ഐപിഎല്‍ മിനിതാരലേലത്തിലേക്കുള്ള ദൂരം ഇനി മണിക്കൂറുകള്‍ മാത്രം. 10 ഫ്രാഞ്ചൈസികള്‍, 71 സ്ലോട്ടുകള്‍, ഇതില്‍ 31 എണ്ണം വിദേശതാരങ്ങള്‍ക്കായി. ഹാമറിന് കീഴിലേക്ക് 359 താരങ്ങള്‍
ഡിസംബര്‍ 16, അബുദാബി! ഐപിഎല്‍ മിനിതാരലേലത്തിലേക്കുള്ള ദൂരം ഇനി മണിക്കൂറുകള്‍ മാത്രം. 10 ഫ്രാഞ്ചൈസികള്‍, 71 സ്ലോട്ടുകള്‍, ഇതില്‍ 31 എണ്ണം വിദേശതാരങ്ങള്‍ക്കായി. ഹാമറിന് കീഴിലേക്ക് 350 താരങ്ങള്‍. ഓരോ ടീമുകള്‍ക്കും വിനിയോഗിക്കാനാകുന്ന തുക, എത്ര സ്ലോട്ടുകള്‍ ബാക്കി, ആവശ്യമായ താരങ്ങള്‍ - അങ്ങനെ ലേലത്തിന് മുൻപ് അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തില്‍.
അഞ്ച് തവണ കിരീടം തൊട്ട ചെന്നൈ സൂപ്പർ കിങ്സ്. തിരിച്ചടികളില്‍ നിന്നൊരു തിരിച്ചുവരവിനായി അടിമുടി ഉടച്ചുവാർത്ത സംഘം. ഒരുപിടി യുവതാരങ്ങളും എം എസ് ധോണിയും. ഒപ്പം, സെൻസേഷണല്‍ ട്രേഡായി എത്തിയ സഞ്ജു സാംസണും. 43.4 കോടി രൂപയാണ് ചെന്നൈയുടെ പോക്കറ്റിലുള്ളത്. ഒൻപത് സ്ലോട്ടുകളും, നാലെണ്ണം വിദേശ താരങ്ങളുമായിരിക്കണം. രവീന്ദ്ര ജഡേജയും അഭാവം നികത്തേണ്ടതുണ്ട്, മികച്ചൊരു ഡെത്ത് ബോളറേയും കണ്ടത്തണം. മതീഷ പതിരാനയെ കുറഞ്ഞ വിലയ്ക്ക് തിരിച്ചെടുക്കാനുള്ള സാധ്യതകളുമുണ്ട്. ബാറ്റിങ് നിരയിലേക്ക് വലിയൊരു താരത്തെ എത്തിക്കേണ്ട ആവശ്യകത ചെന്നൈക്കില്ലെന്ന് വേണം കരുതാൻ.
ലേലത്തില്‍ ഏറ്റവും കുറവ് പണം കൈവശമുള്ള മുംബൈ ഇന്ത്യൻസ്. അഞ്ച് പ്രാവശ്യം ജേതാക്കളായ മുംബൈ 2025 സീസണിലെ മുഖ്യതാരങ്ങളെ എല്ലാം തന്നെ നിലനിർത്തി. അഞ്ച് സ്ലോട്ടുകള്‍ നികത്തേണ്ട മുംബൈയുടെ കൈവശമുള്ള കേവലം 2.75 കോടി രൂപ മാത്രമാണ്. ഹാർദിക്ക് പാണ്ഡ്യയുടെ ടീമില്‍ രണ്ട് ഡിപ്പാർട്ട്മെന്റുകളിലും കാര്യമായ ആശങ്കകളില്ല. മിച്ചല്‍ സാന്റ്‌നറിന് കൂട്ടായി മായങ്ക് മാര്‍ഖണ്ഡെ എത്തിയെങ്കിലും ബാക്ക് അപ്പ് സ്പിന്നറില്ല എന്നതാണ് പോരായ്മ. വിഘ്നേഷ് പുത്തൂരിനെ മുംബൈ തിരികെയെത്തിക്കുമോയെന്നതിലാണ് ആകാംഷ.
64.3 കോടി രൂപയുമായി ലേലത്തിലെ ഏറ്റവും സമ്പന്നരാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ആന്ദ്രെ റസല്‍ ഉൾപ്പെടെയുള്ള മാർക്യു താരങ്ങളെ കൈവിട്ട് പുതുസംഘത്തെ ഒരുക്കുക എന്നതായിരിക്കും ലക്ഷ്യം. റസലിന്റെ പകരക്കാരനായി കാമറൂണ്‍ ഗ്രീൻ കൊല്‍ക്കത്തയിലേക്ക് എത്തുമോയെന്നതാണ് ലേലത്തിലെ പ്രധാന ആകർഷണം. ഓപ്പണർമാർ, പേസർമാരെന്നിങ്ങനെ നികത്താനായി 13 സ്ലോട്ടുകളാണ് മുൻ ചാമ്പ്യന്മാർക്കുള്ളത്. ഇതില്‍ ആറെണ്ണം വിദേശ താരങ്ങള്‍ക്കായുള്ളതാണ്.
നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. സൂപ്പര്‍ താരം ലിയാം ലിവിങ്‌സ്റ്റണെ റിലീസ് ചെയ്തതുമാറ്റി നിര്‍ത്തിയാല്‍ സുപ്രധാന നീക്കങ്ങളൊന്നും തന്നെ ബെംഗളൂരു നടത്തിയിട്ടില്ല. ജോഷ് ഹേസല്‍വുഡ് പരുക്കിന്റെ പിടിയില്‍ നിരന്തരം കുടുങ്ങുന്നത് ആശങ്കയാണ്. വിദേശപേസര്‍മാരാണ് ബെംഗളൂരുവിന് ആവശ്യം. സ്പിൻ നിരയിലേക്ക് ബാക്ക് അപ്പ് താരത്തെയും കണ്ടെത്തണം. എട്ട് സ്ലോട്ടുകള്‍ക്കായി 16.4 കോടി രൂപയാണ് ആർസിബിക്കുള്ളത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. കയ്യിലുള്ളത് 25.5 കോടി രൂപയാണ്. ലേലത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പന്നർ. രണ്ട് വിദേശ താരങ്ങളെ ഉള്‍പ്പെടെ 10 പേരെ ടീമിലെത്തിക്കേണ്ടതുണ്ട്. ലഖ്നൗ സൂപ്പര്‍ ജയന്റ്സിലേക്ക് ചേക്കേറിയ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയുടെ പകരക്കാരനേയും മധ്യനിരയില്‍ ബാറ്റ് ചെയ്യാൻ കഴിയുന്ന താരങ്ങളേയുമായിരിക്കും ഹൈദരാബാദ് ലേലത്തില്‍ ലക്ഷ്യമിടുക. കോർ ടീമിനെ കൈവിടാത്തതിനാല്‍ ശക്തിക്ഷയം സംഭവിച്ചിട്ടില്ല പാറ്റ് കമ്മിൻസിന്റെ സംഘത്തിന്.
സഞ്ജു സാംസണ്‍ പടിയിറങ്ങിയതോടെ നായകനെ ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ട് രാജസ്ഥാൻ റോയല്‍സിന്. യുവതാരങ്ങള്‍ നിറഞ്ഞ ബാറ്റിങ് നിരയിലേക്ക് പരിചയസമ്പന്നരുടെ എൻട്രി പ്രതീക്ഷിക്കാം. വനിന്ദു ഹസരങ്ക - മഹേഷ് തീക്ഷണ സ്പിൻ ദ്വയത്തെ റിലീസ് ചെയ്തതോടെ ഇരുവരുടേയും വിടവും നികത്തണം. 16.05 കോടി രൂപയാണ് രാജസ്ഥാന് ചിലവഴിക്കാൻ ബാക്കിയുള്ളത്. ഒൻപത് താരങ്ങളെ പിങ്ക് അണിയിക്കുകയും ചെയ്യണം. വിദേശതാരങ്ങള്‍ക്കായി ഒരു സ്ലോട്ടുമാണ് ബാക്കിയുള്ളത്.
ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസ്. മുംബൈക്ക് സമാനമായി കാര്യമായി താരങ്ങളെ കൈവിടാത്ത ടീം. അഞ്ച് സ്ലോട്ടുകള്‍ മാത്രം ബാക്കി, അതില്‍ നാലും വിദേശികളായിരിക്കണം. ഷെര്‍ഫെയ്‌ൻ റുതര്‍ഫോഡ് മുംബൈയിലേക്ക് ചുവടുമാറിയതോടെ ഫിനിഷറേയും വിദേശ പേസറേയും ലേലത്തില്‍ വാങ്ങേണ്ടതുണ്ട്. 12.90 കോടി രൂപയാണ് ഗുജറാത്തിന്റെ പക്കലുള്ളത്.
2025ലെ നിരയെ ഏറെക്കുറെ പൂര്‍ണമായും നിലനിര്‍ത്തിയ പഞ്ചാബ് കിങ്സ്. നാല് സ്ലോട്ടുകള്‍ മാത്രം ബാക്കി, രണ്ട് എണ്ണം വിദേശതാരങ്ങള്‍ക്കായി. ജോഷ് ഇംഗ്ലിസിന് പകരക്കാരനായി ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. അതായിരിക്കും പഞ്ചാബിന്റെ പ്രധാന ലക്ഷ്യം. പതിനൊന്നരക്കോടി രൂപയാണ് ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമിനുള്ളത്.
ഓപ്പണര്‍മാരെ തേടുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ തുടക്കം മുതലുണ്ടായിട്ടും ഒരു കിരീടം പോലും നേടാനാകാത്തവര്‍. ജേക്ക് ഫ്രേസര്‍ മക്‌ഗൂര്‍ക്കും ഫാഫ് ഡുപ്ലെസിസും ടീം വിട്ടതോടെയാണ് ഓപ്പണര്‍മാര്‍ക്കുള്ള ഇടം ഒഴിഞ്ഞത്. എട്ട് താരങ്ങളെ ടീമിലെത്തിക്കണം ഡല്‍ഹിക്ക്. 21.8 കോടി രൂപ കൈവശവുമുണ്ട്.
ടീമിലെ രണ്ട് പ്രധാന താരങ്ങളെ റിലീസ് ചെയ്ത ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. ഡേവിഡ് മില്ലര്‍, രവി ബിഷ്ണോയ് എന്നിവരുടെ പകരക്കാരായിരിക്കും ലേലത്തിലെ പ്രധാന ലക്ഷ്യം. കേവലം ആറ് സ്ലോട്ട് നികത്താൻ 23 കോടി രൂപയോളമുണ്ട് ലഖ്നൗവിന്റെ പക്കല്‍.


