Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ രൂപ എക്കാലത്തെയും താഴ്ന്ന നിരക്കില്‍; നേട്ടം ഉപയോഗപ്പെടുത്താന്‍ പ്രവാസികളുടെ തിരക്ക്

നേരത്തെ ജനുവരിയില്‍ യുഎഇ ദിര്‍ഹത്തിനെതിരെ 20.10 എന്ന നിലയില്‍ നിന്ന് മേയ് മാസത്തില്‍ 21 ആയി ഉയര്‍ന്നു. ഇന്ന് 21.74 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയിലുമെത്തി.

Indian rupee hits all time low today and expats in gulf countries sending more money
Author
Abu Dhabi - United Arab Emirates, First Published Jul 14, 2022, 10:55 PM IST

അബുദാബി: അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ എക്കാലത്തെയും താഴ്ന്ന നിരക്കിലെത്തുമ്പോള്‍ നാട്ടിലേക്ക്പണമയക്കാനുള്ള തിരക്കിലാണ് പ്രവാസികള്‍. വ്യാഴാഴ്ച രാവിലെ ഡോളറിനെതിരായ മൂല്യം 0.17 ശതമാനം ഇടിഞ്ഞ് 79.90 എന്ന നിലയിലെത്തിയിരുന്നു. ഇതോടെ ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സികളുടെയും വിനിമയ മൂല്യം വര്‍ദ്ധിച്ചു. 

അന്താരാഷ്‍ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില ഉയരുന്നതും വിദേശ നാണ്യശേഖരത്തിലെ ഇടിവുമാണ് രൂപയുടെ നില താഴേക്ക് കൊണ്ടുപോകുന്നതെന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജൂലൈ 26, 27 തീയതികളിൽ അമേരിക്കയിലെ കേന്ദ്ര ബാങ്ക് യോഗം ചേരുമെന്ന വിവരം പലിശ നിരക്കുകൾ ഉയർന്നേക്കും എന്ന അഭ്യൂഹങ്ങൾക്ക് കാരണമായിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഡോളറിനെതിരെ 79.64 എന്ന നിലയില്‍ രൂപയുടെ വ്യാപാരം തുടങ്ങിയെങ്കിലും പിന്നീട് ഇത് 79.77 എന്ന നിലയിലേക്ക് താഴ്‍ന്നു.

രൂപയുടെ വിലയിടിവ് പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍. യുഎഇ ദിര്‍ഹത്തിന് ഇന്ന് 21.74 എന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. 21.66 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വിനിമയ നിരക്ക്. 21.72ല്‍ വ്യാപാരം തുടങ്ങിയ ശേഷം പിന്നീട് രണ്ട് പൈസ കൂടി താഴ്‍ന്നാണ് 21.74 എന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയത്. നേരത്തെ ജനുവരിയില്‍ യുഎഇ ദിര്‍ഹത്തിനെതിരെ  20.10 എന്ന നിലയില്‍ നിന്ന് മേയ് മാസത്തില്‍ 21 ആയി ഉയര്‍ന്നു. ഇന്ന് 21.74 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയിലുമെത്തി.

സൗദി റിയാലിന് 21.31 രൂപയും ഖത്തര്‍ റിയാലിന് 21.95 രൂപയും കുവൈത്ത് ദിനാറിന് 259.42 രൂപയും ബഹ്റൈന്‍ ദിനാറിന് 212.58 രൂപയും ഒമാനി റിയാലിന് 207.88 രൂപയമായിരുന്നു ഇന്നത്തെ നിരക്ക്. നല്ല വിനിമയ മൂല്യം ലഭിച്ചതോടെ നാട്ടിലേക്ക് പണമയക്കാനും വിവിധ എക്സ്ചേഞ്ച് സെന്ററുകളില്‍ പൊതുവേ പ്രവാസികളുടെ തിരക്കേറി.

Read also: പാലത്തില്‍ നിന്ന് കാര്‍ കടലിലേക്ക് പതിച്ച് അപകടം; പ്രവാസി മലയാളി മുങ്ങിമരിച്ചു

Follow Us:
Download App:
  • android
  • ios