യുവാക്കൾക്കിടയിൽ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് എന്ന ആശയത്തിന് വലിയ പ്രചാരമാണ് ലഭിക്കുന്നത്. 

പാശ്ചാത്യ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള ഡെസ്റ്റിനേഷൻ വെഡ്ഡിംഗിന് ഇന്ത്യയിലും പ്രചാരമേറുകയാണ്. കേരളത്തിലും, പ്രത്യേകിച്ച് യുവതലമുറയ്ക്കിടയിൽ വൻ സ്വീകാര്യതയാണ് ഡെസ്റ്റിനേഷൻ വെഡ്ഡിംഗിന് ലഭിക്കുന്നത്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് തിരുവനന്തപുരം ശംഖുമുഖത്തെ കേരള സര്‍ക്കാരിന്റെ വെഡ്ഡിംഗ് ഡെസ്റ്റിനേഷൻ. അത്തരത്തിൽ ഇന്ത്യയിലെ ചെലവ് കുറഞ്ഞ മൂന്ന് വെഡ്ഡിംഗ് ഡെസ്റ്റിനേഷനുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ഗോവ

ചെലവ് കൂടുതലുള്ള ഒരു സ്ഥലമാണെന്ന് തോന്നുമെങ്കിലും വാസ്തവത്തിൽ കുറഞ്ഞ ബജറ്റിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ അനുയോജ്യമായ സ്പോട്ടാണ് ഗോവ. ഡെസ്റ്റിനേഷൻ വെഡ്ഡിംഗിനായി ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലുകൾ ഒഴിവാക്കുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. സൗത്ത് ഗോവയിലെ ശാന്തമായ ബീച്ചുകൾക്ക് സമീപമുള്ള ഒരു മിഡ്‌റേഞ്ച് ബീച്ച് റിസോർട്ടോ ഒരു സ്വകാര്യ വില്ലയോ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

പുതുച്ചേരി

ഇന്ത്യയിൽ യൂറോപ്യൻ ശൈലിയിലുള്ള ഒരു വിവാഹമാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? എങ്കിൽ പുതുച്ചേരി തന്നെയാണ് ഏറ്റവും മികച്ച സ്ഥലം. പാസ്റ്റൽ കൊളോണിയൽ കെട്ടിടങ്ങൾ, ബീച്ച് സൈഡ് പ്രൊമെനേഡുകൾ, മനോഹരമായ റിസോർട്ടുകൾ എന്നിവയാൽ സമ്പന്നമാണ് പുതുച്ചേരി. സ്വപ്നതുല്യമായ ഒരു വിവാഹ അന്തരീക്ഷം സൃഷ്ടിക്കാൻ പുതുച്ചേരിയ്ക്ക് കഴിയും.

ആലപ്പുഴ

കേരളത്തിലെ ശാന്തമായ കായലുകളിലൂടെ ഒരു യാത്ര നടത്തി വിവാഹം കഴിക്കാൻ സാധിച്ചാലോ? ഇതിനായ മറ്റെവിടെയും പോകേണ്ടതില്ല. ആലപ്പുഴയിലെ പരമ്പരാഗത ഹൗസ് ബോട്ടുകൾ വ്യത്യസ്തമായ വിവാഹാനുഭവങ്ങൾ പ്രദാനം ചെയ്യുന്നു. വ്യത്യസ്തവും എന്നാൽ ചെലവ് കുറഞ്ഞതുമായ വിവാഹം ആഗ്രഹിക്കുന്ന ദമ്പതികൾക്ക് അനുയോജ്യമായ ഒരു സ്ഥലമാണിത്. പ്രാദേശിക ഭക്ഷണരീതികളും ഊഷ്മളമായ ആതിഥ്യമര്യാദയും ആലപ്പുഴയെ വ്യത്യസ്തമാക്കുന്നു.