ചേനം പാടശേഖര കമ്മിറ്റി കേരളത്തിന്റെ ഏറ്റവും സാധ്യതയുള്ള ഒരു മേഖലയിലേക്കാണ് കാലുകുത്തിയിരിക്കുന്നതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു.
തൃശൂർ: ഗ്രാമീണ പ്രകൃതിഭംഗി നിറഞ്ഞുനിൽക്കുന്ന പാറളം, ചേർപ്പ് ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെടുന്ന ചേനം തരിശ് പാടശേഖരത്തിൽ നെല്ലറ ഗ്രാമീണ ടൂറിസം പദ്ധതിക്ക് തുടക്കമായി. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പദ്ധതി ഉദ്ഘാടനം ചെയ്തു.
ചേനം പാടശേഖര കമ്മിറ്റി കേരളത്തിന്റെ ഏറ്റവും സാധ്യതയുള്ള ഒരു മേഖലയിലേക്കാണ് കാലുകുത്തിയിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. പ്രാദേശിക സാമ്പത്തിക വികസനത്തിന് ഏറെ സഹായകമായ പദ്ധതിയായിത് വളരട്ടെയെന്നും നമ്മുടെ സാംസ്ക്കാരിക രൂപങ്ങൾ പങ്കുവെക്കാനുള്ള ഒരു വേദികൂടിയായി ഈ പദ്ധതിയെ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സാമ്പത്തിക അടിത്തറ വിപുലീകരിക്കുന്നതിന് ടൂറിസം ഏറ്റവും സഹായകരമായി തീരുന്ന ഒരു മേഖലയാണ്. ടൂറിസം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ അഡ്വഞ്ചർ ടൂറിസം, പൈതൃക ടൂറിസം തുടങ്ങി പല പുതിയ രീതികളും ടൂറിസം മേഖലയിൽ ആവിഷ്കരിക്കാൻ നമുക്ക് സാധിക്കുന്നുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
എട്ട് കി.മീ ചുറ്റളവിൽ കിടക്കുന്ന പാടശേഖരത്തെ ടൂറിസം മാപ്പിൽ ഉൾപ്പെടുത്തി മൺസൂൺ കാലയളവിൽ സ്വദേശീയരും, വിദേശികളുമായ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കുട്ടവഞ്ചി ബോട്ടിംഗ്, കയാക്കിംഗ് തുടങ്ങി ടൂറിസ്റ്റുകളെ ആകർഷിക്കുന്ന പദ്ധതിയാണ് പാടശേഖരത്തിൽ തുടക്കമിടുന്നത്.


