കത്തോടെ എങ്ങനെ ഓണം ആഘോഷിക്കാം എന്നു മലയാളി പഠിക്കുകയാണ് സുഹൃത്തുക്കളെ പഠിക്കുകയാണ്!

എന്തായാലും പണ്ടാരോ പറഞ്ഞപോലെ രണ്ടു പ്രളയവും നിപ്പയും ഒക്കെ വന്നിട്ടും തളരാതെ പിടിച്ചു കയറിയ നമ്മള്‍ ഇതു കൊണ്ടും വീഴില്ല എന്നു എനിക്കുമറിയാം. നിങ്ങള്‍ക്കും അറിയാം ഈ പറഞ്ഞ കൊറോണക്കും അറിയാം. ഇതല്ല, ഇതിന്റെ അപ്പുറവും ചാടി കടന്നവരാണ് നമ്മള്‍!

അപ്പോള്‍ അടുത്ത തവണ മാവേലി വരുമ്പോള്‍ ഈ വര്‍ഷത്തേത് പലിശ സഹിതം ഒരു ഗംഭീര ഓണം നമ്മള്‍ അങ്ങോട്ടു തരും.മലയാളി ഡാ!

പിന്നെ സംഗതി ഒക്കെ കൊള്ളാം, ഓണം ആണ്, ഫെസ്റ്റിവല്‍ മൂഡാണ് എന്നൊക്കെ പറഞ്ഞു സമൂഹ്യ അകലവും കൈ കഴുകലും ഒന്നും മറക്കരുത് ട്ടാ മുത്തുമണിയെ! ( മാസ്‌ക്ക് മുഖ്യായും ബിഗിലെ!)

 

കൊറോണക്കാലത്തെ ഓണം: വായനക്കാരെഴുതിയ കുറിപ്പുകള്‍

വീടിനുള്ളില്‍ ഒതുങ്ങിയ ചെറിയോണം  നമുക്ക് സര്‍ഗാത്മകതയുടെ വല്യോണമാക്കാം 

വാട്ട്‌സാപ്പില്‍ ഒരോണക്കാലം

കൊറോണക്കാലത്തെ ഏറ്റവും മനോഹരമായ  ഓണാനുഭവം എന്തായിരിക്കും? 

എന്നാലും ഓണം പൊടിപൊടിക്കും! 

മാവേലി ക്വാറന്റീനില്‍ പോവുമോ? 

അതിരുകളില്ലാത്ത സൗഹാര്‍ദ്ദത്തിന്റെ വിരുന്നൂട്ടല്‍ 

ഓണം എല്ലാവരുടെയുമാണ്! 

അകലങ്ങളിലിരുന്ന് നമ്മള്‍ ഓണത്തെ കൈയെത്തിപ്പിടിക്കുന്നു

വീട്ടിലെ ഇളമുറക്കാരിക്ക് മാവേലിയെന്നാല്‍ മാസ്‌ക്കിട്ട് വരുന്ന അച്ചാച്ചന്‍ ആണ്