മഴക്കാലമെത്തുമ്പോഴാണ് കുത്തുങ്കൽ വെള്ളച്ചാട്ടം സജീവമാകുക.
അടിമാലി: മഴക്കാലമെത്തിയതോടെ വീണ്ടും സജീവമായി ഇടുക്കി ജില്ലയിലെ രാജാക്കാടിന് സമീപത്തുള്ള കുത്തുങ്കൽ വെള്ളച്ചാട്ടം. ജില്ലയിലെ ആദ്യത്തെ സ്വകാര്യ ജലവൈദ്യുത പദ്ധതിയായ കുത്തുങ്കൽ അണക്കെട്ടിന് സമീപം വനമധ്യത്തിൽ മനോഹരിയായി നിറഞ്ഞുകവിഞ്ഞൊഴുകുകയാണ് കുത്തുങ്കൽ വെള്ളച്ചാട്ടം. ഇടുക്കിയുടെ അതിരപ്പിള്ളി എന്നാണ് കുത്തുങ്കൽ വെള്ളച്ചാട്ടം പൊതുവേ അറിയപ്പെടുന്നത്.
2001ൽ ഇൻഡസിൽ കമ്പനി ജലവൈദ്യുത പദ്ധതി ആരംഭിച്ചതോടെ കുത്തുങ്കൽ വെള്ളച്ചാട്ടം വറ്റി വരണ്ടു. പിന്നീട് ഇതേ പദ്ധതിയുടെ ഭാഗമായി പന്നിയാർ പുഴയിൽ ചെറിയ അണക്കെട്ട് നിർമ്മിച്ചു. ഇതോടെ നേരിയ രീതിയിൽ മാത്രമാണ് കുത്തുങ്കലിൽ വെള്ളം ഒഴുകിയിരുന്നു. സാധാരണയായി മഴക്കാലത്ത് മാത്രമാണ് കുത്തുങ്കൽ സജീവമാകുന്നത്. മഴക്കാലത്ത് അണക്കെട്ട് നിറയുന്നതോടെ വെള്ളം തുറന്നുവിടുമ്പോൾ കുത്തുങ്കൽ വെള്ളച്ചാട്ടം സജീവമാകും. ഒറ്റ നോട്ടത്തിൽ അതിരപ്പിള്ളിയോട് ഏറെ സാമ്യം തോന്നുന്ന വെള്ളച്ചാട്ടമാണിത്. പാറക്കെട്ടുകളിലൂടെ ഏകദേശം 30-40 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം അതിമനോഹരമായ കാഴ്ചയാണ് സഞ്ചാരികൾക്ക് സമ്മാനിക്കുക.
ഈ വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്തുള്ള വെള്ളത്തിൽ സഞ്ചാരികൾക്ക് ഇറങ്ങാൻ സാധിക്കും. പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും വിശ്രമിക്കാനും ഏറെ അനുയോജ്യമായ ഒരിടമാണിത്. സാഹസിക വിനോദസഞ്ചാരികൾക്ക് ട്രെക്കിംഗിനും ഇവിടെ അവസരമുണ്ട്. മഴക്കാലമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഇവിടേയ്ക്ക് എത്തുന്നവർ സുരക്ഷിതമായി കാഴ്ചകൾ ആസ്വദിക്കാൻ ശ്രദ്ധിക്കുക. കാരണം പാറകൾക്ക് വഴുക്കലുണ്ടാകാൻ സാധ്യത കൂടുതലാണ്.
എങ്ങനെ എത്തിച്ചേരാം
- രാജാക്കാട് നിന്ന് ഏകദേശം 6 കിലോമീറ്ററും മൂന്നാറിൽ നിന്ന് 24 കിലോമീറ്ററും അകലെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
- കുമളിയിൽ നിന്ന് നെടുങ്കണ്ടം വഴി ചെമ്മണ്ണാർ എത്തി 7 കിലോമീറ്റർ സഞ്ചരിച്ചാൽ കുത്തുങ്കലിൽ എത്താം.
- നേര്യമംഗലത്ത് നിന്ന് അടിമാലിയിലൂടെ രാജാക്കാട് എത്തി 5 കിലോമീറ്റർ സഞ്ചരിച്ചാലും ഇവിടേയ്ക്ക് എത്താൻ സാധിക്കും.
- മൂന്നാറിൽ നിന്ന് തോക്കുപാറ-ആനച്ചാൽ-കുഞ്ചിത്തണ്ണി വഴിയും രാജാക്കാട് എത്താം.


