ടെന്റിൽ താമസിച്ച് അതിരാവിലെ കാണുന്ന സൂര്യോദയം ജീവിതത്തിൽ മറക്കാനാകാത്ത കാഴ്ചകളിലൊന്നായിരിക്കും.  

കേരളത്തിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് പറയുമ്പോൾ തന്നെ മിക്കയാളുകളുടെയും മനസിലേയ്ക്ക് ഓടിയെത്തുന്നത് മൂന്നാര്‍ എന്ന പേരായിരിക്കും. പച്ചപ്പ് നിറഞ്ഞ താഴ്‌വരകളും തേയിലത്തോട്ടങ്ങളും കോടമഞ്ഞുമെല്ലാമാണ് മൂന്നാറിലേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. 

മാട്ടുപ്പെട്ടി, വട്ടവട, ഇരവികുളം, കൊളുക്കുമല, മീശപ്പുലി മല തുടങ്ങി നിരവധി മനോഹരമായ സ്ഥലങ്ങൾ മൂന്നാറിലുണ്ട്. എന്നാൽ, വിനോദസഞ്ചാരികൾക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട മൂന്നാറിലെ മറ്റൊരിടമാണ് ടോപ് സ്റ്റേഷൻ.

ക്യാമ്പിംഗിനും ഹൈക്കിംഗിനും ട്രെക്കിംഗിനുമെല്ലാം ഏറെ അനുയോജ്യമായ സ്പോട്ടാണ് ടോപ് സ്റ്റേഷൻ. ഇവിടെയുള്ള വ്യൂപോയിന്റ് നൽകുന്ന കാഴ്ചകൾ ഏതൊരാളുടെയും മനംകവരും. ഇവിടെ എത്തിയാൽ നിങ്ങൾ മേഘങ്ങൾക്കിടയിലോ മേഘങ്ങൾക്ക് മുകളിലോ നിൽക്കുന്ന അനുഭവമാണ് ലഭിക്കുക. തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ നിങ്ങൾക്ക് മൂന്നാറിന്റെ ഭംഗി ആസ്വദിക്കാനും കഴിയും.

മൂന്നാറിലെ ടോപ്പ് സ്റ്റേഷനിൽ ചെയ്യേണ്ട കാര്യങ്ങൾ

1. ട്രെക്കിംഗ് - പ്രദേശത്തെ ഇടതൂർന്ന കാടുകളിലൂടെയും പുൽമേടുകളിലൂടെയുമുള്ള ട്രെക്കിംഗ് അതിമനോഹരമാണ്. താഴ്‌വരയുടെയും തേയിലത്തോട്ടങ്ങളുടെയും കാഴ്ചകൾക്ക് പുറമെ ചിലപ്പോൾ ചുറ്റുമുള്ള കുന്നുകളിലെ വന്യജീവികളെ കാണാനും കഴിഞ്ഞേക്കും.

2. മൗണ്ടൻ ബൈക്കിംഗ് - സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ടോപ്പ് സ്റ്റേഷൻ. മൂന്നാറിലെ ശാന്തമായ പ്രദേശങ്ങളിലൊന്ന് കൂടിയാണിവിടം. ഇത് ഹൈക്കർമാർക്കും ബൈക്കർമാർക്കും ടോപ് സ്റ്റേഷനെ ഒരുപോലെ പ്രിയപ്പെട്ടതാക്കുന്നു. അതിനാൽ, ഒരു ബൈക്ക് വാടകയ്‌ക്കെടുത്ത് പ്രദേശത്തെ പച്ചപ്പ് നിറഞ്ഞ തേയിലത്തോട്ടങ്ങളും ഇടതൂർന്ന കുന്നിൻ പ്രദേശങ്ങളും കടന്ന് സഞ്ചരിക്കാം.

3. ക്യാമ്പിംഗ് – അതിരാവിലെ തന്നെ അടുത്തുള്ള തേയിലത്തോട്ടങ്ങൾക്ക് മുകളിൽ മേഘങ്ങൾ എത്തുന്നത് കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ മൂന്നാറിലെ ടോപ്പ് സ്റ്റേഷനിൽ താമസിക്കാം. ടോപ്പ് സ്റ്റേഷനിൽ രാത്രി ക്യാമ്പിംഗിനായി ടെന്റുകൾ വാടകയ്‌ക്കെടുക്കാം. ക്യാമ്പ് ഫയര്‍ സജ്ജീകരിച്ചും പാട്ടുകൾ പാടിയുമെല്ലാം രാത്രി ചെലവിട്ട ശേഷം അതിരാവിലെ ഉണരുമ്പോൾ നിങ്ങൾ കാണുന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ സൂര്യോദയങ്ങളിലൊന്നായിരിക്കും.

4. ഫോട്ടോഗ്രാഫി - സാഹസിക പ്രവർത്തനങ്ങൾക്ക് പുറമേ ടോപ് സ്റ്റേഷൻ വ്യൂപോയിന്റ് മനോഹരമായ പ്രകൃതിദൃശ്യങ്ങൾ പകർത്താനുള്ള അവസരവും നൽകുന്നുണ്ട്. താഴെയുള്ള പട്ടണത്തിന്റെയും ചുറ്റുമുള്ള താഴ്‌വരയുടെയും വ്യക്തമായ ചിത്രങ്ങൾ നിങ്ങൾക്ക് ലഭിക്കും. സ്ഫടികം പോലെ തിളങ്ങുന്ന വെള്ളച്ചാട്ടങ്ങൾ, പശ്ചിമഘട്ടത്തിലെ അംബരചുംബികളായ മലനിരകൾ, പൂക്കളാൽ മൂടപ്പെട്ട കുന്നിൻചരിവുകൾ എന്നിവയെല്ലാം നിങ്ങളെ കാത്തിരിക്കുകയാണ്.

5. ലഘുഭക്ഷണം – ടോപ്പ് സ്റ്റേഷനിൽ നിങ്ങൾക്ക് ധാരാളം ഭക്ഷണ സ്റ്റാളുകൾ കാണാം. എരിവുള്ള കാരറ്റ്, ചൂടുള്ള ചോളം, നൂഡിൽസ് എന്നിവ നിങ്ങളുടെ സന്ദർശന വേളയിൽ പരീക്ഷിക്കാവുന്ന ചില വിഭവങ്ങളാണ്. ഒരു കപ്പ് ചൂടുള്ള മസാല ചായയുമായി ടോപ് സ്റ്റേഷൻ വ്യൂ പോയിന്റിലെത്തി വിശ്രമിക്കുന്നത് മറക്കാനാകാത്ത അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്.