ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ മുന്നില്‍ ഒറ്റക്കാലില്‍ മുട്ട് കുത്തി നിന്ന് അല്‍ബേനിയന്‍ പ്രധാനമന്ത്രി എഡി രാമ 'നമസ്തേ' പറയുന്ന വീഡിയോ വൈറല്‍.
യൂറോപ്യൻ നേതാക്കൾക്ക് ആതിഥേയത്വം വഹിക്കവെ അൽബേനിയൻ പ്രധാനമന്ത്രി എഡി രാമ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ സ്വാഗതം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇറ്റാലിയൻ നേതാവിനെ സ്വാഗതം ചെയ്യുന്നതിനായി അദ്ദേഹം ഒരു കാലിൽ മുട്ടുകുത്തി, കൈകൾ കൂപ്പി നിൽക്കുന്നതായി വീഡിയോയിൽ കാണാം. വീഡിയോ വൈറൽ ആയതോടെ സംഭവം എലോൺ മസ്കിന് അസൂയപ്പെടുത്തി കാണും എന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടത്. നാല്പതോളം ലോക നേതാക്കൾ പങ്കെടുത്ത വേദിയിലായിരുന്നു അൽബേനിയൻ പ്രധാനമന്ത്രിയുടെ പ്രകടനം.
ടെക് കോടീശ്വരനായ എലോൺ മസ്കും ജോർജിയ മെലോണിയും തമ്മിലുള്ള പ്രണയ ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികൾ പരാമർശിച്ച് കൊണ്ടായിരുന്നു ഇത്തരത്തിൽ ഒരു അഭിപ്രായം സമൂഹ മാധ്യമങ്ങളില്‍ ഉയർന്നത്. രാഷ്ട്രീയ നിരീക്ഷകനും കമന്‍റേറ്ററുമായ ജോയി മന്നാരിനോ ആണ് എക്സിൽ ഈ വീഡിയോ പങ്കുവെച്ചത്. "ലോക നേതാക്കളിൽ നിന്ന് അങ്ങേയറ്റത്തെ ബഹുമാനം ജോർജിയ മെലോണിക്ക് ലഭിക്കുന്നു. ഇത് കാണാൻ തന്നെ മനോഹരമായ കാഴ്ചയാണ്," വീഡിയോയ്ക്ക് ഒപ്പം അദ്ദേഹം കുറിച്ചു.
വീഡിയോയിൽ ഒരു കുടയും ചൂടി ചുവന്ന പരവതാനിയുടെ ഒരുവശത്ത് നിൽക്കുന്ന അൽബേനിയൻ പ്രധാനമന്ത്രി എഡി രാമയെ കാണാം. മെലോണി അദ്ദേഹത്തെ സമീപിക്കുമ്പോൾ, ഒരു കാലിൽ മുട്ടുകുത്തി നിന്ന് കുട നിലത്ത് വെച്ച് സൗമ്യമായി പുഞ്ചിരിച്ച് കൊണ്ട് കൈകൾ കൂപ്പി അദ്ദേഹം അഭിവാദ്യം ചെയ്യുന്നു. തുടർന്ന് എഴുന്നേറ്റ് നിന്ന് മെലോണിയെ ആലിംഗനം ചെയ്ത് കൊണ്ട് അൽബേനിയൻ പ്രധാനമന്ത്രി യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂണിറ്റി (ഇപിസി) ഉച്ചകോടിയിലേക്ക് അവരെ സ്വാഗതം ചെയ്യുന്നു.
മെലോണിയെ മാത്രമല്ല, സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്ന മറ്റ് വീഡിയോകളിൽ ഫ്രാൻസിന്‍റെ ഇമ്മാനുവൽ മാക്രോണിനെയും അൽ ബേനിയൻ പ്രധാനമന്ത്രി സമാനരീതിയിൽ അഭിവാദ്യം ചെയ്യുന്നത് കാണാം. മാക്രോണിനെ കെട്ടിപ്പിടിച്ച് കൊണ്ട് "ഇതാ സൂര്യ രാജാവ്" എന്ന് എഡി രാമ പറഞ്ഞതായാണ് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം, യുക്രൈനിയന്‍ വിഷയങ്ങളാണ് ഇപിസി ഉച്ചകോടിയിലെ ചർച്ചയിൽ പ്രധാനമായും ഉയര്‍ന്ന് വന്നത്.


